സിപിഐ എം കൊയിലാണ്ടി ഏരിയാകമ്മിറ്റി അംഗം എന്‍ വി ബാലകൃഷ്ണനെതിരായ അച്ചടക്ക നടപടി ചില മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് പാര്‍ടി അണികളിലും ബഹുജനങ്ങളിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനെ പാര്‍ടി ജില്ലാ സെക്രട്ടറിയറ്റ് അപലപിച്ചു. അച്ചടക്ക നടപടി തികച്ചും സംഘടനാപരമാണ്. ബഹ്റൈനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന "4 പിഎം ന്യൂസ്" എന്ന സായാഹ്ന പത്രത്തില്‍ ബാലകൃഷ്ണന്‍ എഴുതിയ ചില ലേഖനങ്ങളില്‍ പാര്‍ടി നയവും സംഘടനാ തത്വങ്ങളും ലംഘിച്ചു. "ന്യൂനപക്ഷ രാഷ്ട്രീയം: അകവും പുറവും" (2013 മെയ് ആറ്), "മടിയില്‍ കനമുള്ളവര്‍ വഴിയില്‍ പേടിച്ചോട്ടെ" (ജൂണ്‍ 10), "കളരി പരമ്പര ദൈവങ്ങളെ" (ജൂലൈ ഒന്ന്) എന്നീ ലേഖനങ്ങളിലെ വ്യതിയാനങ്ങളാണ് പാര്‍ടിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ലേഖനങ്ങള്‍ എല്ലാ തലത്തിലും പരിശോധിച്ച് പാര്‍ടി വിശദീകരണം തേടി. ബാലകൃഷ്ണന്‍ വിശദീകരണത്തില്‍ ഇക്കാര്യം സമ്മതിച്ച് ഖേദം പ്രകടിപ്പിച്ചു.
പാര്‍ടി ഉയര്‍ത്തിപ്പിടിക്കുന്ന നയങ്ങളും സംഘടനാ തത്വങ്ങളും ഭരണഘടനാ വ്യവസ്ഥകളും പാലിക്കാന്‍ പാര്‍ടി അംഗങ്ങള്‍ക്കാകെ ചുമതലയുണ്ട്. ബാലകൃഷ്ണന്റെ സേവനം പരിഗണിച്ച് പാര്‍ടിയില്‍ തുടരാനും തിരുത്താനും അവസരമുണ്ടാക്കണമെന്ന നിലപാടായിരുന്നു പാര്‍ടിക്ക്. ഈ പശ്ചാത്തലത്തിലാണ് പാര്‍ടി അംഗത്വത്തില്‍നിന്നും ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യാന്‍ ഏരിയാകമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചത്. ഇതിന് ജില്ലാകമ്മിറ്റി അംഗീകാരം നല്‍കി. തീരുമാനത്തില്‍ ഏതെങ്കിലും തരത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഉപരികമ്മിറ്റികളെ സമീപിക്കാന്‍ പാര്‍ടി അംഗത്തിന് അവകാശമുണ്ട്. സംഘടനാ നടപടിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മറ്റ് തരത്തിലുള്ള വാര്‍ത്തകളില്‍ യാതൊരു അടിസ്ഥാനവുമില്ല.
ഏകപക്ഷീയമായ ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ പാര്‍ടിവിരുദ്ധ- വലതുപക്ഷ ശക്തികളുടെ സ്വാധീനമാണുള്ളത്്. കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ കെ ശാന്ത ചുമതല തുടരണമെന്നാണ് പാര്‍ടി നിലപാട്. കീഴരിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഹരീന്ദ്രന്റെ രാജിവാര്‍ത്ത അടിസ്ഥാന രഹിതമാണ്. പാര്‍ടി തീരുമാനം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഏരിയയിലെ ലോക്കല്‍ കമ്മിറ്റി അഗങ്ങളുടെയും ബ്രാഞ്ച് സെക്രട്ടറിമാരുടെയും യോഗം ജനുവരി മൂന്നിന് ചേര്‍ന്നിരുന്നു. യോഗത്തില്‍ ചില അംഗങ്ങള്‍ ചില സംഘടനാ കാര്യങ്ങള്‍ ഉന്നയിച്ചു. ആവശ്യമായ വിശദീകരണം നല്‍കി യോഗം തുടര്‍ന്നു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തിയാണ് യോഗത്തില്‍ പങ്കെടുത്തത്.
യോഗം അലങ്കോലമായി എന്നും ഏരിയാ സെക്രട്ടറിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നുമുള്ള വാര്‍ത്ത കള്ളമാണ്. കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ കെ മുഹമ്മദിനെക്കുറിച്ചും തെറ്റിദ്ധാരണയുണ്ടാക്കുന്ന വാര്‍ത്തകളാണ് മാധ്യമങ്ങള്‍ പടച്ചുവിടുന്നത്. എന്‍ വി ബാലകൃഷ്ണന്‍ ഡിസംബര്‍ 23ന് കെ കെ മുഹമ്മദുമായി ബന്ധപ്പെട്ട ഒരു പരാതി ജില്ലാകമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്. പരാതിയിലെ വിഷയങ്ങള്‍ പരിശോധിക്കാന്‍ ഏരിയാ കമ്മറ്റി മൂന്ന് അംഗങ്ങളെ ചുമതലപ്പെടുത്തി. ഇത്തരം പ്രശ്നങ്ങളില്‍ പരിശോധനക്ക് ശേഷം തീരുമാനമെടുക്കുന്ന രീതിയാണ് പാര്‍ടിയുടേത്. തെറ്റിദ്ധാരണയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ പാര്‍ടി ബന്ധുക്കളും ബഹുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
deshabhimani
No comments:
Post a Comment