Friday, October 25, 2013

ദൈന്യജീവിതങ്ങള്‍ ചൂഷണംചെയ്ത് ഉമ്മന്‍ചാണ്ടി ഷോ

ജനസമ്പര്‍ക്കത്തിന്റെ പേരില്‍ ഉമ്മന്‍ചാണ്ടി നടത്തുന്ന രാഷ്ട്രീയനാടകത്തില്‍ ബലിയാടാവുന്നത് ഏറെയും വൈകല്യവും ദുരിതവും അനുഭവിക്കുന്നവരാണ്. ബുദ്ധിമാന്ദ്യമുള്ളവര്‍, ശരീരചലനശേഷി നഷ്ടപ്പെട്ടവര്‍, അപകടങ്ങളില്‍ കൈകാലുകള്‍ നഷ്ടപ്പെട്ടവര്‍,  മാറാരോഗമുള്ളവര്‍ എന്നിങ്ങനെ ദുരിതക്കയങ്ങളില്‍ ആണ്ടുകിടക്കുന്നവരെ ആംബുലന്‍സിലും വാഹനങ്ങളിലും എത്തിച്ച് പ്രദര്‍ശിപ്പിച്ച് കയ്യടി നേടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

തന്റെ ദുരിതാശ്വാസനിധിയില്‍നിന്നും ഔദാര്യം വാരിനല്‍കുംപോലെ ജനങ്ങളുടെ പണംകൊണ്ട് ഉമ്മന്‍ചാണ്ടി നാടകം കളിക്കുകയാണെന്ന്  ഇടതുപക്ഷ നേതാക്കള്‍ ആരോപിക്കുന്നു.
താഴെക്കിടയിലുള്ള ഉദ്യോഗസ്ഥന്മാരെക്കൊണ്ടും വകുപ്പുതല പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതകൊണ്ടും പരിഹരിക്കേണ്ട കാര്യങ്ങളാണ് ഉമ്മന്‍ചാണ്ടി ഷോയ്ക്കുവേണ്ടി ഉപയോഗിക്കുന്നതെന്നും പ്രതിപക്ഷത്തുനിന്ന് ആരോപണമുയരുന്നു. കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടികളില്‍ പ്രഖ്യാപിച്ചതും നഗരസഭ, പഞ്ചായത്തുകള്‍ തുടങ്ങിയവര്‍ വാഗ്ദാനം നല്‍കിയതുമായ പണമോ ആനുകൂല്യങ്ങളോ ലഭിക്കാതെയാണ് തങ്ങള്‍ ഇവിടെയെത്തിയതെന്ന് ചക്കരപ്പറമ്പ് സ്വദേശി ആമിന പറയുന്നു. മകള്‍ റംസിയക്കുവേണ്ടി കഴിഞ്ഞ രണ്ടുവര്‍ഷം അധികൃതരുടെ പിന്നാലെ നടന്ന ഇവര്‍ക്ക് ഇപ്പോഴും നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും മുന്‍കാലാനുഭവം ഇവരില്‍ ആശങ്കയുണ്ടാക്കുന്നു.

ഇതുപോലെയുള്ള മറ്റുപലരുടെയും പ്രതികരണവും വ്യത്യസ്തമല്ല. ജനസമ്പര്‍ക്കദിവസമുണ്ടായ മഴയില്‍ വികലാംഗര്‍ പലരും മഴ നനഞ്ഞ് അപേക്ഷ നല്‍കാനും ഭക്ഷണത്തിനുമായി കാത്തുകിടക്കേണ്ട ഗതികേടും കാക്കനാട് കലക്‌ട്രേറ്റ് പരിസരത്ത്  കാണാമായിരുന്നു.

ജനസമ്പര്‍ക്ക പരിപാടി എയുടെ ആഘോഷമാക്കിയെന്ന് മറ്റു ഗ്രൂപ്പുകള്‍

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ജനസമ്പര്‍ക്കത്തിന്റെ രണ്ടാംഘട്ടം ഇന്നലെ എറണാകുളം ജില്ലയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും പ്രത്യേകിച്ച് എ വിഭാഗത്തിന്റെയും പരിപാടിയാക്കി മാറ്റിക്കളഞ്ഞതായി കോണ്‍ഗ്രസിലെ മറ്റ് ഗ്രൂപ്പുകള്‍ക്ക് ആക്ഷേപം. മുഖ്യമന്ത്രി കഴിഞ്ഞാല്‍ പരിപാടിയിലെ ആദ്യവസാനക്കാരന്‍ എക്‌സൈസ് മന്ത്രിയും എ ഗ്രൂപ്പുകാരനുമായ കെ ബാബുവായിരുന്നു. പരിപാടിയുടെ നടത്തിപ്പ് സംബന്ധിച്ച ചര്‍ച്ചകളിലും അവലോകനങ്ങളിലും തലേന്നുവരെ ജില്ലക്കാരായ ഘടകകക്ഷി മന്ത്രിമാര്‍ക്കു പോലും റോളുണ്ടായിരുന്നില്ല. ഇതിനിടെ മുന്‍മന്ത്രിയും എംഎല്‍എയുമായ എസ് ശര്‍മ്മ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫിലെ ജനപ്രതിനിധികളെ പരിഗണിക്കാതെ അപമാനിച്ചതായും പരാതിയുയര്‍ന്നു.

അനാവശ്യമായി കനത്ത സുരക്ഷാ വലയമൊരുക്കി അരങ്ങേറിയ ജനസമ്പര്‍ക്കം അശാസ്ത്രീയമായ നടത്തിപ്പിലൂടെ പരിപാടിക്കെത്തിയ ജനങ്ങളെയാകെ വലച്ചു. 10000 പേരുടെ പങ്കാളിത്തമുണ്ടാകുമെന്ന് കൊട്ടിഘോഷിച്ച പരിപാടിക്കായി സിവില്‍സ്റ്റേഷന്‍ വളപ്പില്‍ 5000 പേര്‍ക്കുള്ള പന്തലൊരുക്കിയപ്പോള്‍ത്തന്നെ ആസൂത്രണത്തിനു പിന്നിലെ ആത്മാര്‍ത്ഥതയില്ലായ്മ ചോദ്യം ചെയ്യപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി കെ വി തോമസാണെങ്കില്‍ അദ്ദേഹത്തിന്റെ മുന്‍ കൈയില്‍ തന്റെയും മുഖ്യമന്ത്രിയുടെയും പടങ്ങള്‍ അച്ചടിച്ച സൗജന്യ ഭക്ഷണ പായ്ക്കറ്റുകള്‍ 10000 പേര്‍ക്കായി കരുതവയ്ക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയെ കാത്തിരിക്കുമ്പോള്‍ ജനത്തിനുണ്ടാകുന്ന വിരസത അകറ്റാനും വായിച്ച് മനഃപാഠമാക്കാനും ഭക്ഷണ പായ്ക്കറ്റുകളുടെ നാലുവശത്തും ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള സൂക്തങ്ങള്‍ ആലേഖനം ചെയ്യുകയും ചെയ്തു.

ജനസമ്പര്‍ക്കവേദിയിലോ പന്തലിലോ ഒരു കാരണവശാലും പ്രതിഷേധം സൃഷ്ടിക്കുകയില്ലെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയില്ലെന്നും എല്‍ഡിഎഫ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും സംഘര്‍ഷ സാധ്യത തുലോം കുറവായിരുന്നിട്ടും വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ കലക്ടറേറ്റ് വളപ്പും പരിസര പ്രദേശങ്ങളിലെ റോഡുകളും കനത്ത പൊലീസ് വലയത്തിലാക്കിയിരുന്നു. ദ്രുതകര്‍മ്മസേനയടക്കം 2000ത്തോളം പൊലീസുകാരെയാണ് വിന്യസിപ്പിച്ചത്. മഫ്തി വേഷക്കാര്‍ വേറെ.

സമീപ ജില്ലകളില്‍നിന്നുള്ള പൊലീസ് മേധാവികളെ സുരക്ഷാ ജോലികള്‍ക്കായി വിളിച്ചുവരുത്തുകയും ചെയ്തു. എന്തോ അപകടം സംഭവിക്കാന്‍ പോകുന്നു എന്ന ഭീതി ജനങ്ങളിലുണ്ടാക്കുന്നതില്‍ തുടക്കം മുതലേ സര്‍ക്കാര്‍ വിജയിച്ചു. ജനസമ്പര്‍ക്കം നടക്കുന്നതിന്റെ ഒരു കിലോമീറ്റര്‍ അകലെ വച്ചുതന്നെ എല്‍ഡിഎഫ് പ്രവര്‍ത്തകരെ തടഞ്ഞു. 200 മീറ്റര്‍ അകലെ തടയുമെന്നായിരുന്നു തലേന്നത്തെ പ്രഖ്യാപനം. പ്രദേശവാസികള്‍ക്കും വിവിധ ഓഫീസുകളിലേക്കുള്ള ജോലിക്കാര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ജനങ്ങള്‍ക്കും പൊലീസ് മനഃപൂര്‍വ്വമുണ്ടാക്കിയ ദുരിതം എല്‍ഡിഎഫിന്റെ ചെലവിലെഴുതാന്‍ ചില ദൃശ്യമാധ്യമങ്ങള്‍ മുന്നിട്ടിറങ്ങിയതും കൗതുകമായി.

ജനസമ്പര്‍ക്ക പരിപാടിയുടെ രണ്ടാംഘട്ടത്തിലെ രണ്ടാം വേദിയായിരുന്നു എറണാകുളം ജില്ലയിലേത്. ആദ്യഘട്ടത്തില്‍ ഭൂമിക്ക് അവകാശികളായെന്ന് പ്രഖ്യാപിച്ചവര്‍ക്ക് ഇതേവരെ അത് സംബന്ധിച്ച രേഖകള്‍ ലഭിച്ചില്ലെന്ന പരാതിയുമായി എത്തിയവരുമുണ്ടായിരുന്നു കൂട്ടത്തില്‍. നേരത്തെ നല്‍കിയ പരാതിക്ക് ഇപ്രാവശ്യം പരിഹാരമുണ്ടാകുമെന്ന വാഗ്ദാനം വിശ്വസിച്ചെത്തിയവരായിരുന്നു അവര്‍. പ്രതീക്ഷിച്ച പരിഹാരം കാര്യമായി ഈ വേദയിലുമുണ്ടായില്ല. ഇതിനുമൊക്കെപ്പുറമെയാണ് കോടിക്കണക്കിന് രൂപ വാരിയെറിഞ്ഞ് വന്‍ പ്രചാരണ കോലാഹലത്തോടെ സംഘടിപ്പിച്ച ജനസമ്പര്‍ക്കം എ ഗ്രൂപ്പിന്റെ ആഘോഷമാക്കി മാറ്റിക്കളഞ്ഞതില്‍ കോണ്‍ഗ്രസിലെ മറ്റു വിഭാഗങ്ങള്‍ക്കുള്ള അമര്‍ഷവും ആക്ഷേപവും

ബേബി ആലുവ janayugom

No comments:

Post a Comment