രാഷ്ട്രീയ അന്തരീക്ഷം മാറുന്നത് കോണ്‍ഗ്രസും ബിജെപിയും ആഗ്രഹിക്കുന്ന രീതിയിലല്ല. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 28.6 ശതമാനം വോട്ട്, ബിജെപിക്ക് 18.8 ശതമാനവും. അതായത്, 52.6 ശതമാനം വോട്ട് കിട്ടിയത് കോണ്‍ഗ്രസിതര- ബിജെപിയിതര കക്ഷികള്‍ക്ക്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിന്റെ ഗ്രാഫ് താഴോട്ടുപോയി. ബിജെപിക്ക് മുന്നേറാന്‍ കഴിയാതെയുമായി. കഴിഞ്ഞ തവണ കോണ്‍ഗ്രസിനെ അധികാരത്തില്‍ കൊണ്ടുവരുന്നതില്‍ പ്രധാനപങ്ക് വഹിച്ച ആന്ധ്രപ്രദേശ്, കേരളം, ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ അവരുടെ സ്ഥിതി ദയനീയമാണ്. നാല് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതോടെ കോണ്‍ഗ്രസിന് സഖ്യകക്ഷികളെ കിട്ടാത്ത സ്ഥിതിയാണ്. 1998 മുതലുള്ള നാല് ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ പ്രകടനവും പാര്‍ടിയുടെ ഇപ്പോഴത്തെ സ്വാധീനവും പരിഗണിച്ചാല്‍ കേവല ഭൂരിപക്ഷത്തിനുവേണ്ട 272 സീറ്റിന്റെ ഏഴലയത്തുപോലും അവര്‍ എത്തില്ല.
1998ലും 1999ലും ബിജെപിക്ക് കിട്ടിയത് 182 സീറ്റാണ്; ഇതുപോലും ഇക്കുറി അവര്‍ക്ക് കിട്ടില്ല, കാരണം അന്ന് ബിജെപി വന്‍ വിജയം നേടിയ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ അന്നത്തെ തോതിലുള്ള വര്‍ഗീയധ്രുവീകരണം നിലവിലില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ബിജെപിക്ക് അവരുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങള്‍ക്കു പുറത്ത് സ്വാധീനം നേടാന്‍ കഴിഞ്ഞിട്ടില്ല; കര്‍ണാടകവും ഹിമാചല്‍പ്രദേശും നഷ്ടപ്പെടുകയുംചെയ്തു. 28 സംസ്ഥാനങ്ങളില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് ബിജെപി സര്‍ക്കാര്‍. പഞ്ചാബില്‍ ഭരണത്തിലുള്ള ശിരോമണി അകാലിദളിന്റെ ഘടകകക്ഷിയും. മോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി അവരോധിച്ചതില്‍ പ്രതിഷേധിച്ച് ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ ബിജെപി ബന്ധം വേര്‍പെടുത്തി. മഹാരാഷ്ട്രയില്‍ ബിജെപി സഖ്യകക്ഷിയായ ശിവസേന പിളര്‍ന്നതോടെ ശോഷിക്കുകയുംചെയ്തു. പതിനാലു സംസ്ഥാനങ്ങളിലെ 205 ലോക്സഭാ മണ്ഡലങ്ങളില്‍ ഏതെങ്കിലും പാര്‍ടിയുടെ സഹായമില്ലാതെ വിജയിക്കുന്നത് ബിജെപിക്ക് സ്വപ്നം കാണാന്‍ പോലുമാകില്ല. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഭരണം നിലനിര്‍ത്തുകയും രാജസ്ഥാന്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടും ബിജെപിക്കും രാഷ്ട്രീയപങ്കാളികളെ കിട്ടുന്നില്ല.
കേന്ദ്രത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കും പങ്കാളിത്തമില്ലാത്ത സര്‍ക്കാര്‍ വരാനുള്ള സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇത് മറച്ചുപിടിക്കാനാണ് മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്ന പ്രചാരണം. ഒന്നാം യുപിഎ സര്‍ക്കാര്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ നടപ്പാക്കിയ ജനക്ഷേമപദ്ധതികളാണ് 2009ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിച്ചത്. രണ്ടാം യുപിഎ സര്‍ക്കാര്‍ ജനദ്രോഹനടപടികളുടെ പേരിലാണ് അറിയപ്പെടുന്നത്. ക്ഷേമപ്രവര്‍ത്തനങ്ങളുടെ പേരില്‍ വോട്ട് ചോദിക്കാന്‍ കഴിയാത്തതിനാല്‍ മോഡിയെ ചൂണ്ടിക്കാണിച്ച് ജനങ്ങളെ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി കൂടെനിര്‍ത്തുക എന്ന തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നത്.
(സാജന്‍ എവുജിന്‍)
deshabhimani
No comments:
Post a Comment