കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു. സര്‍ക്കാരിന്റെ സഹായം പാര്‍ടിക്കും തിരിച്ചും ഉണ്ടാകണമെന്നും ഇരുവരും യോജിച്ചുപോകണമെന്നും സോണിയ നിര്‍ദേശിച്ചു. ഉമ്മന്‍ചാണ്ടിയെയും ഓഫീസിനെയും പറ്റിയുള്ള ആക്ഷേപങ്ങള്‍ ഭരണത്തിന്റെ പ്രതിച്ഛായ അമ്പേ തകര്‍ത്തെന്ന് ഐ ഗ്രൂപ്പു നേതാക്കള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് സോണിയയെ കണ്ട് പരാതിപ്പെട്ടു. കെപിസിസി പ്രസിഡന്റിനെപ്പോലും മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കുന്നില്ല. കൂടിയാലോചനയില്ലാതെയുള്ള ഏകപക്ഷീയ ഭരണം കുറ്റവാളികള്‍ക്കും അധോലോകത്തിനും ഗുണമാണെന്ന അഭിപ്രായം നാട്ടില്‍ പരക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. സോളാര്‍ തട്ടിപ്പും സ്വര്‍ണക്കടത്ത് കേസും അതു സൃഷ്ടിച്ച മോശം അന്തരീക്ഷവും കെ മുരളീധരന്‍ വിവരിച്ചു. സ്വന്തം ഓഫീസ് നോക്കാന്‍ കഴിയാത്ത ആള്‍ എങ്ങനെ സംസ്ഥാനത്തെ സംരക്ഷിക്കുമെന്ന് ആലോചിക്കണമെന്നും മുരളീധരന്‍ പറഞ്ഞതായാണ് സൂചന. ഉമ്മന്‍ചാണ്ടിക്കെതിരെ യുക്തിപൂര്‍വമായ വസ്തുതകള്‍ നിരത്തിയാണ് വി എം സുധീരന്‍ സംസാരിച്ചത്. ഭരണനടപടികള്‍ കാരണം സമുദായസ്പര്‍ധ എങ്ങനെ വളര്‍ന്നുവെന്നതടക്കം അദ്ദേഹം വിശദീകരിച്ചു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ രമേശ് ചെന്നിത്തലയെ വെറും മന്ത്രിയാക്കിയതുകൊണ്ട് പ്രതിസന്ധി പരിഹരിക്കാനാകില്ലെന്ന് പന്തളം സുധാകരന്‍ അഭിപ്രായപ്പെട്ടു. ഭരണത്തിന്റെ പോക്കില്‍ ജനങ്ങള്‍ക്ക് കടുത്ത അതൃപ്തിയുണ്ടെന്ന് മുന്‍ഗവര്‍ണര്‍ എം എം ജേക്കബ് ചൂണ്ടിക്കാട്ടി. എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകളെ മുഖ്യമന്ത്രി പിണക്കിയതിന്റെ ആപത്തും അദ്ദേഹം വിവരിച്ചു. മുഖ്യമന്ത്രിയും കൂട്ടരും എല്‍ഡിഎഫിനെ സഹായിക്കുന്നുവെന്ന് ഐ ഗ്രൂപ്പ് ആക്ഷേപമുന്നയിച്ചപ്പോള്‍ അതു ചെയ്യുന്നത് ഐ ഗ്രൂപ്പാണെന്ന് എ തിരിച്ചടിച്ചു. കൂടിക്കാഴ്ചയില്‍ എഐസിസി ജനറല്‍സെക്രട്ടറി മുകുള്‍വാസ്നിക്കും ഉണ്ടായിരുന്നു.
സോണിയ പോയതിനു പിന്നാലെ യുഡിഎഫ് യോഗം ചേര്‍ന്നപ്പോള്‍ ഡാറ്റ സെന്റര്‍ കൈമാറ്റക്കേസില്‍ സിബിഐ അന്വേഷണം നടത്തേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് കക്ഷിഭേദമെന്യേ ചോദ്യംചെയ്യപ്പെട്ടു. സിബിഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും വിവിധ കക്ഷിനേതാക്കളും ആവശ്യപ്പെട്ടു. ഇത് നടപ്പാക്കുന്നില്ലെങ്കില്‍ താന്‍ പരസ്യനിലപാട് സ്വീകരിക്കുമെന്ന മുന്നറിയിപ്പ് രമേശ് നല്‍കി. മന്ത്രിസഭാ തീരുമാനം നിലനില്‍ക്കെ സിബിഐ അന്വേഷണം വേണ്ടെന്ന് എങ്ങനെ മുഖ്യമന്ത്രി തീരുമാനിച്ചെന്ന് കണ്‍വീനര്‍ പി പി തങ്കച്ചന്‍ യോഗത്തില്‍ ചോദിച്ചു. വിവാദ ദല്ലാള്‍ ടി ജി നന്ദകുമാറും ആഭ്യന്തരമന്ത്രിയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും പരാമര്‍ശങ്ങളുണ്ടായി. ഡാറ്റ സെന്റര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പൊതുവികാരത്തില്‍ യോഗം എത്തി. ക്ലിഫ്ഹൗസില്‍ നടന്ന യോഗത്തില്‍ സോഷ്യലിസ്റ്റ് ജനത നേതാവ് എം പി വീരേന്ദ്രകുമാര്‍ പങ്കെടുത്തില്ല. യുഡിഎഫ് യോഗം 10നു വീണ്ടും ചേരും.
(ആര്‍ എസ് ബാബു)
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി ഐഗ്രൂപ്പ്
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പരാതിയുമായി ഐഗ്രൂപ്പ് രംഗത്ത്. മുഖ്യമന്ത്രി എല്ലാവരെയും വിശ്വാസത്തിലെടുക്കുന്നില്ല, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയോട് പോലും പലകാര്യങ്ങളിലും കൂടിയാലോചനകള്‍ നടത്തുന്നില്ല എന്നീ പരാതികളാണ് ഐഗ്രൂപ്പുകാര്‍ പ്രധാനമായും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് പറഞ്ഞത്. പരസ്യപ്രസ്താവനകള്‍ നിര്‍ത്താന്‍ കര്‍ശന നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി എഗ്രൂപ്പും സോണിയ ഗാന്ധിയെ സമീപിച്ചു.
വി എം സുധീരന്‍, കെ മുരളീധരന്‍ എന്നിവര്‍ തിങ്കളാഴ്ച സോണിയ ഗാന്ധിയെക്കണ്ട് പ്രത്യേകം ചര്‍ച്ച നടത്തി. ഭരണത്തിലെ പോരായ്മകളെക്കുറിച്ചും ആവശ്യമായ തിരുത്തല്‍ നടപടികളെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച നടത്തി. സംഘടന വിഷയങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് സോണിയ ഉറപ്പ് നല്‍കി. ലോക് സഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും സോണിയ നിര്‍ദ്ദേശിച്ചു.
സോണിയ മടങ്ങി: ഗതാഗതം തടസ്സപ്പെടുത്തി ഉദ്ഘാടന മഹാമഹം
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തിങ്കളാഴ്ചയും മണിക്കൂറുകളോളം ഗതാഗതം തടഞ്ഞു. നഗരത്തിലെ പ്രധാനറോഡുകള്‍ ഉള്‍പ്പെടെയുള്ള വഴികളെല്ലാം രാവിലെ മുതല്‍ തന്നെ പൊലീസ് തടഞ്ഞതിനാല്‍ കാല്‍നടയാത്രക്കാരും ഏറെ ബുദ്ധിമുട്ടി. കവടിയാറിലും വെള്ളയമ്പലത്തും പാളയംമുതല്‍ പുളിമൂട്വരെയുള്ള വീഥിയിലും കര്‍ശനമായ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. ഇതുകാരണം വിദ്യാര്‍ഥികളും ജോലിക്കാരും നന്നേ വലഞ്ഞു. വെള്ളയമ്പലത്തുനിന്ന് ബസുകളും മറ്റു വാഹനങ്ങളും തലങ്ങും വിലങ്ങും തിരിച്ചുവിട്ടു. ഇതോടൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയറ്റ് ഉപരോധിക്കുകയും ചെയ്തതോടെ ഗതാഗതതടസ്സം കൂടുതല്‍ സങ്കീര്‍ണമായി. ഞായറാഴ്ച ഉച്ചയോടെ തുടങ്ങിയ നഗരത്തിലെ "ശ്വാസംമുട്ടലിന്" തിങ്കളാഴ്ച സോണിയ മൈസൂരുവിലേക്ക് പോയതോടെയാണ് ശമനമായത്. സോണിയ കടന്നുപോയ റോഡിന് ഇരുവശത്തുമുള്ള തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള ചെറിയ കടകളും തുറക്കാന്‍ സമ്മതിച്ചില്ല. സെക്രട്ടറിയറ്റ്, ഏജീസ് ഓഫീസ് എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് പലര്‍ക്കും അകത്ത്കടക്കാന്‍ കഴിയാത്ത അവസ്ഥയായി.
സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ഭൂരഹിതരില്ലാത്ത കേരളം പരിപാടിയാണ് ആദ്യം നടന്നത്. പകല്‍ 11നാണ് ഉദ്ഘാടനച്ചടങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, രാവിലെ ഒമ്പതുമുതല്‍തന്നെ സെന്റര്‍ സ്റ്റേഡിയത്തിലേക്ക് കടക്കുന്ന റോഡുകളെല്ലാംതന്നെ പൊലീസ് വലയത്തിലാക്കി. സെക്രട്ടറിയറ്റിനുള്ളില്‍ വിവിധ ജില്ലകളില്‍നിന്ന് എത്തിയ കോണ്‍ഗ്രസ് നേതാക്കളുടെ സ്വകാര്യവാഹനങ്ങള്‍ കൈയടക്കിയതിനാല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ പുറത്താണ് പാര്‍ക്ക് ചെയ്തത്. സെക്രട്ടറിയറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവരും വലഞ്ഞു. ബേക്കറി ജങ്ഷന്‍, വഴുതക്കാട് എന്നിവിടങ്ങളിലും വാഹനങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നു.
സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പരിപാടിക്കുശേഷം ആക്കുളത്തെ ആര്‍ജിബിസിയുടെ ബയോ ഇന്നവേഷന്‍ സെന്ററിന്റെ തറക്കല്ലിടല്‍ ചടങ്ങിനാണ് സോണിയ പോയത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പരിപാടി ആരംഭിക്കുന്നതിനുമുമ്പുതന്നെ ആക്കുളത്തേക്കുള്ള റോഡും പൊലീസ് തടഞ്ഞിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗികളെയും കൊണ്ടുപോയ നിരവധി വാഹനങ്ങള്‍ റോഡില്‍ തടഞ്ഞിട്ടു. ആക്കുളത്ത് ആര്‍ജിബിസിയുടെ പരിസരത്തുള്ള വീട്ടുകാര്‍ക്കുപോലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായി. സുരക്ഷാകാരണം പറഞ്ഞ് പൊലീസ് വീടുകളിലെത്തി ആരോടും പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കി. ബയോ ഇന്നവേഷന്‍ സെന്ററിന്റെ ഉദ്ഘാടനശേഷം ഉച്ചയ്ക്ക് കുമാരപുരം-കിംസ് ആശുപത്രി-വെണ്‍പാലവട്ടം ബൈപാസ് വഴിയാണ് സോണിയ വിമാനത്താവളത്തിലേക്ക് പോയത്.
deshabhimani
No comments:
Post a Comment