കളമശേരി സ്വദേശി എന്‍ എ ഷരിഫയുടെ ഭൂമിയുടെ പേരില്‍ വ്യാജതണ്ടപ്പേര്‍ ഉണ്ടാക്കിയതായും തിരുവനന്തപുരം കടകംപള്ളിയില്‍ റവന്യുരേഖകളില്‍ തിരിമറി നടത്തിയതായും റവന്യൂസെക്രട്ടറി കണ്ടെത്തി. വ്യാജ തണ്ടപ്പേര്‍ ഉണ്ടാക്കിയതില്‍ തൃക്കാക്കര നോര്‍ത്ത് വില്ലേജ് ഓഫീസര്‍ കെ എസ് സാബു, കണയന്നൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ കൃഷ്ണകുമാരി എന്നിവര്‍ റവന്യുരേഖകള്‍ സംബന്ധിച്ച തെറ്റിദ്ധാരണജനകവും ക്രമവിരുദ്ധവുമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി. റവന്യൂനിയമത്തിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ച ഈ ഉദ്യോഗസ്ഥര്‍ വസ്തുതകള്‍ പരിശോധിക്കുകയോ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കോടതിവിധികള്‍ കണക്കിലെടുക്കുകയോ ചെയ്തില്ല. തണ്ടപ്പേര്‍ റദ്ദാക്കാന്‍ വില്ലേജ് ഓഫീസറും അഡീഷണല്‍ തഹസില്‍ദാരും തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ എറണാകുളം കലക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട്, ലാന്‍ഡ് റവന്യു ഡെപ്യൂട്ടി കലക്ടര്‍ എന്നിവര്‍ പരിശോധിക്കാതെയാണ് തുടര്‍നടപടികള്‍ക്ക് ലാന്‍ഡ് റവന്യു കമീഷണറേറ്റിലേക്ക് അയച്ചത്. ഭൂമിയുടെ തണ്ടപ്പേര്‍ റദ്ദാക്കാന്‍ ലാന്‍ഡ് റവന്യൂ അസി. കമീഷണര്‍ ഫയലില്‍ രേഖപ്പെടുത്തിയത് ലാന്‍ഡ് റവന്യൂ കമീഷണറുമായി കൂടിയാലോചിക്കാതെയാണ്. വില്ലേജ് ഓഫീസറുടെയും അഡീഷണല്‍ തഹസില്‍ദാരുടെയും റിപ്പോര്‍ട്ട് മാത്രം അടിസ്ഥാനമാക്കിയായിരുന്നു ഇത്.
റവന്യു ഉദ്യോഗസ്ഥരുടെ വീഴ്ചകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് എറണാകുളം കലക്ടറും ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം കടകംപള്ളിയില്‍ 72 വര്‍ഷമായി ശൂന്യ തണ്ടപ്പേരിലായിരുന്ന സ്ഥലത്തിന് 2008നുശേഷമാണ് തണ്ടപ്പേര്‍ ഉണ്ടാക്കിയത്. തണ്ടപ്പേര്‍ സംബന്ധിച്ച് റവന്യൂ വിജലന്‍സിന്റെ കണ്ടെത്തലുകള്‍ ശരിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. വില്ലേജ് ഓഫീസറായിരുന്ന പി എ സുബ്രഹ്മണ്യപിള്ളയാണ് ക്രമക്കേടുകളുടെ ഉത്തരവാദി. തണ്ടപ്പേര്‍ സംബന്ധിച്ച് സബ്രജിസ്ട്രാര്‍ ഓഫീസ്, താലൂക്ക് ഓഫീസ്, കലക്ടറേറ്റ് എന്നിവിടങ്ങളിലെ രേഖകള്‍ വ്യത്യസ്തമാണ്. ഭൂമിതട്ടിപ്പിന് ആരോപണം നേരിടുന്ന അഷറഫിന്റേത് വ്യാജരേഖയാണെന്നും റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അന്വേഷണത്തില്‍ വ്യക്തമായി. റവന്യു ഉദ്യോഗസ്ഥരും ഭൂമി തട്ടിപ്പുകേസില്‍ ആരോപണവിധേയനായ സലിംരാജും അടക്കം 16പേരില്‍നിന്നും തെളിവെടുത്തു. 46 രേഖകള്‍ പരിശോധിച്ചു.
(പി പി താജുദീന്‍)
deshabhimani
No comments:
Post a Comment