Wednesday, November 27, 2013

സ്വകാര്യ കരിമണല്‍ ഖനനം അനുവദിക്കില്ല: സിപിഐ എം

ആലപ്പുഴ: കേരളത്തിന്റെ തീരപ്രദേശത്തെ ധാതുമണല്‍ നിക്ഷേപം സ്വകാര്യ മേഖലയ്ക്ക് കൊള്ളയടിക്കാന്‍ അവസരമൊരുക്കുന്ന സര്‍ക്കാര്‍ നീക്കം അനുവദിക്കില്ലെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് വ്യക്തമാക്കി.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം ആറാട്ടുപുഴ തൃക്കുന്നപ്പുഴ തീരത്തെ ധാതുമണല്‍ സമ്പത്ത് കൈയടക്കുന്നതിന് കുത്തക ഗ്രൂപ്പുകള്‍ രംഗത്തുവരിക പതിവാണ്. ഇപ്പോള്‍ ഉയര്‍ന്ന വിവാദങ്ങളും ഈ പശ്ചാത്തലത്തില്‍ കാണണം. സ്വകാര്യ മേഖലയില്‍ ഉള്‍പ്പടെ ഖനനം അനുവദിക്കാമെന്ന പരസ്യമായ നിലപാട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിച്ചു. ആറാട്ടുപുഴ ഉള്‍പ്പെടുന്ന ഹരിപ്പാട് മണ്ഡലത്തിലെ നിയമസഭാംഗമായ കെപിസിസി പ്രസിഡന്റ് ചെന്നിത്തലയാകട്ടെ സംശയാസ്പദമായ മൗനം പാലിക്കുകയും ചെയ്യുന്നു. ഇത് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഖനന വിരുദ്ധ പ്രസ്താവനകളുടെ ആത്മാര്‍ത്ഥതയെ തന്നെ ചോദ്യം ചെയ്യുന്നു. ഒരു പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയും ആവാസ വ്യവസ്ഥയും പരിഗണിക്കാതെ പ്രകൃതി സമ്പത്ത് ചൂഷണം ചെയ്യാന്‍ തീരുമാനിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും. ആറാട്ടുപുഴ തൃക്കുന്നപ്പുഴ പ്രദേശത്തെ കടലോരത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും പാരിസ്ഥിതിക സവിശേഷതയും പരിഗണിക്കാതെയുള്ള ഖനന നീക്കം എതിര്‍ക്കപ്പെടണം. കടലിനും കായലിനും ഇടയില്‍ ഒരു ചിറ പോലെ സ്ഥിതി ചെയ്യുന്ന വലിയഴീക്കല്‍ മുതല്‍ തോട്ടപ്പള്ളി വരെയുള്ള ഭൂപ്രദേശത്തെ ആവാസ വ്യവസ്ഥ പ്രത്യേകം പരിഗണിക്കണം. പൊതു സമ്പത്തായ കരിമണല്‍ നിക്ഷേപം അന്യസംസ്ഥാന ലോബികള്‍ക്ക് കടത്തികൊണ്ടുപോകാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ അവസരം ഒരുക്കുകയാണ്. അനധികൃതമായ കരിമണല്‍ കടത്ത് സംബന്ധിച്ച് കേന്ദ്ര ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കണം. കരിമണല്‍ കടത്ത് തടയാന്‍ ശക്തമായ സംവിധാനം ഉണ്ടാക്കണം. ഈ മേഖലയില്‍ പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിച്ച് രാത്രികാല പരിശോധന ശക്തമാക്കണം. വലിയഴീക്കല്‍ പൊഴിയില്‍ ആഴം കൂട്ടാന്‍ ഡ്രഡ്ജ് ചെയ്യുന്ന മണല്‍ വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ സര്‍ക്കാരില്‍ മുതല്‍ കൂട്ടാക്കണം.

ധാതുക്കള്‍ പൊതു സമ്പത്താണ്. അത് ഖനനം ചെയ്ത് മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കുമ്പോള്‍ ഉണ്ടാവുന്ന സമ്പത്ത് രാജ്യത്തിന്റെ പൊതു ഖജനാവിന് മുതല്‍കൂട്ടാകണം. എന്നാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രകൃതി വിഭവങ്ങള്‍ വന്‍തോതില്‍ കുത്തക കമ്പനികള്‍ക്ക് തീറെഴുതുകയാണ്. കൃഷ്ണ-ഗോദാവരി തീരത്ത് എണ്ണയും പ്രകൃതി വാതകവും ഖനനം ചെയ്യാനുള്ള അവകാശം റിലയന്‍സിന് നല്‍കി. കല്‍ക്കരിപാടങ്ങള്‍ ലേലം ചെയ്യാതെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും തീറെഴുതി നല്‍കി. ഇതേ പോലെ കേരള തീരത്തെ വിലമതിക്കാനാകാത്ത ധാതുമണലും സ്വകാര്യ കുത്തകകള്‍ക്ക് അടിയറവെക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ നടത്തുന്നത്. നവലിബറല്‍ നയങ്ങളൂടെ തുടര്‍ച്ചയായ ഈ നീക്കത്തിന്റെ മറവില്‍ വന്‍ അഴിമതിയും ലക്ഷ്യമിടുന്നു. രാജ്യത്തെ എല്ലാ സ്വകാര്യ വല്‍ക്കരണ നടപടികള്‍ക്ക് പിന്നിലും വന്‍ കുംഭകോണങ്ങള്‍ നടന്നുവെന്നത് ഇതിനോട് കൂട്ടിവായിക്കണം. ഖനനത്തിനെതിരെ വ്യക്തമായ നിലപാട് എടുത്ത് ജനപക്ഷത്ത് നിന്ന് പ്രതിരോധനിര തീര്‍ക്കുവാന്‍ സിപിഐ എം എന്നും മുന്നിലുണ്ടായിരുന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങളും ജനപ്രതിനിധികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും അണിനിരന്നാണ് ചെറുത്ത് നില്‍പ്പ് സംഘടിപ്പിച്ചത്. തീര പ്രദേശത്തിന്റെ ആവാസവ്യവസ്ഥ പരിഗണിക്കാതെയുള്ള ഒരു നീക്കവും തുടര്‍ന്നും അനുവദിക്കില്ല. ജനജീവിതത്തെ പ്രതിസന്ധിയിലാക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ വമ്പിച്ച ജനകീയ പ്രസ്ഥാനം ഉയര്‍ന്ന് വരണമെന്നും ജില്ലാ സെക്രട്ടറിയേറ്റിന് വേണ്ടി സെക്രട്ടറി സി ബി ചന്ദ്രബാബു അഭ്യര്‍ത്ഥിച്ചു.

deshabhimani

No comments:

Post a Comment