ആദ്യകാല മലയാള ചലച്ചിത്ര പിന്നണിഗായകനും സംഗീത സംവിധായകനുമായ കെ പി ഉദയഭാനു അന്തരിച്ചു. 77 വയസ്സായിരുന്നു. പാര്‍ക്കിന്‍സ് രോഗം ബാധിച്ച അദ്ദേഹം മ്യൂസിയത്തിന് സമീപത്തെ ചോയ്സ് ഹൈറ്റ്സ് ഫ്ളാറ്റിലായിരുന്നു അന്ത്യം. ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. മൂന്നുമാസം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ മെയ് ആദ്യമാണ് വീട്ടിലേക്ക് മാറ്റിയത്.
ശബ്ദം നഷ്ടപ്പെട്ട് സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അവസാന നാളുകളില്‍ അദ്ദേഹം. ഒരു ചാനല്‍ പരിപാടിക്കിടെ സ്റ്റേജില്‍ വീണ് പരിക്കേറ്റിരുന്നു. പിന്നീട് കിടപ്പാകുകയായിരുന്നു. തലശ്ശേരി സ്വദേശിയായ പരേതയായ വിജയലക്ഷ്മിയാണ് ഭാര്യ. ഏരീസ് ട്രാവല്‍ ഏജന്‍സി ഉടമ രാജീവ് മകനും ശാന്തി മരുമകളുമാണ്.
എന്‍ എസ് വര്‍മയുടേയും അമ്മു നേത്യാരമ്മയുടേയും മകനായി 1936ല്‍ പാലക്കാട് ജില്ലയിലെ തരൂരിലാണ് ഉദയഭാനു ജനിച്ചത്. കെ പി കേശവമേനോന്‍ അമ്മാവനാണ്. ബാല്യം സിംഗപ്പൂരിലായിരുന്നു. ഏഴാം വയസ്സില്‍ അമ്മ മരിച്ചതോടെ അമ്മാവന്‍ കെ പി അപ്പുക്കുട്ടമേനോന്റെ സംരക്ഷണയില്‍ പാലക്കാട്ടായി ജീവിതം. ചെറുപ്പത്തിലേ സംഗീതം അഭ്യസിച്ചുതുടങ്ങി. കല്‍പ്പാത്തി ത്യാഗരാജ സംഗീത വിദ്യാലയത്തിലായിരുന്നു തുടക്കം. എം ഡി രാമനാഥനുള്‍പ്പെടെയുള്ള പ്രഗല്ഭരുടെ കീഴില്‍ സംഗീതം പഠിച്ചു. 1955ല്‍ ആകാശവാണിയില്‍ അനൗണ്‍സറായി ചേര്‍ന്നു. 38 വര്‍ഷം അവിടെ ജോലിചെയ്തു. ഒരു വര്‍ഷക്കാലം ഊട്ടിയില്‍ സംഗീത അദ്ധ്യാപകനായും ജോലിചെയ്തു. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പബ്ലിക്ക് റിലേഷന്‍സ് ഓഫീസറായും പ്രവര്‍ത്തിച്ചു. 2009ല്‍ പത്മശ്രീ ലഭിച്ചു. മറ്റ് നിരവധി പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സംഗീത സംവിധായകന്‍ കെ രാഘവനുമായുള്ള അടുപ്പമാണ് തന്നെ ചലച്ചിത്രപിന്നണിഗായകനാക്കിയത് എന്ന് ഉദയഭാനു പറഞ്ഞിട്ടുണ്ട.്. 1958ല്‍ ഇറങ്ങിയ "നായരു പിടിച്ച പുലിവാല്‍" എന്ന ചിത്രത്തിലെ ഗാനാലാപനത്തിലൂടെയാണ് തുടക്കം. 1968 വരെ ഗാനരംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം വിവിധ സിനിമകള്‍ക്കായി 59 പാട്ടുകള്‍ പാടി. പിന്നീട് അദ്ദേഹത്തിന് ഗാനങ്ങള്‍ ലഭിച്ചില്ല. 1976 ല്‍ സമസ്യ എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി. ഇതിലെ "കിളി ചിലച്ചു" എന്ന ഗാനം ശ്രദ്ധേയമായി. വേറെയും രണ്ട് ചിത്രങ്ങളില്‍കൂടി സംഗീതസംവിധാനം നിര്‍വ്വഹിച്ചെങ്കിലും അവ ഇറങ്ങിയില്ല. മലയാളത്തില്‍ എണ്‍പതില്‍പരം ദേശഭക്തിഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കി. 40 വര്‍ഷങ്ങള്‍ക്ക് ശേഷം 2010 ല്‍ പുറത്തിറങ്ങിയ താന്തോന്നി എന്ന ചിത്രത്തില്‍ "" കാറ്റുപറഞ്ഞതും കടലു പറഞ്ഞതും..." എന്ന ഗാനം അദ്ദേഹം പാടിയിരുന്നു. തേജ് മെര്‍വിനാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. 2000ല്‍ കണ്ണാടിക്കടവത്ത് എന്ന ചിത്രത്തിലും ഒരു പാട്ട് പാടിയെങ്കിലും ചിത്രം ഇറങ്ങിയില്ല.
പഴയ മലയാള ഗാനങ്ങളുടെ ആലാപനത്തിനായി അദ്ദേഹം രൂപം നല്‍കിയ "ഓള്‍ഡ് ഈസ് ഗോള്‍ഡ്" എന്ന സംഗീത പ്രസ്ഥാനം ഇപ്പോഴും സജീവമാണ് വെള്ളിനക്ഷത്രമേ നിന്നെ നോക്കി...(രമണന്‍), അനുരാഗനാടകത്തിന്‍...(നിണമണിഞ്ഞ കാല്‍പ്പാടുകള്‍), ചുടുകണ്ണീരാലെ?...(ലൈലാമജ്നു), താരമേ താരമേ(ലൈലാമജ്നു), താമരത്തുമ്പീവാവാ..., പൊന്‍വളയില്ലെങ്കിലും...(കുട്ടിക്കുപ്പായം), എവിടെ നിന്നോ എവിടെ നിന്നോ..., വെള്ളി നക്ഷത്രമേ...(രമണന്‍), മന്ദാര പുഞ്ചിരി..., വാടരുതീമലരിനി...(സത്യഭാമ), യാത്രക്കാരി യാത്രക്കാരി..., കരുണാസാഗരമേ...,പെണ്ണാളേ പെണ്ണാളേ...(ചെമ്മീന്‍), കാനനഛായയില്‍...(രമണന്‍) എന്നിവയാണ് അദ്ദേഹം ആലപിച്ച പ്രധാനഗാനങ്ങള്‍.
deshabhimani
No comments:
Post a Comment