Friday, January 3, 2014

വലിയ നേട്ടം ആണവകരാറെന്ന് പ്രധാനമന്ത്രി

ആഗോള സാമ്പത്തിക പ്രതിസന്ധി രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് തടസമായെന്നും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു പ്രധാനമന്ത്രി. എന്നാല്‍ നിലവില്‍ ആഗോള സാമ്പത്തിക രംഗവും ഇന്ത്യന്‍ സാമ്പത്തിക രംഗവും വളര്‍ച്ചയുടെ പാതയിലാണ്. വിലക്കയറ്റം ആഗോള പ്രതിഭാസമാണെന്നും വിലക്കയറ്റം ജനങ്ങളെ കോണ്‍ഗ്രസിന് എതിരാക്കിയെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുമായി ആണവകരാര്‍ ഒപ്പുവച്ചതാണ് തന്റെ ഭരണകാലഘട്ടത്തിലെ ഏറ്റവും വലിയ നേട്ടമായി കരുതുന്നതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

അടുത്ത പ്രധാനമന്ത്രി യുപിഎയില്‍ നിന്ന് തന്നെയാകുമെന്നും നരേന്ദ്ര മോഡി പ്രധാനമന്ത്രിയായാല്‍ അത് രാജ്യത്തിന് ദുരന്തമാകുമെന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറുപടി നല്‍കി. അഹമ്മദാബാദിലെ തെരുവുകളില്‍ നിരപരാധികളെ കൊന്നൊടുക്കുന്നതാണു കരുത്തെങ്കില്‍ താന്‍ ദുര്‍ബലനായ പ്രധാനമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷം ജനോപകാര പ്രദമായ ഒട്ടേറെ കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞു. സാമ്പത്തിക മാന്ദ്യത്തിനിടയിലും രാജ്യം 9 ശതമാനം വളര്‍ച്ച കൈവരിച്ചു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് വരികയാണ്. സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച ശേഷമേ റിപ്പോര്‍ട്ട് നടപ്പാക്കൂ. പാചകവാതക സബ്സിഡി സംബന്ധിച്ച പ്രശ്നങ്ങളും സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി പദം രാജിവെയ്ക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് വരെ പ്രധാനമന്ത്രിയായി തുടരും. മൂന്നാംതവണയും പ്രധാനമന്ത്രിയാകാനില്ല. തെരഞ്ഞെടുപ്പിന് ശേഷം ബാറ്റണ്‍ കൈമാറുമെന്നും രാജ്യത്തെ പുതിയ തലമുറ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ യോഗ്യനാണ്. സര്‍ക്കാരിനെതതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ കോണ്‍ഗ്രസിന്റെ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കില്ലെന്ന് അദ്ദേഹം ഒരു ചോദ്യത്തിന് മറുപടി നല്‍കി. കല്‍ക്കരിപ്പാട അഴിമതി ആരോപണവും ടുജി സ്പെക്ട്രം അഴിമതി ആരോപണവും ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഉയര്‍ന്നത്. എന്നിട്ടും ജനങ്ങള്‍ യുപിഎയ്ക്ക് അനുകൂലമായി വോട്ടുചെയ്തു. അതിനാല്‍ ഇത്തരം അഴിമതി ആരോപണങ്ങള്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകില്ലെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ജനാധിപത്യത്തിന് കരുത്ത് പകരുന്ന ഒരു വര്‍ഷമാണ് കഴിഞ്ഞുപോയത്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ്ങ് ശതമാനം ഉയര്‍ന്നത് ജനാധിപത്യം ശക്തിപ്പെടുന്നതിന്റെ ലക്ഷണമാണ്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായില്ലെങ്കിലും തിരിച്ചടികളില്‍ നിന്ന് പാര്‍ട്ടി പാഠം ഉള്‍ക്കൊണ്ടു. ഹ്രസ്വകാല തിരിച്ചടികള്‍ നോക്കി സര്‍ക്കാരിനെ വിലയിരുത്തരുത്. ഡല്‍ഹിയിലെ എഎപി സര്‍ക്കാരിന് വെല്ലുവിളികള്‍ നേരിടാന്‍ കഴിയുമോ എന്ന് കാലം തെളയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുപിഎയുടെ ഭരണകാലത്തില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം 13.8 കോടി കുറയ്ക്കാന്‍ കഴിഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ സമഗ്ര മാറ്റമുണ്ടാക്കി. സര്‍വശിക്ഷാ അഭിയാന്‍ ഫലപ്രദമായി നടപ്പാക്കാന്‍ സാധിച്ചു. എസ്സി, എസ്ടി, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ എന്നിവരുടെ വിദ്യാഭ്യാസ പുരോഗതി ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഴിമതിയും ദാരിദ്ര്യവുമില്ലാത്ത ഇന്ത്യയെ പടുത്തുയര്‍ത്തുകയാണ് യുപിഎയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് അഴിമതിരഹിത ഭരണത്തിനായി ചരിത്രപ്രധാനമായ നിയമനിര്‍മ്മാണം നടത്തിയത്.

കാര്‍ഷിക സൗഹാര്‍ദ നയങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്നും കാര്‍ഷിക മേഖലയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യന്‍ കാര്‍ഷിക മേഖല വളര്‍ച്ചയുടെ പാതയിലാണ്.

അമേരിക്കയുമായി ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങള്‍ താല്‍ക്കാലികമാണ്. അത് ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടും. ഇന്ത്യപാക് അതിര്‍ത്തി പ്രദേശങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. പാക്കിസ്ഥാനുമായി മെച്ചപ്പെട്ട ബന്ധം അനിവാര്യമാണ്. നിലവിലെ സാഹചര്യങ്ങള്‍ മനസിലാക്കാന്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

deshabhimani

No comments:

Post a Comment