മിഡില്‍സെക്സ്(ലണ്ടന്‍): ബ്രിട്ടനിലെ പ്രവാസി കമ്യൂണിസ്റ്റ് പാര്‍ടി അനുഭാവികളുടെ സമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനംചെയ്തു. സിപിഐ എം അനുഭാവസംഘടനകളായ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ്(ബ്രിട്ടന്‍), ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. ബ്രിട്ടനിലെ പന്ത്രണ്ടോളം നഗരങ്ങളില്‍നിന്ന് നൂറോളം പ്രതിനിധികള്‍ സംബന്ധിച്ചു. വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, കച്ചവടക്കാര്‍, നേഴ്സുമാര്‍ തുടങ്ങി എല്ലാ വിഭാഗത്തെയും ഏകോപിപ്പിച്ച് ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തും.
സിപിഐ എം നേതൃത്വം നല്‍കുന്ന സംഘടനകള്‍ വര്‍ഷങ്ങളായി കുടിയേറ്റസമൂഹത്തിന്റെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്. ഇടതുപക്ഷ അനുഭാവികളെയും പാര്‍ടി ബന്ധുക്കളെയും ഒരുമിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന് 27 അംഗ സമിതി രൂപീകരിച്ചു. കണ്‍വീനറായി വി എസ് ശ്യാമിനെ തെരഞ്ഞെടുത്തു. എം എ ബേബി ഇംഗ്ലണ്ടിലും അയര്‍ലണ്ടിലും വിവിധപരിപാടികളില്‍ സംബന്ധിച്ചു. നോര്‍വിച്ചിലും ഈസ്റ്റ്ഹാമിലും ചേര്‍ന്ന സമ്മേളനങ്ങളില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. പ്രോഗ്രസീവ് കള്‍ച്ചറല്‍ ഫോറം മാഞ്ചസ്റ്ററില്‍ "പ്രവാസി മലയാളികളുടെ സാംസ്കാരിക വെല്ലുവിളികള്‍" എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ-പരിസ്ഥിതി നിലപാടുകള്‍ എം എ ബേബി അവതരിപ്പിച്ചു. ബെല്‍ഫാസ്റ്റില്‍ എഐസിയും ഡബ്ലിനില്‍ അയര്‍ലണ്ട് സോഷയല്‍ സെന്ററും സംഘടിപ്പിക്കുന്ന പൊതുപരിപാടികളിലും എം എ ബേബി സംബന്ധിക്കും. ശനിയാഴ്ച ലസ്റ്ററില്‍ ചേരുന്ന വര്‍ക്കേഴ്സ് അസോസിയേഷന്‍ ദേശീയ സമ്മേളനവും എഴുപത്തഞ്ചാം വാര്‍ഷികാഘോഷവും അദ്ദേഹം ഉദ്ഘാടനംചെയ്യും.
സിപിഐ എമ്മിന് ഫുത്രോങ്ങിന്റെ പ്രശംസ
ന്യൂഡല്‍ഹി: ഔദ്യോഗിക സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്നാം കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറി എന്‍ഗുയെന്‍ ഫുത്രോങ് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മാര്‍ക്സിസം-ലെനിനിസം മുറുകെപ്പിടിച്ച് ഇന്ത്യയിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി സിപിഐ എം നടത്തിവരുന്ന പോരാട്ടങ്ങളെ ഫുത്രോങ് പ്രശംസിച്ചു. രാജ്യാന്തരരംഗത്തും സിപിഐ എം സ്വീകരിക്കുന്ന നിലപാടുകളുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.
പാര്‍ടി രൂപീകരണകാലം മുതല്‍ വിയറ്റ്നാം കമ്യൂണിസ്റ്റ് പാര്‍ടിയുമായി അടുത്തബന്ധം പുലര്‍ത്തുന്ന സിപിഐ എം വിയറ്റ്നാം ജനതയുടെ വിമോചനപോരാട്ടത്തിന് നല്‍കിയ പിന്തുണ പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടി. ഫുത്രോങ്ങിന്റെ ഇന്ത്യ സന്ദര്‍ശനത്തിനിടെ പ്രതിരോധ, ഊര്‍ജ, തന്ത്രപ്രധാന മേഖലകളില്‍ ഇരുരാജ്യവും ഒപ്പിട്ട കരാറുകള്‍ ഉഭയകക്ഷിബന്ധം ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുമെന്നും കാരാട്ട് പറഞ്ഞു. സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍റെഡ്ഡി, സെക്രട്ടറി ഡിരാജ, മുതിര്‍ന്ന സിപിഐ നേതാവ് എ ബി ബര്‍ധന്‍ എന്നിവരുമായും ഫുത്രോങ് കൂടിക്കാഴ്ച നടത്തി.
deshabhimani
No comments:
Post a Comment