പ്ലീനം എല്ലാ തലത്തിലുമുള്ള സംഘടനാപരമായ കാര്യങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്യും. പ്രശ്നങ്ങളെ അടിസ്ഥാനപരമായി പരിശോധിച്ച് ഏതെല്ലാം മേഖലകളിലാണ് തിരുത്തല്‍ വേണ്ടതെന്ന് കണ്ടെത്തും. 2012 നവംബറില്‍ നടന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ പാര്‍ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ടില്‍ എട്ടര കോടി അംഗങ്ങള്‍ കമ്യൂണിസ്റ്റ് മൂല്യങ്ങളെ സ്വയംപ്രതിരോധിക്കേണ്ടതിനെക്കുറിച്ച് ചൂണ്ടിക്കാണിക്കുന്നുണ്ട്. അസഹിഷ്ണുത, ആര്‍ഭാടജീവിതം, ഉദ്യോഗസ്ഥസ്വഭാവം, സ്വജനപക്ഷപാതം, വഴിവിട്ടരീതികള്‍ എന്നിവ തിരുത്തുന്നതിനാവശ്യമായ ഒരുവര്‍ഷം നീണ്ട പ്രക്രിയക്ക് ജൂലൈയില്‍ തുടക്കം കുറിച്ചു. ചൈനയിലേതുപോലുള്ള വലിയ പാര്‍ടിയല്ല നമ്മുടേത്. എന്നാല്‍ കേരളത്തിലേത് ഏറ്റവും സ്വാധീനവും അംഗബലവുമുള്ള സംസ്ഥാന ഘടകമാണ്. സംസ്ഥാനം പലതവണ നമ്മള്‍ ഭരിച്ചു. പല പൊതുസ്ഥാപനങ്ങളും ഭരിക്കുന്നു. സംഘടനാപ്രവര്‍ത്തനത്തില്‍ ആത്മാര്‍ഥതയും വിനയവും പുലര്‍ത്തണം. കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ പരിരക്ഷിക്കണം. കമ്യൂണിസ്റ്റ് രീതിക്കന്യമായ ഉദ്യോഗസ്ഥരീതി ഒഴിവാക്കണം. പ്രവര്‍ത്തനങ്ങളെ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് രീതിയില്‍ സമഗ്രമായും ക്രിയാത്മകമായും വിമര്‍ശനാത്മകമായും വിശകലനം ചെയ്യണം. വ്യതിയാനങ്ങള്‍ക്ക് വഴിപ്പെടാതെയും പാര്‍ടിയോടു കൂറുപുലര്‍ത്തിയും പി കൃഷ്ണപിള്ള, എ കെ ജി, ഇ എം എസ് എന്നിവരുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കണം- കാരാട്ട് പറഞ്ഞു.
നേട്ടങ്ങള്‍ അട്ടിമറിക്കുന്നതിനെ ചെറുത്ത് തോല്‍പ്പിക്കണം
ഇഎംഎസ് നഗര്‍: കേരളം വിവിധ കാലയളവുകളില്‍ കൈവരിച്ച നേട്ടങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കുന്നതിനെ ചെറുത്ത് തോല്‍പ്പിക്കണമെന്ന് പാര്‍ടി പ്ലീനത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച സംഘടനാരേഖ ആഹ്വാനം ചെയ്തു.
കഴിഞ്ഞ കാലങ്ങളില്‍ പാര്‍ടി നടത്തിയ ഇടപെടല്‍ കേരളീയ സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ ശ്രദ്ധേയമാണ്. ഇന്ന് നിലനില്‍ക്കുന്ന സ്ഥിതിവിശേഷത്തില്‍ സിപിഐ എം ഇടപെടല്‍ ഏത് വിധേനയായിരിക്കണമെന്ന് സെക്രട്ടറി നടത്തിയ പ്രസംഗത്തില്‍ നിര്‍ദേശങ്ങള്‍ വച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടത്തിയ സമരങ്ങള്‍ക്ക് വമ്പിച്ച ബഹുജന പിന്തുണയാണ് ലഭിച്ചത്. കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ വഴിവിട്ട് ഒരു വിദ്യാര്‍ഥിക്ക് പ്രവേശനംനല്‍കിയതിനെതിരെ നടന്ന സമരം, കുടുംബശ്രീയെ തകര്‍ക്കുന്നതിനെതിരായ സമരം, ഭൂമിക്കായി കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും നടത്തിയ സമരം, പങ്കാളിത്ത പെന്‍ഷനെതിരെ അധ്യാപകരും ജീവനക്കാരും സംഘടിപ്പിച്ച സമരം, സോളാര്‍ അഴിമതിക്കെതിരെ നടക്കുന്ന സമരം തുടങ്ങിയവയിലെല്ലാം വര്‍ധിച്ച ബഹുജന പിന്തുണയാണ് ലഭിച്ചത്. ഈ പോരാട്ടങ്ങളെ നേരിടാന്‍ സമാനതകളില്ലാത്ത അക്രമമാണ് സര്‍ക്കാര്‍ നടത്തിയത്. ഇതിനെയെല്ലാം അതിജീവിച്ചു. ഇത് കേരളത്തിലെ പാര്‍ടിയുടെ കരുത്താണ് കാണിക്കുന്നത്. ഈ കരുത്തും ബഹുജന പിന്തുണയും വര്‍ധിപ്പിക്കാന്‍ എന്ത് ചെയ്യണമെന്ന് പ്ലീനം മുഖ്യമായി ചര്‍ച്ച ചെയ്യുമെന്നും സമ്മേളന നടപടികള്‍ വിശദീകരിച്ച് പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വര്‍ഗ - ബഹുജന സംഘടനകളിലായി ഒരുകോടി 65 ലക്ഷം അംഗങ്ങളുണ്ട്. സംഘടനകളുടെ പ്രവര്‍ത്തനം ഒന്നിച്ച് വരുമ്പോള്‍ പ്രയാസം സൃഷ്ടിക്കുന്നു. ഈ പ്രവര്‍ത്തനങ്ങളില്‍ ക്രമീകരണങ്ങള്‍ വരുത്താന്‍ കഴിയണം. ട്രേഡ് യൂണിയന്‍ മേഖല കരുത്തുറ്റതാണ്. എന്നാല്‍ ചില തൊഴില്‍ മേഖലകളിലെ ഇടപെടല്‍ ദുര്‍ബലമാണ്. അതില്‍ ഇടപെട്ട് പരിഹരിക്കാന്‍ കഴിയണം. മറുനാടന്‍ തൊഴിലാളികള്‍ക്കെതിരെ നടക്കുന്ന കടുത്ത ചൂഷണത്തിന് അറുതി വരുത്താനാവണം. അവര്‍ക്കര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കണം. യുവജന-വിദ്യാര്‍ഥി മേഖലകളില്‍ ശക്തമായ ഇടപെടല്‍ വേണം. തദ്ദേശ ഭരണസ്ഥാപനങ്ങളിലെയും സഹകരണ മേഖലകളിലേയും പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്. സാന്ത്വന ചികിത്സയില്‍ കൂടതല്‍ ഇടപെടലുണ്ടാകണം. മതന്യൂനപക്ഷങ്ങളില്‍ ഒരു ചെറിയവിഭാഗത്തിന്റെ സാമ്പത്തിക നേട്ടം നോക്കി ആകെ ആക്ഷേപിക്കുന്ന നിലയുണ്ട്. ഉദാഹരണമായി മലപ്പുറം ജില്ല നിലവില്‍ വന്ന് മൂന്നര പതിറ്റാണ്ടായി. ഇപ്പോഴും ആളോഹരി വരുമാനത്തില്‍ ജില്ല 14-ാം സ്ഥാനത്താണ്. ഇതിനര്‍ഥം മഹാഭൂരിപക്ഷവും ജീവിത നിലവാരത്തില്‍ ഏറെ പിറകിലാണെന്നാണ്. സാധാരണക്കാരുടെ ജീവിത നിലവാരത്തില്‍ മാറ്റം വന്നില്ല. ഇവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തൊഴിലാളി പോരാട്ടങ്ങള്‍ക്ക് പ്ലീനം ശക്തി പകരും: വി എസ്
പാലക്കാട്: ഇന്ത്യയിലെയും കേരളത്തിലെയും തൊഴിലാളി പോരാട്ടങ്ങള്‍ക്ക് ശക്തിപകരാന്‍ സംസ്ഥാന പ്ലീനംകൊണ്ട് സാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പ്ലീനത്തിന് പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെമ്പാടും സാമ്രാജ്യത്വ, കുത്തകകള്‍ക്കെതിരെ തൊഴിലാളിപ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ശക്തമായ പോരാട്ടം നടക്കുകയാണ്. ഈ സാഹചര്യത്തില്‍ സാമ്രാജ്യത്വത്തിന്റെ ഹീനമായ നടപടിക്കെതിരെയും കുത്തകകളുടെ ചൂഷണത്തിനെതിരെയും തൊഴിലാളിപ്രസ്ഥാനങ്ങളെ ഒരുമിച്ചുചേര്‍ക്കുന്നതിനും നിരന്തരം പോരാട്ടം സംഘടിപ്പിക്കുന്നതിനും സാധിക്കണം. അതിനു ശക്തി പകരാന്‍ പ്ലീനം പ്രതിജ്ഞാബദ്ധമാണ്- വി എസ് പറഞ്ഞു.
രാഹുലും മോഡിയും ഒരേ തൂവല്‍പക്ഷികള്‍: എസ് ആര്‍ പി
പാലക്കാട്: കോര്‍പറേറ്റുകള്‍ക്കുവേണ്ടിയുള്ള നയം നടപ്പാക്കുന്നതില്‍ നരേന്ദ്രമോഡിയും രാഹുല്‍ഗാന്ധിയും ഒരേ തൂവല്‍പക്ഷികളാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. സിപിഐ എം സംസ്ഥാന പ്ലീനത്തോടനുബന്ധിച്ച് ചെറിയ കോട്ടമൈതാനത്തെ പി ഗോവിന്ദപിള്ള നഗറില്‍ "മതനിരപേക്ഷതയും ഇന്ത്യന്‍ ജാധിപത്യവും" എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോഡിയെ ഉയര്‍ത്തിക്കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. ഗുജറാത്തില്‍ മോഡിയെ തളയ്ക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന് എങ്ങനെ ദേശീയ രാഷ്ട്രീയത്തില്‍ എതിര്‍ക്കാനാവും? അപകടകരമായ പ്രവണതകളുടെ പ്രതീകമായ നരേന്ദ്രമോഡി ലക്ഷ്യമിടുന്നത് ഹൈന്ദവ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയശക്തി സമാഹരിക്കാനാണ്. അതുകൊണ്ട് മോഡിക്ക് അനുകൂലമായും പ്രതികൂലമായും ചേരിതിരിവ് ഉണ്ടാക്കുന്നു. ഇതിനു പിന്നില്‍ കോര്‍പറേറ്റുകളും അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികളും കോണ്‍ഗ്രസും ബിജെപിയുമുണ്ട്. മോഡി തരംഗം സൃഷ്ടിച്ച് ബിജെപിക്ക് അധികാരത്തിലെത്താനും മോഡിവിരുദ്ധ വികാരത്തിലൂടെ കോണ്‍ഗ്രസിന് അധികാരത്തിലെത്താനും സാധിക്കുമോ എന്നാണ് ചിന്ത. മോഡിയും രാഹുലും നടപ്പാക്കുന്ന നവ-ഉദാരവല്‍ക്കരണ നയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കലാണ് കോര്‍പറേറ്റുകളുടെ ലക്ഷ്യം. രാഷ്ട്രീയം മതത്തിലും മതം രാഷ്ട്രീയത്തിലും സ്വാധീനം ചെലുത്തുന്നത് വര്‍ധിക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതി പല വിശ്വാസങ്ങളേയും മാറ്റിമറിച്ചു. എന്നാല്‍, രാഷ്ട്രീയത്തേയും മതത്തേയും ഉപയോഗിച്ച് കഴിഞ്ഞകാല വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കുയാണ്. ഇതിന്റെ ഭാഗമായി അനാചാരവും അന്ധവിശ്വസവും പ്രചരിപ്പിക്കുന്നു.
ചരിത്രത്തിന്റെ പ്രേതപ്പറമ്പില്‍ വലിച്ചെറിഞ്ഞ വിശ്വാസങ്ങളെ യശസ്സിന്റെ പ്രതീകങ്ങളായി അവതരിപ്പിക്കുന്നു. മതാടിസ്ഥാനത്തില്‍ രാഷ്ട്രീയം വളര്‍ത്തി അധികാരം കൈയാളാനാണ് ശ്രമം. ബാബറി മസ്ജിദ് തകര്‍ത്തതോടെയാണ് ഇന്ത്യയില്‍ കലാപങ്ങളുടെ വഴിത്തിരിവായത്. ഭൂരിപക്ഷമതത്തിലെ തീവ്ര വിശ്വാസികള്‍ വിശ്വാസം അടിച്ചേല്‍പ്പിക്കുമ്പോള്‍ ന്യൂനപക്ഷമതങ്ങളിലെ തീവ്ര വിശ്വാസികളും ഈ രീതി പിന്തുടരുന്നു. ഇത് വര്‍ഗീയ ചേരിതിരിവിനു കാരണമാകുന്നു. ഇതോടെയാണ് അനാചാരങ്ങള്‍ക്ക് വലിയ സ്ഥാനം വരുന്നത്. ഇതിലൂടെ മതാടിസ്ഥാനത്തില്‍ രാഷ്ട്രീയം വളര്‍ത്തി അധികാരത്തിലേക്കു വഴിതുറക്കാന്‍ ശ്രമിക്കുകയാണ്. കോര്‍പറേറ്റുകള്‍ ആഗ്രഹിക്കുന്നതും ഈ സ്ഥിതിവിശേഷംതന്നെ. രാജ്യത്ത് നയങ്ങള്‍ തീരുമാനിക്കുന്നത് ഇപ്പോള്‍ കോര്‍പറേറ്റുകളാണ്. കോര്‍പറേറ്റുകളായ രാഷ്ട്രീയക്കാരുടെ എണ്ണം വര്‍ധിക്കുന്നു. "കോര്‍പറേറ്റുകള്‍ കോര്‍പറേറ്റുകളാല്‍ കോര്‍പറേറ്റുകള്‍ക്ക്" എന്ന രീതിയിലാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ജനാധിപത്യം.
2ജി സ്പെക്ട്രം അഴിമതിയില്‍ മുഖ്യപ്രതിയായ എ രാജയെ കേന്ദ്രമന്ത്രിയാക്കിയത് റിലയന്‍സും ടാറ്റയും ചേര്‍ന്നാണ്. നീര റാഡിയ ടേപ്പില്‍ അതാണ് സുപ്രീംകോടതിയും സിബിഐയും അന്വേഷിക്കുന്നത്. ഇന്ന് കമ്യൂണിക്കേഷന്‍നയം തീരുമാനിക്കുന്നത് കോര്‍പറേറ്റുകളാണ്. ജയ്പാല്‍ റെഡ്ഡിയെ മാറ്റി വീരപ്പമൊയ്ലിയെ പെട്രോളിയം മന്ത്രിയാക്കിയത് റിലയന്‍സാണ്. കഴിഞ്ഞ കാലത്തുണ്ടായ വലിയ അഴിമതികളില്‍ 6.25 ലക്ഷം കോടിരൂപയാണ് കോര്‍പറേറ്റുകള്‍ കൊള്ളയടിച്ചത്. ശതകോടീശ്വരന്മാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ 61ല്‍ നിന്ന് ഈ വര്‍ഷം അത് 103ആയി ഉയര്‍ന്നു. 2004മുതല്‍ 2008വരെ ഇടതുപക്ഷ പാര്‍ടികള്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയത് വര്‍ഗീയതയെ ചെറുക്കാനും പുരോഗമനത്തിനുവേണ്ടിയുമായിരുന്നു. എന്നാല്‍, ആ പിന്തുണ ഉപയോഗിച്ച് ഉദാരവല്‍ക്കരണനയങ്ങള്‍ നടപ്പാക്കാനണ് കോണ്‍ഗ്രസ് ശ്രമിച്ചത്. കോണ്‍ഗ്രസിനോ ബിജെപിക്കോ രാജ്യത്തെ പുരോഗതിയിലേക്കു നയിക്കാന്‍ കഴിയില്ല. ഇടതുപക്ഷ -മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ ഐക്യനിര പടുത്തുയര്‍ത്തിയാല്‍ മാത്രമെ ഇവരെ മാറ്റിനിര്‍ത്തി രാജ്യത്തെ രക്ഷിക്കാനാവു-എസ് ആര്‍ പി പറഞ്ഞു.
ഗുജറാത്ത് മോഡല്‍ ഇന്ത്യ മുഴുവന്‍ വ്യാപിപ്പിക്കാന്‍ നീക്കം: ആര്‍ ബി ശ്രീകുമാര്‍
പാലക്കാട്: ഹിന്ദുത്വ വര്‍ഗീയതയുടെ പരീക്ഷണശാലയായിരുന്ന ഗുജറാത്ത് ഇപ്പോള്‍ അതിന്റെ പ്രദര്‍ശനശാലയായി മാറിയിരിക്കുകയാണെന്ന് ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍. ഈ ഗുജറാത്ത് മോഡല്‍ ഇന്ത്യ മുഴുവന്‍ വ്യാപിപ്പിക്കാനാണ് ബിജെപിയും നരേന്ദ്രമോഡിയും ശ്രമിക്കുന്നത്. സിപിഐ എം സംസ്ഥാന പ്ലീനത്തിന്റെ ഭാഗമായി "മതനിരപേക്ഷതയും ഇന്ത്യന്‍ ജനാധിപത്യവും" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ വികസനം മോഡിയുടെ നേട്ടമല്ല. 1962 മുതല്‍ ക്രമാനുഗതമായി ഉണ്ടായ മാറ്റമാണ്. ഒരു മുഖംമൂടിയായി വികസനത്തെ മോഡി ഉപയോഗിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന സംസ്ഥാനമായി ഗുജറാത്ത് മാറി. 1,25,000 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. സംസ്ഥാനത്തെ 25 ശതമാനം സര്‍ക്കാര്‍ ഭൂമി കോര്‍പറേറ്റുകള്‍ക്ക് വിട്ടുകൊടുത്തു. രാജ്യത്തെ മതേതരത്വത്തിന് വലിയ ഭീഷണിയായി ഹിന്ദുവര്‍ഗീയത മാറുകയാണ്. മറ്റുള്ളവരുടെ ആരാധനാരീതിയെ തള്ളിപ്പറയാന്‍ ഹിന്ദുമതഗ്രന്ഥങ്ങളിലൊരിടത്തും പറഞ്ഞിട്ടില്ല. ഗുജറാത്ത് കലാപം ആസൂത്രിതമായിരുന്നു. ഇതില്‍ കലാപം നേരിട്ട് നടത്തിയ താഴെത്തട്ടിലുള്ള ചിലര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഗൂഢാലോചനക്കാരും ആസൂത്രകരും ഉള്‍പ്പെടെയുള്ള ഉന്നതര്‍ പിടിക്കപ്പെട്ടില്ല. ഇവര്‍ ശിക്ഷിക്കപ്പെട്ടാല്‍മാത്രമേ യഥാര്‍ഥനീതി നടപ്പായെന്നുപറയാനാകു. ജനാധിപത്യത്തെയും ഭരണകൂടത്തെയും അട്ടിമറിച്ചയാളാണ് നരേന്ദ്രമോഡി. കലാപത്തിന് സര്‍ക്കാര്‍സംവിധാനങ്ങളെയാകെ മോഡി ഉപയോഗപ്പെടുത്തി. കലാപത്തിന് കൂട്ടുനിന്നവര്‍ക്ക് പിന്നീട് ഉന്നതസ്ഥാനങ്ങള്‍ നല്‍കി. അല്ലാത്തവരുടെ സ്ഥാനക്കയറ്റവും പെന്‍ഷനും മറ്റും തടഞ്ഞ് പീഡിപ്പിച്ചു -ആര്‍ ബി ശ്രീകുമാര്‍ പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ സിപിഐ എമ്മിനൊപ്പം അണിനിരക്കണം: ഫസല്‍ ഗഫൂര്‍
പാലക്കാട്: ജാതീയമായ വേര്‍തിരിവാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അതിന് ഉത്തരവാദി കാലങ്ങളായി കേന്ദ്രം ഭരിക്കുന്നവരാണെന്നും എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ പറഞ്ഞു.
ഇന്ത്യയുടെ മതേതരത്വമുഖം കാത്തുസൂക്ഷിക്കേണ്ട കോണ്‍ഗ്രസ് ജാതിരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. രാജ്യത്തിന്റെ മതേതരത്വം കടുത്ത വെല്ലുവിളി നേരിടുകയാണ്. ഇന്ത്യയില്‍ അവശേഷിക്കുന്ന ഏക മതേതര പാര്‍ടിയാണ് സിപിഐ എം. മതേതരത്വമുഖം കാത്തുരക്ഷിക്കാന്‍ ന്യൂനപക്ഷ വിഭാഗങ്ങളും സിപിഐ എമ്മും കൂടുതല്‍ അടുക്കണം. ആഗോളതലത്തില്‍ സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത് കമ്യൂണിസ്റ്റ്പ്രസ്ഥാനങ്ങളാണ്. രാജ്യത്ത് മുസ്ലിംവിഭാഗത്തിന്റെ ഉന്നമനത്തിന് എക്കാലവും നിലകൊണ്ടത് ഇടതുപക്ഷമാണ്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തിയതും പാലോളികമ്മിറ്റി ശുപാര്‍ശ നടപ്പാക്കിയതും ഇടതുപക്ഷമാണെന്നും ഭരിക്കുന്ന കാലത്ത് വര്‍ഗീയലഹളകള്‍ ഉണ്ടായിട്ടില്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.
No comments:
Post a Comment