Tuesday, November 26, 2013

കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനിലെ ക്രമക്കേട് അന്വേഷിക്കാന്‍ ഉത്തരവ്

കൊച്ചി: കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര കോംപറ്റീഷന്‍ കമീഷന്‍ ഉത്തരവ്. പല നിര്‍മാണപ്രവൃത്തികളും ഏറ്റെടുക്കാതെ സ്വകാര്യ കരാറുകാര്‍ക്ക് കരാര്‍ മറിച്ചുനല്‍കുന്നത് വ്യാപകമായതിനെത്തുടര്‍ന്നാണ് നടപടി. കോര്‍പറേഷനു നല്‍കിയ ആനുകൂല്യങ്ങള്‍ ദുര്‍വിനിയോഗംചെയ്തതായി ആക്ഷേപമുയര്‍ന്നിരുന്നു. ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണകമീഷനെ നിയമിച്ചത്.

സംസ്ഥാനസര്‍ക്കാരിന്റെ നിര്‍മാണപ്രവൃത്തികള്‍ നടത്തുന്ന സ്ഥാപനമാണ് കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം സര്‍ക്കാരിന്റെ ഒരു നിര്‍മാണപ്രവൃത്തിയും കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ഏറ്റെടുത്തിട്ടില്ല. കമ്മീഷന്‍ വാങ്ങി കരാറുകള്‍ സ്വകാര്യവ്യക്തികള്‍ക്ക് മറിച്ചുനല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഖജനാവിന് 104.81 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് 2012ല്‍ എജി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സര്‍ക്കാര്‍ ആനുകൂല്യങ്ങളും കോര്‍പറേഷന്‍ ദുര്‍വിനിയോഗംചെയ്തതായും കണ്ടെത്തിയിരുന്നു.

പത്തു ശതമാനം തുക കുറച്ചാണ് സര്‍ക്കാര്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന് കരാര്‍ നല്‍കുന്നത്. നിരതദ്രവ്യത്തിലും ബാങ്ക് സെക്യൂരിറ്റിയിലും ഇളവും ലഭിച്ചിരുന്നു. സ്വകാര്യ കരാറുകാര്‍ക്ക് 2.50 ശതമാനം നിരതദ്രവ്യവും 10 ശതമാനം ബാങ്ക് സെക്യൂരിറ്റിയും നല്‍കണം. കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന് ഇതിലുള്ള ഇളവുകൂടാതെ 20 ശതമാനം മൊബിലൈസേഷന്‍ ഫീസും ലഭിച്ചിരുന്നു. കരാറുകാര്‍ക്ക് പദ്ധതികള്‍ മറിച്ചുനല്‍കി അഞ്ചു ശതമാനം ലാഭം കോര്‍പറേഷന്‍ നേടി. ഒരുകോടി രൂപയുടെ പദ്ധതി 1.10 കോടിക്ക് ഏറ്റെടുത്ത് 1.5 കോടിക്ക് സ്വകാര്യ കരാറുകാര്‍ക്ക് മറിച്ചുകൊടുക്കുകയായിരുന്നു.

സര്‍ക്കാരിന് ഇതിന്റെ ചെറിയ വിഹിതംപോലും കിട്ടിയില്ല. യോഗ്യതയില്ലാത്ത കരാറുകാരെ ജോലി ഏല്‍പ്പിച്ചതിനാല്‍ അവ ഗുണനിലവാരമില്ലാത്തവയുമായി. ചില കരാറുകാര്‍ നിര്‍മാണം പാതിവഴിയില്‍ നിര്‍ത്തി. റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി കേരള(റിക്ക്)യുടെ 330 കോടി രൂപയുടെ പദ്ധതി ഏറ്റെടുക്കാതെ മറിച്ചുനല്‍കിയതില്‍ അഴിമതിയുണ്ടെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. സംസ്ഥാനത്തെ പുതിയ പാലങ്ങളും റോഡുകളും നിര്‍മിക്കാന്‍ കോര്‍പറേഷന്‍ കരാറെടുത്തില്ല. യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം 128 പ്രവൃത്തികള്‍ മറിച്ചുനല്‍കി.

കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ കമ്മീഷന്‍ ഏജന്‍സിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അക്കൗണ്ടന്റ് ജനറല്‍ കണ്ടെത്തിയിരുന്നു. പൊതുമരാമത്ത് പ്രവൃത്തികള്‍ സ്വകാര്യ കരാറുകാര്‍ക്ക് നല്‍കിയതിലൂടെ സര്‍ക്കാരിനുണ്ടായ നഷ്ടം കോര്‍പറേഷനില്‍ നിന്ന് തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബില്‍ഡേഴ്സ് അസോസിയേഷന്‍ കേന്ദ്ര കോംപറ്റീഷന്‍ കമീഷന് പരാതി നല്‍കിയത്. കമീഷന്‍ ചെയര്‍പേഴ്സണ്‍ അശോക് ചാവ്ലയാണ് അന്വേഷണകമീഷനെ നിയമിച്ചത്.
(സി എന്‍ റെജി)

deshabhimani

No comments:

Post a Comment