Tuesday, November 26, 2013

33 ശതമാനം സ്ത്രീസംവരണം നടപ്പാക്കണം: മഹിളാ അസോ.

പാപ്പാ ഉമാനാഥ്നഗര്‍ (ബോധ്ഗയ): നിയമനിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പത്താം ദേശീയസമ്മേളനം ആവശ്യപ്പെട്ടു. വിലക്കയറ്റം തടയുക, കേരളത്തില്‍ 2006ലെ ശൈശവവിവാഹ നിരോധനനിയമം ഫലപ്രദമായി നടപ്പാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. മാലിനി ഭട്ടാചാര്യ, മീന, എന്‍ സുകന്യ എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. സമ്മേളനത്തിന്റെ ഭാഗമായുള്ള വിവിധ കമീഷന്‍ റിപ്പോര്‍ട്ടുകള്‍ കണ്‍വീനര്‍മാര്‍ അവതരിപ്പിച്ചു. "സ്ത്രീകള്‍ പഞ്ചായത്ത് സംവിധാനത്തില്‍" റിപ്പോര്‍ട്ട് ആനന്ദിയും "മുസ്ലിംസ്ത്രീകളുടെ സ്ഥിതി" റിപ്പോര്‍ട്ട് മറിയം ബൂട്ട്വാലയും ലിംഗപദവി റിപ്പോര്‍ട്ട് സ്മിത ഗുപ്തയും അവതരിപ്പിച്ചു. മൈമ്മൂന മുള്ള ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ശ്യാമലി ഗുപ്തയ്ക്ക് സമ്മേളനത്തിന്റെ അന്ത്യാഞ്ജലി

പാപ്പാ ഉമാനാഥ് നഗര്‍: ശ്യാമലി ഗുപ്തയുടെ വിയോഗവാര്‍ത്ത അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ സമ്മേളനവേദിയെ ശോകമൂകമാക്കി. സമ്മേളനം സമാപനഘട്ടത്തിലേക്ക് നീങ്ങവെയാണ് ശ്യാമലിയുടെ നിര്യാണവാര്‍ത്ത എത്തിയത്. പുതിയ രക്ഷാധികാരികളുടെ പട്ടികയില്‍ ശ്യാമലിയെയും ഉള്‍പ്പെടുത്തിയിരുന്നു. ഭാരവാഹികളെ തെരഞ്ഞെടുക്കാനായി പുതിയ കേന്ദ്രകമ്മിറ്റിയുടെ ആദ്യയോഗം ചേരുമ്പോഴാണ് നിര്യാണ വാര്‍ത്ത എത്തിയത്. വൃന്ദ കാരാട്ട് പ്രതിനിധികളെ വിവരം അറിയിക്കുകയും അനുശോചനപ്രമേയം അവതരിപ്പിക്കുകയുംചെയ്തു. പ്രതിനിധികള്‍ ഒന്നടങ്കം എഴുന്നേറ്റുനിന്ന് "ശ്യാമലി ഗുപ്ത അമര്‍ രഹെ" മുദ്രാവാക്യത്തോടെ അന്ത്യാഭിവാദ്യം നേര്‍ന്നു. സ്ഥാനമൊഴിഞ്ഞ കമ്മിറ്റിയുടെ പ്രസിഡന്റായിരുന്ന ശ്യാമലിയാണ് പ്രതിനിധി സമ്മേളനത്തിന് പതാക ഉയര്‍ത്തിയത്. രണ്ടു ദിവസം സമ്മേളനത്തില്‍ പങ്കെടുത്ത അവര്‍ പ്രതിനിധികളെ അഭിവാദ്യംചെയ്ത് സംസാരിക്കുകയുംചെയ്തു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കൊല്‍ക്കത്തയ്ക്ക് മടങ്ങുകയായിരുന്നു.

മാലിനി ഭട്ടാചാര്യ പ്രസിഡന്റ്; ജഗ്മതി സങ്വാന്‍ സെക്രട്ടറി

പാപ്പാ ഉമാനാഥ് നഗര്‍ (ബോധ്ഗയ): അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്റായി മാലിനി ഭട്ടാചാര്യയെയും(പശ്ചിമബംഗാള്‍) ജനറല്‍ സെക്രട്ടറിയായി ജഗ്മതി സങ്വാനെയും(ഹരിയാന) പത്താം ദേശീയസമ്മേളനം തെരഞ്ഞെടുത്തു. പി കെ ശ്രീമതിയാണ് ട്രഷറര്‍. 10 സ്ഥിരം ക്ഷണിതാക്കള്‍ ഉള്‍പ്പെടെ 97 അംഗ കേന്ദ്ര കമ്മിറ്റിയെയും തെരഞ്ഞെടുത്തു. കേരളത്തില്‍നിന്നുള്ള എം സി ജോസഫൈന്‍, ടി എന്‍ സീമ, പികെ സൈനബ എന്നിവരടക്കം 14 വൈസ് പ്രസിഡന്റുമാരും കെ കെ ശൈലജ ഉള്‍പ്പെടെ ഏഴ് സെക്രട്ടറിമാരും ഏഴ് അസിസ്റ്റന്റ് സെക്രട്ടറിമാരും അടങ്ങുന്നതാണ് ഭാരവാഹികള്‍.

പ്രമുഖ എഴുത്തുകാരിയും ചിന്തകയും ദേശീയ വനിതാ കമീഷന്‍ മുന്‍ അംഗവുമായ മാലിനി ഭട്ടാചാര്യ പശ്ചിമബംഗാളിലെ ജാദവ്പുര്‍ സര്‍വകലാശാലാ അധ്യാപികയായിരുന്നു. ലോക്സഭാംഗമായും പ്രവര്‍ത്തിച്ചു. മുന്‍ രാജ്യാന്തര വോളിബോള്‍താരവും സ്ത്രീകളുടെ അവകാശപ്പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയുമാണ് ജഗ്മതി സങ്വാന്‍. ഹരിയാനയില്‍ ദുരഭിമാനഹത്യക്കെതിരായ പ്രക്ഷോഭത്തിനും നിയമയുദ്ധങ്ങള്‍ക്കും സുധീരം നേതൃത്വം നല്‍കുന്നു. സിപിഐ എം ഹരിയാന സംസ്ഥാന സെക്രട്ടറി ഇന്ദര്‍ജിത്സിങ്ങാണ് ഭര്‍ത്താവ്. കേന്ദ്ര കമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് പി സതീദേവി, ഗിരിജ സുരേന്ദ്രന്‍, വി പി ജാനകി, കെ വി നഫീസ, കെ രുഗ്മിണി, സി എസ് സുജാത, സൂസന്‍കോടി, എന്‍ സുകന്യ എന്നിവരുണ്ട്. പ്രത്യേക ക്ഷണിതാക്കളില്‍ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ടി വി അനിതയും ഉള്‍പ്പെടുന്നു.

deshabhimani

No comments:

Post a Comment