Tuesday, October 1, 2013

ക്ഷേത്രങ്ങളിലെ സ്വര്‍ണശേഖരം: റിസര്‍വ് ബാങ്കിന്റെ കത്തിനെതിരെ സംഘ്പരിവാര്‍ രംഗത്ത്

രാജ്യത്തെ ക്ഷേത്രങ്ങളുടെ പക്കലുള്ള സ്വര്‍ണ ശേഖരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അയച്ച കത്ത് വിവാദമാകുന്നു. സംഘ്പരിവാര്‍ സംഘടനകളും കേരളത്തിലെ ചില ദേവസ്വം ബോര്‍ഡുകളും റിസര്‍വ് ബാങ്ക് നീക്കത്തെ ചോദ്യം ചെയ്യുമ്പോള്‍ തിരുപ്പതി ക്ഷേത്ര ഭരണസമിതി ഉള്‍പ്പടെയുള്ള ചില ക്ഷേത്രങ്ങള്‍ റിസര്‍വ് ബാങ്കിനോട് സഹകരിക്കുന്നുണ്ട്.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച് കുറഞ്ഞത് 2000 ടണ്‍ സ്വര്‍ണശേഖരം ക്ഷേത്രങ്ങളുടെ പക്കലുണ്ട്. ഇപ്പോഴത്തെ വിലയനുസരിച്ച് 8400 കോടി ഡോളര്‍ വരും. ആഭരണങ്ങളുടെയും ബിസ്‌ക്കറ്റുകളുടെയും നാണയങ്ങളുടെയും ശരീര അവയവങ്ങളുടെയും മൃഗങ്ങളുടെയും മറ്റും രൂപത്തില്‍ ഭക്തന്മാര്‍ നേര്‍ച്ചയായി നല്‍കിയവയാണിവ.

വര്‍ധിച്ചു വരുന്ന കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ സ്വര്‍ണ ഇറക്കുമതി കുറയ്ക്കുന്നതിനും രാജ്യത്തെ സ്വര്‍ണശേഖരം കമ്പോളത്തിലേക്കിറക്കുന്നതിന്റെയും ഭാഗമായാണ് വിവരങ്ങള്‍ ശേഖരിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്.

അവശ്യവസ്തുവല്ലാത്ത സ്വര്‍ണത്തിന്റെ ഇറക്കുമതിക്കായി ഭാരിച്ച തുകയാണ് ചിലവഴിക്കുന്നത്. 2013 മാര്‍ച്ച് 31 ന് അവസാനിച്ച ഒരു വര്‍ഷക്കാലയളവില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത് 5400 കോടി ഡോളറിന്റെ സ്വര്‍ണമാണ്. ഇന്ത്യക്കാര്‍ ഒരു ദിവസം ശരാശരി 2.3 ടണ്‍ സ്വര്‍ണം വാങ്ങുന്നതായാണ് കണക്ക്. നാണയപ്പെരുപ്പത്തിനെതിരെയും അവശ്യസന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള കരുതല്‍ ധനമെന്ന നിലയിലുമാണ് ഇന്ത്യാക്കാര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്.

സ്വര്‍ണ ഇറക്കുമതിയെക്കുറിച്ചും ബാങ്കിംഗ് മേഖല്ക്ക് പുറത്തുള്ള സ്വര്‍ണ പണയങ്ങളെക്കുറിച്ചും പഠിക്കുന്നതിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്ക് കത്തയച്ചത്. സ്വര്‍ണ ശേഖരം പണമായി മാറ്റുന്നതിനെക്കുറിച്ചുള്ള നിര്‍ദേശമൊന്നുമില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

ക്ഷേത്രങ്ങളുടെ സ്വര്‍ണം ഏറ്റെടുക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് കേരള സംസ്ഥാന ഘടകം ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പക്കലുള്ള സ്വര്‍ണത്തിന്റെ വിവരം ആരെയും അറിയിക്കില്ലെന്ന് ദേവസ്വം കമ്മിഷണര്‍ പറഞ്ഞു. കൊച്ചി ദേവസ്വം ബോര്‍ഡും സമാനമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. 2000 കോടി ഡോളറിന്റെ സ്വര്‍ണം നിലവറകളിലുണ്ടെന്ന് കരുതപ്പെടുന്ന തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് റിസര്‍വ് ബാങ്കില്‍ നിന്നും കത്തൊന്നും ലഭിച്ചിട്ടില്ല. അതേസമയം രാജ്യത്തെ ഏറ്റവും സമ്പന്ന ക്ഷേത്രമായ തിരുപ്പതി ക്ഷേത്രം വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. 2250 കിലോ സ്വര്‍ണമാണ് ക്ഷേത്ര ഭരണസമിതി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷേപിച്ചിട്ടുള്ളത്. അതിന്റെ പലിശ ക്ഷേത്രത്തിന് ലഭിക്കുന്നുണ്ട്. ബോളിവുഡ് താരങ്ങള്‍ പ്രാര്‍ഥിക്കാനെത്തുന്ന മുംബൈയിലെ ശ്രീസിദ്ധിവിനായക് ക്ഷേത്രം 10 കിലോ സ്വര്‍ണം ഇതിനകം നിക്ഷേപിച്ചിട്ടുണ്ട്. നിലവറയിലെ 140 കിലോ സ്വര്‍ണം കൂടി നിക്ഷേപിക്കാന്‍ പദ്ധതിയുണ്ട്.

janayugom

No comments:

Post a Comment