മലങ്കാടിന് കസ്തൂരിഗന്ധം വന്നപ്പോള്‍ സന്ദേഹം സ്വാഭാവികം. പശ്ചിമഘട്ടവും ബാഹ്യാകാശവും തമ്മില്‍ ഇങ്ങനെ അടുത്തതെങ്ങനെ. മാധവ് ഗാഡ്ഗില്‍ പുണെയില്‍ മരവും മലയും കണ്ടുവളര്‍ന്നവന്‍. ഗാഡ്ഗില്‍ ഏത് റിപ്പോര്‍ട്ടെഴുതിയാലും പ്രകൃതിയിലേക്ക് ചായും. ശുദ്ധവെജിറ്റേറിയന്‍. മനുഷ്യനെ കൊന്നാലോ മൃഗത്തെ കൊന്നാലോ മഹാപാപമെന്ന് ചോദിച്ചാല്‍ മൃഗഹിംസ പാപങ്ങളില്‍ മഹാപാപമാണെന്നു മൊഴിഞ്ഞ് നോണ്‍വെജിറ്റേറിയനാകും. മരവുരിയും ഫലമൂലഭോജനവുമായി പശ്ചിമഘട്ട മലനിരയില്‍ പ്രാചീന മനുഷ്യന്റെ ഗുഹാജീവിതം പുനഃസൃഷ്ടിക്കാന്‍ കൊതിക്കുന്ന മഹാന്മാര്‍ക്ക് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മാഗ്നാകാര്‍ട്ടതന്നെ. അതുപോലെ കടുപ്പിക്കാതെ, മരക്കവിത പാടാതെ, മണ്ണും മനുഷ്യനും ഒന്നിക്കുമ്പോഴാണ് പ്രകൃതി പൂത്ത് തളിര്‍ക്കുകയെന്ന് തിരിച്ചറിയുന്നവര്‍ക്ക് ഗാഡ്ഗിലിനോട് ബഹുമാനംതന്നെ. പക്ഷേ, ആ റിപ്പോര്‍ട്ട് ചതുര്‍ഥിയാണ്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എങ്ങനെ നാട്ടില്‍ നടപ്പാക്കാമെന്ന് ശങ്കിച്ചുനില്‍ക്കുമ്പോഴാണ് നോര്‍ത്ത് ബ്ലോക്കില്‍ കസ്തൂരി മണക്കുന്നല്ലോ കാറ്റേ എന്ന ഗാനം ഉയര്‍ന്നുപൊന്തിയത്. കസ്തൂരിരംഗന്‍ എന്ന പേരുകേട്ടാല്‍ എല്ലാവരും തമിഴ്നാട്ടിലേക്കാണ് നോക്കുക. സാക്ഷാല്‍ കസ്തൂരിരംഗന്‍ പക്ഷേ, കൊച്ചിക്കാരനാണ്. എറണാകുളത്ത് ജനിച്ചുവളര്‍ന്ന് ആകാശംമുട്ടെ വളര്‍ന്ന മലയാളമകന്‍. "പത്മ" കിട്ടി മരണത്തിന് വെടിപൊട്ടിക്കാന്‍ കോടികള്‍ ചാക്കിലാക്കി കൊടുക്കുന്ന നാട്ടില്‍, മൂന്ന് "പത്മ" തലയില്‍ ചൂടിയ ശാസ്ത്രവിഭൂഷണ്‍. പത്മശ്രീയും ഭൂഷണും വിഭൂഷണും ആസൂത്രണകമീഷന്‍ അംഗത്വവും മുടിയില്‍ചൂടുന്ന മാനവകുലേന്ദ്രന്‍. ബഹിരാകാശത്ത് ഭാരതപതാക പാറിച്ച് മഹത്വപദവി സിദ്ധിച്ച അയ്യര്‍. രാജ്യസഭയിലും രാജ്യാന്തരസദസ്സിലും മഹത്വപ്പെട്ടവന്‍. ബഹിരാകാശത്തുനിന്ന് നോക്കിയാല്‍ കേരളം ഇന്ത്യയുടെ ഒരറ്റത്ത് കോലുപോലൊരു ദേശം. അതിനുമപ്പുറം കന്യാകുമാരി ക്ഷിതിയാദിയായി ഗേറ്റ്വേ ഓഫ് ഇന്ത്യ അന്തമായി തെക്കുവടക്കുനീളെ പരന്നുകിടക്കുന്ന പശ്ചിമഘട്ടം. മലയും പുഴയും ചേര്‍ന്ന പശ്ചിമഘട്ടത്തെ എങ്ങനെ സംരക്ഷിക്കണമെന്ന് കസ്തൂരി മണക്കുന്ന ചോദ്യമായി ഉയര്‍ന്നത് വളരെ പെട്ടെന്നായിരുന്നു.
മരം വെട്ടരുത്, മണ്ണ് കിളയ്ക്കരുത്, മാവേല്‍ കല്ലെറിയരുത്- പ്രകൃതി സംരക്ഷിക്കാന്‍ ഉത്തമമാര്‍ഗം അതെന്ന് മരമൗലികവാദികള്‍ വിധിക്കുന്നു. കസ്തൂരിരംഗന് അത് നിഷേധിക്കാന്‍ നട്ടെല്ലുറപ്പില്ല. ഒരുകണക്കിന് അതേ പറ്റൂ. പ്രകൃതിയോ മനുഷ്യനോ വേണ്ടതെന്ന് ചോദിച്ചാല്‍ പ്രകൃതി മതിയെന്നതാണ് മരമൗലികത. അങ്ങനെ പറഞ്ഞില്ലെങ്കില്‍ ഏത് മഹാനും ക്വാറി, മണല്‍, റിസോര്‍ട്ട്, റിയല്‍ എസ്റ്റേറ്റ്, വനം മാഫിയയാകും. പാവപ്പെട്ട ശാസ്ത്രജ്ഞന്‍, ലോകോത്തര പദവികള്‍ സ്വന്തമായുള്ള മാന്യന്‍- പ്രകൃതിവിരുദ്ധനെന്ന് പേരുകേള്‍ക്കേണ്ട ഒരു കാര്യവുമില്ല. കസ്തൂരിരംഗന്‍ പറഞ്ഞത് പലതും പതിരല്ല. എന്നാല്‍, തോപ്രാംകുടിയിലോ തിരുനെല്ലിയിലോ ഉള്ള റബറിനെയും നെല്ലിനെയും മണ്ണിന്റെ മണമുള്ള മനുഷ്യനെയും കണ്ടിട്ടില്ല. അതാണ് പ്രശ്നം. മരവും മലയും മണ്ണിന്റെ മണവും മനുഷ്യനും ഒന്നിച്ചുപോകണമെന്ന പാഠം പഠിച്ച് റിപ്പോര്‍ട്ട് തിരുത്തിയാല്‍ "പത്മ"യേക്കാള്‍ പളപളപ്പുള്ള പുരസ്കാരം വേറെ ലഭിക്കാവുന്നതേയുള്ളൂ.
സൂക്ഷ്മന്‍ deshabhimani
No comments:
Post a Comment