കാസര്‍കോട്: ജില്ലയിലെ മറാഠി സമുദായത്തെ വഞ്ചിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രതിഷേധം ആളിപ്പടരുന്നു. 11 വര്‍ഷത്തിനു ശേഷം ഭരണഘടനാ ഭേദഗതിയിലൂടെ വീണ്ടും ഇവരെ പട്ടികവര്‍ഗമാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ വെല്ലുവിളിച്ചതിനെതിരെ ജില്ലയിലെ മുപ്പതിനായിരത്തിലധികം വരുന്ന മറാഠി ജനവിഭാഗവും ഇവരുടെ ദയനീയ സ്ഥിതി അറിയുന്ന മറ്റിതര ജനവിഭാഗങ്ങളും കടുത്ത ആശങ്കയിലാണ്. മറാഠികളെ പട്ടികവര്‍ഗ ലിസ്റ്റില്‍നിന്നൊഴിവാക്കി 2002ല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഉത്തരവിറക്കിയതുമുതല്‍ നടത്തിയ നിരന്തര പ്രക്ഷോഭത്തിന്റെ ഫലമാണ് ഭരണഘടനാ ഭേദഗതി. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടെയാണ് ഇതിനുള്ള നടപടി സ്വീകരിച്ചത്. ആവശ്യമായ അപേക്ഷകളും റിപ്പോര്‍ട്ടുകളും കേന്ദ്രത്തിന് സമര്‍പ്പിച്ചത് എല്‍ഡിഎഫ് മന്ത്രിയായിരുന്ന എ കെ ബാലനാണ്. കാസര്‍കോട്ടുള്ള എല്ലാ രാഷ്ട്രീയപാര്‍ടികള്‍ക്കും ഇവരെ പട്ടികവര്‍ഗമായി നിലനിര്‍ത്തണമെന്ന അഭിപ്രായമായിരുന്നു. ഈ പ്രശ്നമുന്നയിച്ച് എല്ലാ പാര്‍ടിയും സമരം നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസിനും എതിരഭിപ്രായം ഉണ്ടായില്ല.
എല്ലാവരുടെയും പിന്തുണയോടെ പാവപ്പെട്ട ഈ ജനവിഭാഗത്തെ വീണ്ടും പട്ടികവര്‍ഗമാക്കി നിയമം വന്നപ്പോള്‍ എങ്ങനെയാണ് കോണ്‍ഗ്രസിനും യുഡിഎഫ് സര്‍ക്കാരിനും അത് ശരിയല്ലെന്ന് തോന്നിയത് എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. എന്തുകൊണ്ടാണ് മറാഠികളെ പട്ടികവര്‍ഗമാക്കരുതെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചതെന്ന് വിശദീകരിക്കാനുള്ള ബാധ്യത ജില്ലാകോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ചാല്‍, മുമ്പ് എന്തുകൊണ്ട് മറാഠി പ്രശ്നത്തെ അനുകൂലിച്ചെന്ന് പറയേണ്ടിയും വരും. ഒന്നും മിണ്ടാനാകാത്ത അവസ്ഥയിലാണ് ജില്ലയിലെ യുഡിഎഫ് നേതൃത്വം.
മറാഠികള്‍ക്ക് ഗോത്ര സ്വഭാവമില്ലെന്നും ഒറ്റപ്പെട്ട ജീവിതം നയിക്കുന്നില്ലെന്നുമാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദം. 1981ലെ കിര്‍ത്താഡ്സ് റിപ്പോര്‍ട്ടാണ് ഇതിനടിസ്ഥാനം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 2002ല്‍ ഇവരെ പട്ടികവര്‍ഗത്തില്‍നിന്ന് ഒഴിവാക്കിയത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സിയായ കിര്‍ത്താഡ് അവരുടെ ആദ്യ റിപ്പോര്‍ട്ട് തിരുത്തി ഇവരെ പട്ടികവര്‍ഗമായി നിലനിര്‍ത്തണമെന്ന് കേന്ദ്രത്തിന് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനാ ഭേദഗതി. ഇക്കാര്യമറിയാത്ത മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ് കേരളം ഭരിക്കുന്നതെന്ന് വേണം അവരുടെ കത്തില്‍നിന്ന് മനസിലാക്കാന്‍. സംസ്ഥാനത്തിന്റെ ശുപാര്‍ശയില്ലാതെ ഒരു സമുദായത്തേയും സംവരണ ലിസ്റ്റില്‍ ഉള്‍പ്പെടുത്തില്ല. എന്നിട്ടും രാഷ്ട്രീയ താല്‍പര്യത്താല്‍ കേന്ദ്രം പാസാക്കിയ നിയമം നടപ്പാക്കാനാവില്ലെന്ന് കാണിച്ച് കത്തയക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ കടുത്ത ജനവഞ്ചനയാണ് കാണിക്കുന്നത്. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന് കടലാസിന്റെ വിലപോലും കല്‍പിക്കാത്തവരാണ് കേരളം ഭരിക്കുന്നതെന്ന് കരുതേണ്ട അവസ്ഥയാണ് ഇതിലൂടെ പുറത്തുവരുന്നത്. മറാഠികള്‍ തിങ്ങിപ്പാര്‍ക്കുന്ന ദേലമ്പാടി, കള്ളാര്‍, പനത്തടി, എന്‍മകജെ പഞ്ചായത്തുകളിലെല്ലാം സര്‍ക്കാര്‍ നടപടിയില്‍ കടുത്ത പ്രതിഷേധമാണുയരുന്നത്. അഡൂരില്‍ 28ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്. നൂറകണക്കിനാളുകള്‍ പരിപാടിയില്‍ പങ്കെടുക്കും. ആദിവാസി ക്ഷേമസമിതിയും ശക്തമായ പ്രതിഷേധമുയര്‍ത്താനുള്ള ഒരുക്കത്തിലാണ്.
മറാഠി നിയമം നടപ്പാക്കാത്തത് ജനവഞ്ചന: സിപിഐ എം
കാസര്‍കോട്: ജില്ലയില്‍ മറാഠി വിഭാഗത്തെ വീണ്ടും പട്ടിക വര്‍ഗ ലിസ്റ്റിലുള്‍പ്പെടുത്തിയ ബില്‍ പാര്‍ലമെന്റ് പാസാക്കി രാഷ്ട്രപതി അംഗീകരിച്ചിട്ടും നടപ്പാക്കാത്തത് കോണ്‍ഗ്രസിന്റെയും യുഡിഎഫ് സര്‍ക്കാരിന്റെയും ജനവഞ്ചനയുടെ ഭാഗമാണെന്ന് സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
മറാഠികളെ പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് വീണ്ടും ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പാര്‍ലമെന്റിനെയും ഭരണഘടനയെയും അവഹേളിക്കുന്നതാണ്. പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ പി കരുണാകരന്‍ നടത്തിയ നിരന്തര ഇടപെടലിന്റെയും ബഹുജന പ്രക്ഷോഭത്തിന്റെയും ഫലമായാണ് മറാഠി വിഭാഗത്തെ വീണ്ടും പട്ടികവര്‍ഗ ലിസ്റ്റിലുള്‍പ്പെടുത്തിയ നിയമഭേദഗതി പാര്‍ലമെന്റ് അംഗീകരിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിനുള്ള മുഴുവന്‍ നടപടികളും പൂര്‍ത്തിയാക്കിയതാണ്. അതിനുമുമ്പുണ്ടായിരുന്ന യുഡിഎഫ് സര്‍ക്കാരും ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ വസ്തുതകള്‍ മറച്ചുവച്ച് മറാഠി വിഭാഗത്തെ വീണ്ടും പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെടുന്നത് രാഷ്ട്രീയ നാടകമാണ്. നിയമം കൊണ്ടുവന്നത് തങ്ങളാണെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന കോണ്‍ഗ്രസ് ഐ ഇപ്പോള്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം സംസ്ഥാനം നടപ്പാക്കില്ലെന്ന് പറയാന്‍ എന്താണ് കാരണമെന്ന് ജനങ്ങളോട് വിശദീകരിക്കണം. ഈ വിഷയത്തില്‍ രാഷ്ട്രീയ അഭ്യാസങ്ങള്‍ അവസാനിപ്പിച്ച് നിലപാട് വ്യക്തമാക്കാന്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്നും സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ആവശ്യപ്പെട്ടു.
മറാഠി നിയമം: അഡൂരില്‍ 28ന് പ്രതിഷേധ കൂട്ടായ്മ
മുള്ളേരിയ: മറാഠി വിഭാഗത്തെ പട്ടികവര്‍ഗ ലിസ്റ്റിലുള്‍പ്പെടുത്തിയത് ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത് പിന്‍വലിക്കണമെന്ന് സിപിഐ എം കാറഡുക്ക ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു.
മറാട്ടി വിഭാഗത്തെ വഞ്ചിക്കുന്ന നടപടിയാണ് യുഡിഎഫും കോണ്‍ഗ്രസും സ്വീകരിച്ചത്. മറാഠി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന ഉമ്മന്‍ചാണ്ടി ഈ വിഭാഗത്തോട് ആത്മാര്‍ഥതയുണ്ടെങ്കില്‍ പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. മറാഠി വിഭാഗത്തോടുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഏരിയാകമ്മിറ്റി 28ന് രാവിലെ പത്തിന് അഡൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ജില്ലാകമ്മിറ്റി അംഗം കെ കുഞ്ഞിരാമന്‍ എംഎല്‍എ (ഉദുമ) ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ മുഴുവനാളുകളും പങ്കെടുക്കണമെന്ന് ഏരിയാകമ്മിറ്റി അഭ്യര്‍ഥിച്ചു. യോഗത്തില്‍ കെ ശങ്കരന്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, ഏരിയാസെക്രട്ടറി സിജി മാത്യു എന്നിവര്‍ സംസാരിച്ചു.
മറാഠി വിഭാഗത്തെ പട്ടികവര്‍ഗ ലിസ്റ്റിലുള്‍പ്പെടുത്തിയത് ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സിപിഐ എം അഡൂര്‍ ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. സി കെ കുമാരന്‍, ബി കൃഷ്ണ നായക്, എം മാധവ നായക്, ബി അപ്പയന്‍, എ സി രാമുഞ്ഞി എന്നിവര്‍ സംസാരിച്ചു. മല്ലംപാറ, പള്ളഞ്ചി യൂണിറ്റുകള്‍ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.
deshabhimani
No comments:
Post a Comment