Thursday, November 28, 2013

മുസ്ലിംലീഗ് കുത്തക സീറ്റില്‍ എല്‍ഡിഎഫിന്റെ ഉജ്വല മുന്നേറ്റം

കണ്ണൂര്‍: നേരിയ വോട്ടിന് പരാജയപ്പെട്ടെങ്കിലും വളപട്ടണം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം. കേവലം ഒമ്പതു വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ എമ്മിലെ എം കെ ശശിധരന്‍ പരാജയപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 168 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. യുഡിഎഫിന്റെ, വിശേഷിച്ച് മുസ്ലിംലീഗിന്റെ കോട്ടയാണ് വളപട്ടണം പഞ്ചായത്ത്. തെരഞ്ഞെടുപ്പു നടന്ന വാര്‍ഡിലും ലീഗിന് നിര്‍ണായക സ്വാധീനമുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് എം ബി അബ്ദുള്‍ റഹിമാന്‍ 2005ല്‍ തെരഞ്ഞെടുക്കപ്പെട്ടത് ഈ വാര്‍ഡില്‍നിന്നായിരുന്നു. തങ്ങളുടെ കുത്തക സീറ്റില്‍ എല്‍ഡിഎഫ് നടത്തിയ അത്യുജ്വല കുതിപ്പ് ലീഗ്- കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു. സംവരണവാര്‍ഡില്‍ എം കെ ശശിധരനും യുഡിഎഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി ബാലകൃഷ്ണനും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ എല്‍ഡിഎഫിന് നൂറ് വോട്ട് വര്‍ധിച്ചപ്പോള്‍ യുഡിഎഫിന് 178 വോട്ടിന്റെ കുറവ്. പോള്‍ ചെയ്ത 415ല്‍ 212വോട്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി 203 വോട്ടു നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 103 വോട്ട് ലഭിച്ചിടത്താണ് എല്‍ഡിഎഫ് ഇത്തവണ 203 വോട്ടായി വര്‍ധിപ്പിച്ചത്. യുഡിഎഫ് ആകട്ടെ കഴിഞ്ഞ തവണത്തെ 380 വോട്ടില്‍നിന്നാണ് 212ലേക്ക് മുതലക്കൂപ്പ് കുത്തിയത്.

കേരള രാഷ്ട്രീയം എങ്ങോട്ടെന്നതിന്റെ നേര്‍ചിത്രമാണ് വളപട്ടണം ഉപതെരഞ്ഞെടുപ്പില്‍ തെളിയുന്നത്. ജനവഞ്ചനയും അഴിമതിയും വികസന മുരടിപ്പും മാത്രം കൈമുതലായുള്ള യുഡിഎഫിന്റെ കാല്‍ച്ചുവട്ടിലെ മണ്ണുപോലും ഒലിച്ചുപോകുന്നതിന്റെ സാക്ഷ്യപത്രം. വരാന്‍ പോകുന്ന രാഷ്ട്രീയമാറ്റത്തിന്റെ നാന്ദിയാണ് വളപട്ടണം ഉപതെരഞ്ഞെടുപ്പില്‍ ദൃശ്യമായതെന്ന് സിപിഐ എം കണ്ണൂര്‍ ഏരിയാ സെക്രട്ടറി എന്‍ ചന്ദ്രന്‍ പറഞ്ഞു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരിനോടുള്ള ജനങ്ങള്‍ക്കുള്ള കടുത്ത വെറുപ്പാണ് ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വാര്‍ഡിലെ മുഴുവന്‍ വീടുകളിലും കയറി വോട്ടര്‍മാരെ അഭിവാദ്യം ചെയ്തു. സിപിഐ എം വളപട്ടണം ലോക്കല്‍ സെക്രട്ടറി എ എന്‍ സലീം, എല്‍ വി മുഹമ്മദ്, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കെ മുസ്തഫ, കണ്‍വീനര്‍ കെ വി ഷക്കീല്‍ എന്നിനരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മുന്‍മന്ത്രി കെ കുഞ്ഞമ്പുവിന്റെ മകനാണ് തെരഞ്ഞെടുക്കപ്പെട്ട വി ബാലകൃഷ്ണന്‍.

തൊടിയൂരില്‍ 7576 വോട്ട് ഭൂരിപക്ഷം: ത്രിതല സമിതി: ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ഉള്‍പ്പെടെ എല്‍ഡിഎഫിനു വിജയം

കൊല്ലം: ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മൂന്നു ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് എല്‍ഡിഎഫിന് ഉജ്വല വിജയം. ഒരു സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചു. ജില്ലാ പഞ്ചായത്ത് തൊടിയൂര്‍ ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ സിപിഐ സ്ഥാനാര്‍ഥി ശ്രീലേഖ വേണുഗോപാല്‍ 7576 വോട്ടിനു ജയിച്ചു. തൃക്കോവില്‍വട്ടം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ പാങ്കോണത്ത് സിപിഐ എം സ്ഥാനാര്‍ഥി എം ശശിധരന്‍പിള്ള 332 വോട്ടുകള്‍ക്കും വിജയിച്ചു. രണ്ടു ഡിവിഷനും എല്‍ഡിഎഫ് നിലനിര്‍ത്തുകയായിരുന്നു.

മണ്‍ട്രോത്തുരുത്ത് പഞ്ചായത്തിലെ പട്ടംതുരുത്ത് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉഷാ ഷൈലോക്ക് 75 വോട്ടിനു ജയിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ ശ്രീലേഖാ വേണുഗോപാല്‍ 19693 വോട്ട് നേടി. ബി സേതുലക്ഷ്മി (കോണ്‍ഗ്രസ്) 12117, വൈ എ സമദ് (മുസ്ലിംലീഗ്) 1388, സുജിത് സുകുമാരന്‍ (ബിജെപി) 3638, അബ്ദുല്‍ ജബ്ബാര്‍ (പിഡിപി) 2362 വോട്ടുനേടി. 11 പോസ്റ്റല്‍ വോട്ടില്‍ മൂന്നെണ്ണം അസാധുവായി. ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന അഡ്വ. വേണുഗോപാല്‍ മരിച്ചതിനെ തുടര്‍ന്നാണ് തൊടിയൂര്‍ ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പു നടന്നത്. കരുനാഗപ്പള്ളി പുതിയകാവ് എസ്എന്‍ യുപി സ്കൂളിലാണ് വോട്ടെണ്ണല്‍ നടന്നത്. എട്ടിന് ആരംഭിച്ച വോട്ടെണ്ണല്‍ 10.15ന് അവസാനിച്ചു. കലക്ടര്‍ ബി മോഹനന്‍ തെരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ചതോടെ ആയിരക്കണക്കിന് എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനം നടത്തി. ശ്രീലേഖാ വേണുഗോപാല്‍ നോര്‍ത്ത് മൈനാഗപ്പള്ളി എസ്കെവി യുപി സ്കൂളിലെ അധ്യാപികയുമാണ്. പ്ലസ്ടു വിദ്യാര്‍ഥി വി എസ് അനുപമ, പത്താംക്ലാസ് വിദ്യാര്‍ഥി അനശ്വര എന്നിവര്‍ മക്കളാണ്. പാങ്കോണം വാര്‍ഡില്‍ ആകെ പോള്‍ ചെയ്ത 1220 വോട്ടില്‍ എല്‍ഡിഎഫ് 687, കോണ്‍ഗ്രസ് 357, ആര്‍എസ്പി (ബി) 124, ഡിഎച്ച്ആര്‍എം 30 വോട്ടുകള്‍ ലഭിച്ചു. സിപിഐ എം സിറ്റിങ് വാര്‍ഡായ പാങ്കോണത്ത് മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികം വോട്ട് നേടിയാണ് സിപിഐ എം വിജയിച്ചത്. കോണ്‍ഗ്രസിലെ പി സുചീന്ദ്രനെയാണ് എം ശശിധരന്‍പിള്ള പരാജയപ്പെടുത്തിയത്.

തൊടിയൂര്‍ ഡിവിഷനിലെ വിജയം: ജില്ലാ പഞ്ചായത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരം

കൊല്ലം: തൊടിയൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശ്രീലേഖ വേണുഗോപാലിനു ലഭിച്ച ഉജ്വല വിജയം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹന്‍ പറഞ്ഞു. ജില്ലാപഞ്ചായത്തിനു കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ നാല് കേന്ദ്ര-സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചു. ജില്ലയുടെ പൊതു വികസനത്തിനു വേണ്ടി പ്രത്യേകം പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരുന്നത്. തൊടിയൂര്‍ ജില്ലാപഞ്ചായത്ത് ഡിവിഷനിലെ രണ്ടു പഞ്ചായത്ത് രണ്ടു കേന്ദ്രമന്ത്രിമാരുടെ മണ്ഡലത്തില്‍ ഉള്‍പ്പെട്ടവയാണ്. വികസനവിഷയങ്ങളില്‍ അവര്‍ക്കെതിരായ ജനവിധികൂടിയാണ് ഈ പഞ്ചായത്തുകളില്‍ ഉണ്ടായത്. 2010 ഒക്ടോബറിലെ തെരഞ്ഞെടുപ്പില്‍ 1611 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച സ്ഥാനത്ത് ഇപ്പോള്‍ 7576 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശ്രീലേഖ വേണുഗോപാലിനെ ബഹുഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച വോട്ടര്‍മാരെ എസ് ജയമോഹന്‍ അഭിനന്ദിച്ചു.

പൈവളിഗെയില്‍ എല്‍ഡിഎഫിന് ജയം

കാസര്‍കോട്: ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് പഞ്ചായത്തു വാര്‍ഡുകളില്‍ ഓരോന്ന് വീതം എല്‍ഡിഎഫും യുഡിഎഫും നേടി. രണ്ട് സീറ്റും അതത് മുന്നണികള്‍ നിലനിര്‍ത്തി. പൈവളിഗെ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് ശിരന്തടുക്കയില്‍ സിപിഐ എം സ്ഥാനാര്‍ഥി എം പി റസിയ 122 വോട്ടിന് വിജയിച്ച് സീറ്റ് നിലനിര്‍ത്തി. മുമ്പ് ജയിച്ച താഹിറ സര്‍ക്കാര്‍ ജോലികിട്ടി രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ നടന്നത്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. പടന്ന പഞ്ചായത്തിലെ നാലാം വാര്‍ഡ് മുസ്ലിംലീഗ് നിലനിര്‍ത്തി. ടി എം സി കുഞ്ഞബ്ദുല്ല 598 വോട്ടിനാണ് ജയിച്ചത്.

നെയ്യാറ്റിന്‍കര നഗരസഭ: പത്താംകല്ലില്‍ എല്‍ഡിഎഫിന് ഉജ്വലവിജയം

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭയില്‍ പത്താംകല്ല് വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്വലവിജയം. സിപിഐയിലെ ആര്‍ എസ് രാജേഷ് 261 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബിജെപിയുടെ പിന്തുണയില്‍ മത്സരിച്ച സുരേഷ് 318 വോട്ട് കരസ്ഥമാക്കിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മോഹന്‍ലാല്‍ 184 വോട്ട് നേടി മൂന്നാംസ്ഥാനത്താണ്. ഫലപ്രഖ്യാപനത്തിന് ശേഷം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ടൗണ്‍ ചുറ്റി പ്രകടനം നടത്തി. നെയ്യാറ്റിന്‍കര നഗരസഭയില്‍ നടക്കുന്ന അഴിമതികളുടെയും ക്രിമിനലുകളുടെ ഭരണവുംകൊണ്ട് പൊറുതിമുട്ടിയ നഗരവാസികള്‍ കോണ്‍ഗ്രസിന്റെ യഥാര്‍ഥമുഖം തിരിച്ചറിഞ്ഞതിന്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും ഈ വിജയത്തില്‍ മുനിസിപ്പല്‍ പ്രതിപക്ഷനേതാവ് കെ ആന്‍സലന്‍, തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ബി എസ് ചന്തു എന്നിവര്‍ വോട്ടര്‍മാരെ അഭിനന്ദിച്ചു.

ഉപതെരഞ്ഞെടുപ്പ്: ചൊവ്വന്നൂരിലും ഒരുമനയൂരിലും സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു

കുന്നംകുളം/ചാവക്കാട്: ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം. രണ്ടുസീറ്റും യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കുന്നംകുളത്തെ ചൊവ്വന്നൂര്‍, ചാവക്കാട്ടെ ഒരുമനയൂര്‍ എന്നീ പഞ്ചായത്തുകളിലെ ഓരോ വര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പു നടന്നത്. ഇതോടെ ഒരുമനയൂര്‍ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് ലഭിക്കും. ചൊവ്വന്നൂര്‍ പഞ്ചായത്തിലെ പുതുശേരി എട്ടാം വാര്‍ഡില്‍ സിപിഐ എമ്മിലെ പി കെ ശാന്ത 240 വോട്ടിനാണ് കോണ്‍ഗ്രസിലെ മിജി ലോറന്‍സിനെ പരാജയപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ എട്ടിന് ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലായിരുന്നു വോട്ടെണ്ണല്‍. ആകെയുള്ള 1099 വോട്ടര്‍മാരില്‍ 883 പേര്‍ വോട്ട് രേഖപ്പെടുത്തി. പി കെ ശാന്തക്ക് 541ഉം, മിജി ലോറന്‍സിന് 301ഉം സ്വതന്ത്ര സ്ഥാനാര്‍ഥി ഓമന രാജന് 41ഉം വോട്ട് ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെനിന്നും വിജയിച്ച കോണ്‍ഗ്രസിലെ ചിത്ര വിനോബാജിയെ കൂറുമാറ്റ നിയമംമൂലം തെരഞ്ഞെടുപ്പ് കമീഷന്‍ അയോഗ്യയാക്കിയതിനെത്തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഡെപ്യൂട്ടി തഹസില്‍ദാര്‍ സി ജയന്‍ മുഖ്യ വരണാധികാരിയായി. ആഹ്ലാദ സൂചകമായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

ഒരുമനയൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ എമ്മിലെ വി എം ജാഷിം 27 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കാട്ടതറക്കല്‍ ഹംസയെ പരാജയപ്പെടുത്തിയത്. പഞ്ചായത്ത് പ്രസിഡന്റുമായുള്ള അധികാര വടംവലിയെത്തുടര്‍ന്ന് ഏഴാം വാര്‍ഡ് അംഗവും ചാവക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമായ ജമാല്‍ പെരുമ്പാടി രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. വെല്‍ഫെയര്‍ പാര്‍ടിയുടെയും പിഡിപിയുടെയും സ്ഥാനാര്‍ഥികളായി പി കെ നൂറുദ്ദീനും വി കെ ശ്രീധരനും മത്സരരംഗത്തുണ്ടായിരുന്നു. ആകെയുള്ള 623 വോട്ടുകളില്‍ 488 വോട്ടുകള്‍ പോള്‍ചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 242 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 215 വോട്ടും ലഭിച്ചു. പതിമൂന്നംഗ പഞ്ചായത്ത് ഭരണസമിതിയില്‍ ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് ഭരണം. ഉപതെരഞ്ഞെടുപ്പോടെ അംഗബലം എല്‍ഡിഎഫിന് ഏഴും യുഡിഎഫിന് ആറും ആയി. ജാഷിം വിജയിച്ചതില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി.

യുഡിഎഫിനെ ഉലച്ച് ഉപതെരഞ്ഞെടുപ്പുഫലം

തൃശൂര്‍: ജില്ലയില്‍ യുഡിഎഫിന്റെ അടിത്തറ ഇളകുന്നുവെന്നതിന്റെ ഒടുവിലത്തെ തെളിവാണ് രണ്ട് പഞ്ചായത്ത് വാര്‍ഡുകളില്‍ ഉണ്ടായ ഉപതെരഞ്ഞെടുപ്പുഫലം. ഒരുമനയൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡിലും ചൊവന്നൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡിലുമാണ് എല്‍ഡിഎഫ് തകര്‍പ്പന്‍ വിജയം നേടിയത്. ഈ ഉപതെരഞ്ഞെടുപ്പോടെ ഒരു പഞ്ചായത്തില്‍കൂടി യുഡിഎഫിന് ഭരണം നഷ്ടമായി. ചൊവ്വന്നൂരില്‍ ബിജെപി, എസ്ഡിപിഐ വര്‍ഗീയവാദികളുമായി കൂട്ടുചേരുന്ന കോണ്‍ഗ്രസ് നിലപാടിനെതിരായ വിധിയെഴുത്തുകൂടിയായി ഉപതെരഞ്ഞെടുപ്പു ഫലം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായിരുന്നു ജില്ലയില്‍ ആധിപത്യം. തുടര്‍ന്നു നടന്ന 24 ഉപതെരഞ്ഞെടുപ്പുകളില്‍ 16ലും വിജയിച്ചത് എല്‍ഡിഎഫ്. ഇതില്‍ കൂടുതലും യുഡിഎഫില്‍നിന്ന് സീറ്റ് പിടിച്ചെടുത്തുകൊണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഒരുമനയൂരിലും ചൊവ്വന്നൂരിലും ഉണ്ടായത്.

കഴിഞ്ഞ സെപ്തംബറില്‍ അഞ്ചു വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്നിലും വിജയിച്ചത് എല്‍ഡിഎഫ് ആണ്. കൊടകര പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് പിടിച്ചടക്കിയതോടെ കോണ്‍ഗ്രസിന് പഞ്ചായത്തില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടുവെങ്കിലും ജനാധിപത്യ മര്യാദകള്‍ ലംഘിച്ച് അധികാരത്തില്‍ കടിച്ചുതൂങ്ങുകയാണ്. പാഞ്ഞാള്‍ പഞ്ചായത്തിലെ രണ്ടാംവാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയില്‍നിന്നാണ് സിപിഐ എം സീറ്റ് പിടിച്ചെടുത്തത്. ചേര്‍പ്പ് പഞ്ചായത്തിലെ നാലാം വാര്‍ഡിലും പതിനഞ്ചാം വാര്‍ഡിലും നടന്ന ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തു. ഉപതെരഞ്ഞെടുപ്പു നടന്ന രണ്ടു നഗരസഭ വാര്‍ഡുകളിലും എല്‍ഡിഎഫ് തന്നെയാണ് വിജയിച്ചത്. ഗുരുവായൂര്‍ നഗരസഭയില്‍ രണ്ടു വാര്‍ഡുകളിലും എല്‍ഡിഎഫിന്റെ ഭൂരിപക്ഷം വന്‍തോതില്‍ ഉയര്‍ത്തിക്കൊണ്ടാണ് സീറ്റുകള്‍ നിലനിറുത്തിയത്.

യുഡിഎഫ് സീറ്റ് നിലനിര്‍ത്തി 

മലപ്പുറം: ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റ് നിലനിര്‍ത്തി. കോണ്‍ഗ്രസും മുസ്ലിംലീഗും രണ്ടുവീതം സീറ്റുകളില്‍ വിജയിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യുഡിഎഫ് വോട്ടില്‍ വന്‍ ചോര്‍ച്ചയുണ്ടായി. രണ്ടിടത്ത് നേരിയ ഭൂരിപക്ഷത്തിനാണ് വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ നാലിടത്തും വന്‍ മുന്നേറ്റം നടത്തി. തിരൂര്‍ നഗരസഭാ അഞ്ചാം വാര്‍ഡായ പെരുവഴിയമ്പലം ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിയ ഭൂരിപക്ഷത്തിനാണ് സീറ്റ് നിലനിര്‍ത്തിയത്. മുസ്ലിംലീഗിലെ വി പി മിസ്ഹാബ് 44 വോട്ടിനാണ് വിജയിച്ചത്. മുസ്ലിംലീഗിലെ എ കോയക്കുട്ടിഹാജിയുടെ നിര്യാണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 857 വോട്ട് പോള്‍ചെയ്തതില്‍ മിസ്ഹാബ് 328 വോട്ടും ലീഗ് വിമത സ്ഥാനാര്‍ഥിയായി മത്സരിച്ച കുളങ്ങരവീട്ടില്‍ മുഹമ്മദ്കുട്ടി 284 വോട്ടും ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥി പി ടി അഹമ്മദ്കബീര്‍ 194 വോട്ടും വെല്‍ഫെയര്‍ പാര്‍ടി സ്ഥാനാര്‍ഥി കെ വി ഹനീഫ 51 വോട്ടും നേടി. കഴിഞ്ഞതവണ 268 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലീഗ് സ്ഥാനാര്‍ഥി ഇവിടെ വിജയിച്ചത്

മാറാക്കര പഞ്ചായത്തിലെ 17þാം വാര്‍ഡ് കല്ലാര്‍മംഗലം ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ വി പി ബഷീര്‍ 267 വോട്ടിന് വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി ജാബിറിന് 433 വോട്ട് ലഭിച്ചു. ആകെ 1133 പേരാണ് വോട്ട്ചെയ്തത്. കോണ്‍ഗ്രസിലെ വി മധുസൂദനന്‍ രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫിന് കഴിഞ്ഞതവണ ലഭിച്ച വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ട് നേടാനായി. തൃക്കലങ്ങോട് പഞ്ചായത്തിലെ 21þാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ വി സഞ്ജീവ്കുമാര്‍ വിജയിച്ചു. 88 വോട്ടാണ് ഭൂരിപക്ഷം. ആകെ പോള്‍ചെയ്ത 1204 വോട്ടില്‍ 601 വോട്ട് യുഡിഎഫ് നേടി. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. കെ ബാലചന്ദ്രന് 513 വോട്ട് ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥി 90 വോട്ട് നേടി. കഴിഞ്ഞതവണ 419 വോട്ടായിരുന്നു യുഡിഎഫ് ഭൂരിപക്ഷം. എല്‍ഡിഎഫിന് അന്ന് 283 വോട്ട് മാത്രമാണ് നേടാനായത്. ഇത്തവണ എല്‍ഡിഎഫ് വന്‍ മുന്നേറ്റം നടത്തി. പൊന്നാനി നഗരസഭ 34þാം വാര്‍ഡ് വണ്ടിപ്പേട്ടയില്‍ മുസ്ലിംലീഗിലെ ഷഹനാസ് ഹൈദരലി 13 വോട്ടിനാണ് ജയിച്ചത്. ആകെ പോള്‍ചെയ്ത 988 വോട്ടില്‍ ഷഹനാസ് ഹൈദരലി 483 വോട്ട് നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി എല്‍ഡിഎഫിലെ മേപ്പറമ്പത്ത് പ്രകാശന്‍ 470 വോട്ട് നേടി. വെല്‍ഫെയര്‍ പാര്‍ടി സ്ഥാനാര്‍ഥിക്ക് 35 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തവണ 420 വോട്ടിനാണ് ഈ വാര്‍ഡില്‍ യുഡിഎഫ് ജയിച്ചത്

deshabhimani

No comments:

Post a Comment