സോളാര്‍തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് സര്‍ക്കാരിന്റെയും പൊലീസിന്റെയും രണ്ടു നീതി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അനുകൂലമായി സംസാരിക്കുന്നതിന് സരിതാ നായര്‍ക്ക് പൊലീസ് അകമ്പടി നല്‍കുമ്പോള്‍ ബിജു രാധാകൃഷ്ണനുമായി സംസാരിക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ ചവിട്ടി വീഴുത്തുന്നതുവരെയെത്തി സര്‍ക്കാരിന്റെ നീതിനിര്‍വഹണം. സരിത എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിന് നല്‍കിയ രഹസ്യമൊഴി അട്ടിമറിച്ചതിന്റെ തുടര്‍ച്ചകൂടിയാണ് ഇപ്പോഴത്തെ സംഭവങ്ങളും. ഈ മൊഴിയുമായി ബന്ധപ്പെട്ട് ചില മന്ത്രിമാരുടെ പേരുകള്‍ ബിജു രാധാകൃഷ്ണനും അഭിഭാഷകനും വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ബിജു മാധ്യമങ്ങളുമായി സംസാരിക്കാതിരിക്കാന്‍ പൊലീസ് വലയം തീര്‍ത്തു. ബുധനാഴ്ച കൊല്ലത്ത് പൊലീസിന്റെ ഈ വലയം ഭേദിച്ച് ബിജുവുമായി സംസാരിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള പൊലീസ് അക്രമം. എന്നാല്‍, ഈ ദിവസങ്ങളിലെല്ലാം സരിതയ്ക്ക് മാധ്യമങ്ങളുമായി സംസാരിക്കാന്‍ പൊലീസ് എല്ലാ സഹായവും നല്‍കി.
ഈ സംഭവങ്ങളിലും പ്രതിക്കൂട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയാണ്. സോളാര്‍തട്ടിപ്പ് കഥകള്‍ പുറത്ത് വരുന്നതിനുമുമ്പ് എറണാകുളം ഗസ്റ്റ്ഹൗസിലെ അടച്ചിട്ട മുറിയില്‍ ഉമ്മന്‍ചാണ്ടിയും ബിജു രാധാകൃഷ്ണനും ഒരു മണിക്കൂറിലേറെ രഹസ്യചര്‍ച്ച നടത്തിയിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുതിയ പുതിയ കഥകള്‍ പുറത്തു വന്നപ്പോഴും ഉമ്മന്‍ചാണ്ടി ആ കൂടിക്കാഴ്ചയിലെ രഹസ്യങ്ങള്‍ പുറത്തു പറയാന്‍ തയ്യാറായില്ല. ഇപ്പോള്‍ ബിജു രാധാകൃഷ്ണന്‍ പറയുന്നു, സരിതയുമായി ബന്ധപ്പെട്ട മന്ത്രിമാരുടെയും മറ്റ് ഉന്നതരുടെയും പേരുകള്‍ ഉമ്മന്‍ചാണ്ടിയെ അറിയിച്ചിരുന്നുവെന്ന്. ബിജു രാധാകൃഷ്ണനും അഭിഭാഷകനും ഇത് ആവര്‍ത്തിച്ചു പറയുമ്പോഴും ഉമ്മന്‍ചാണ്ടി വാ തുറക്കുന്നില്ല. അന്നു പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്താനും തയ്യാറാകുന്നില്ല. ബിജു രാധാകൃഷ്ണന്‍ പഞ്ഞതെന്തെന്ന് ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തുന്നില്ലെന്നുമാത്രമല്ല, ഇപ്പോള്‍ ബിജുവിനെ സംസാരിക്കാന്‍ അനുവദിക്കുന്നുമില്ല.
ഇതേ വിലക്ക് ആദ്യം സരിതയ്ക്കുമുണ്ടായിരുന്നു. 22 പേജുള്ള മൊഴി മൂന്ന് പേജാക്കി അട്ടിമറിക്കുന്നതുവരെ. ഉന്നതര്‍ക്കെതിരെ മൊഴി നല്‍കില്ലെന്ന് ഉറപ്പ് കിട്ടുന്നതുവരെയും. എറണാകുളം അഡീഷണല്‍ ചീഫ് മജിസ്ട്രേട്ടിന് മൊഴിനല്‍കിയശേഷമായിരുന്നു വിലക്ക്. പിന്നീട് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തുടങ്ങിയതോടെ സരിതയുടെ ജയില്‍തന്നെ മാറ്റി. അഭിഭാഷകന് എഴുതിനല്‍കിയ മൊഴി അപ്രത്യക്ഷമാക്കി. പത്തനംതിട്ട ജയിലില്‍നിന്ന് തലസ്ഥാനത്തെ അട്ടക്കുളങ്ങര ജയിലിലെത്തിയതോടെ സരിതയുടെ രഹസ്യത്തിന്റെ "നിറം" മാറി. സരിതയെ കാണാന്‍ അമ്മയോടൊപ്പം ബന്ധുവെന്ന വ്യാജേന അജ്ഞാതന്‍ എത്തി. ഉയര്‍ന്ന പൊലീസ് മേധാവി ഉള്‍പ്പെടെ രഹസ്യമായി ജയില്‍ സന്ദര്‍ശിച്ചു. സരിത പ്രതിയായ തട്ടിപ്പുകേസുകളോരോന്നായി പണംകൊടുത്തും കോടതിയില്‍ തുക കെട്ടിവച്ചും ഒത്തുതീര്‍ക്കുകയാണ്. ഇതിനുള്ള കാശ് ജയിലില്‍ കഴിയുന്ന സരിതയ്ക്ക് എങ്ങനെ കിട്ടിയെന്ന കാര്യത്തിലും ആര്‍ക്കും സംശയമില്ല. ഇനി ബിജു രാധാകൃഷ്ണനും അഭിഭാഷകനും കിട്ടേണ്ടുന്നത് കിട്ടുന്നതുവരെ ഈ വിലക്ക് തുടരും.
deshabhimani
No comments:
Post a Comment