Saturday, November 23, 2013

ആഭ്യന്തര വകുപ്പിനെതിരെ ലീഗ് മുഖപത്രം; മറുപടിയുമായി തിരുവഞ്ചൂര്‍

ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലീഗ് മുഖപത്രം ചന്ദ്രിക. "ഈ ആലസ്യം പൊലീസിസ് ആഖാതം" എന്ന മുഖപ്രസംഗത്തിലൂടെയാണ് ചന്ദ്രിക ആഭ്യന്തര വകുപ്പിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിലുണ്ടായ ആക്രമണം നടന്നിട്ട് ഒരു മാസമായിട്ടും യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പൊലീസിന് കഴിയാത്തത് നിയമ ഭരണത്തിലുള്ള വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ഹൈക്കോടതി ഇക്കാര്യം പരാമര്‍ശിച്ചതും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കേരളാ പൊലീസ് സേനയുടെ വിശ്വാസ്യതക്ക് കോട്ടം തട്ടുന്ന ചില സംഭവങ്ങള്‍ അങ്ങിങ്ങായി അരങ്ങേറുന്നുണ്ട്. ഇതില്‍ അവസാനത്തേതാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ വനിതാ പൊലീസ് വാര്‍ഡന്‍ ആക്രമിക്കപ്പെട്ടത്. സ്വന്തം സേനയിലെ ഒരു വനിതാ അംഗം നടുറോഡില്‍ പരസ്യമായി ആക്രമിക്കപ്പെട്ടിട്ടും പ്രതിക്കെതിരെ ശക്തമായ നടപടികള്‍ക്ക് പൊലീസിലെ ചിലര്‍ വിസമ്മതിച്ചു. മാധ്യമങ്ങള്‍ ശക്തമായി ഇടപെട്ടതിന്റെ ഫലമായി പ്രതി പൊലീസില്‍ ഹാജരായി. പ്രതിയെ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് പോലും തടയാന്‍ ശ്രമമുണ്ടായി. കൂടാതെ കേസുമായി ബന്ധപ്പെട്ട് വ്യക്തമായ കാര്യങ്ങളല്ല രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ആര്‍ക്ക് വേണ്ടിയാണ് ഇതെല്ലാം എന്നതാണ് വലിയ ചോദ്യം തുടങ്ങി പൊലീസ് സേനയ്ക്കും ആഭ്യന്തര വകുപ്പിനുമെതിരെ അതിശക്തമായ വിമര്‍ശനമാണ് ലീഗ് പത്രം ഉയര്‍ത്തിയിരിക്കുന്നത്.

അതേസമയം ലീഗ് മുഖപത്രത്തിലെ വിമര്‍ശനത്തിന് മറുപടിയുമായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തെത്തി. വിവിധ കേസുകളില്‍ ആഭ്യന്തര വകുപ്പ് നടത്തുന്ന അന്വേഷണത്തെ ഭയക്കുന്നവരാണ് വിമര്‍ശവുമായി രംഗത്തുവരുന്നതെന്നാണ് തിരുവഞ്ചൂരിന്റെ പ്രതികരണം. ചന്ദ്രികയിലെ മുഖപ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കണ്ണൂര്‍ സംഭവത്തിലും ചന്ദ്രശേഖരന്‍ വധക്കേസിലുമെല്ലാം സ്വതന്ത്രവും സുതാര്യവുമായ അന്വേഷണമാണ് നടക്കുന്നതെന്നും യാതൊരുവിധ ബാഹ്യ ഇടപെടലും ഇക്കാര്യത്തില്‍ നടക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. അത്തരത്തിലുള്ള ഇടപെടലുകള്‍ക്കുള്ള സാഹചര്യം ഒഴിവാക്കിയാണ് അന്വേഷണം നടക്കുന്നത്. ഇതിനെ ചിലര്‍ ഭയക്കുന്നുണ്ടെന്നും അവരാണ് ഇപ്പോള്‍ വിമര്‍ശം ഉന്നയിക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അന്വേഷണം നടക്കുന്നത് കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

deshabhimani

No comments:

Post a Comment