Tuesday, October 1, 2013

കാര്‍ഷിക- ഭവന വായ്പകള്‍ക്ക് വീണ്ടും ഗഹാന്‍ ഫീസ്

സഹകരണ ബാങ്കുകളില്‍നിന്ന് കാര്‍ഷികവായ്പയും ഭവനവായ്പയും എടുക്കുന്നവര്‍ക്ക് പണയാധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന വകയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഗഹാന്‍ ഫീസ് ഈടാക്കാന്‍ തീരുമാനം. കാര്‍ഷികവായ്പയ്ക്ക് വായ്പാതുകയുടെ രണ്ടുശതമാനവും ഭവനനിര്‍മാണവായ്പ എടുക്കുന്നവരില്‍നിന്ന് ഒരു ശതമാനവും ഫീസാണ് ഈടാക്കുക. ഉത്തരവ് ഒക്ടോബര്‍ ഒന്നിന് നിലവില്‍ വരും. കാര്‍ഷിക വികസന ബാങ്ക്, സര്‍വീസ് സഹകരണബാങ്ക്, ഹൗസിങ് സൊസൈറ്റികള്‍ എന്നിവയെയെല്ലാം സര്‍ക്കാര്‍ ഉത്തരവ് പ്രതികൂലമായി ബാധിക്കും. പുതിയ നിരക്ക് ചുമത്തിയതോടെ അഞ്ചുലക്ഷം രൂപ വായ്പയെടുക്കുന്നവര്‍ പതിനായിരം രൂപ അടയ്ക്കണം. മുമ്പ് വായ്പയെടുത്തവര്‍ ഒക്ടോബര്‍ ഒന്നിനുശേഷമാണ് വായ്പ അടച്ചുതീര്‍ക്കുന്നതെങ്കില്‍ അവരും ഈ ഫീസ് നല്‍കണം. വായ്പയെടുക്കുന്ന സമയത്ത് ഗഹാന് ചുമത്തുന്ന രണ്ട് ശതമാനം ഫീസും തിരിച്ചടയ്ക്കുമ്പോള്‍ പലിശ ഉള്‍പ്പെടെയുള്ള സംഖ്യയുടെ രണ്ട് ശതമാനം ഫീസും ചേര്‍ക്കുമ്പോള്‍ അഞ്ചു ശതമാനത്തോളം തുക അധികമായി അടയ്ക്കേണ്ടിവരും.

റവന്യു കമ്മി നികത്തുന്നതിന് അധിക വിഭവസമാഹരണത്തിന്റെ പേരിലാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍ത്തലാക്കിയ ഫീസ് പുനഃസ്ഥാപിക്കുന്നത്. ഏതാനും ആഴ്ചകള്‍ മുമ്പാണ് ബാധ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള വിവിധ സേവനങ്ങള്‍ക്ക് പത്തിരട്ടിയിലധികം ഫീസ് വര്‍ധിപ്പിച്ചത്. ഇതിനുപുറമെ വസ്തു ഇടപാടുകാരെ അണ്ടര്‍ വാല്വേഷന്റെ മറവിലും സര്‍ക്കാര്‍ അഞ്ഞൂറു കോടിയോളം രൂപ കൊള്ളയടിക്കാന്‍ നീക്കം നടത്തുന്നുണ്ട്. 1990മുതല്‍ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളില്‍ മുദ്രവില കുറവാണെന്നു കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്ത പ്രമാണങ്ങള്‍ മുമ്പ് നികുതി കൊടുത്തതാണെങ്കിലും വീണ്ടും നികുതികൊടുക്കാന്‍ ബാധ്യസ്ഥരാകും. പരമാവധി ആളുകളില്‍നിന്നും ഇത്തരത്തില്‍ പണം ഈടാക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. ഈ തുക ഒടുക്കിയ രേഖ കാണിച്ചില്ലെങ്കില്‍ വായ്പ ലഭിക്കില്ല. പണം നല്‍കാത്തവരില്‍ നിന്ന് റവന്യു റിക്കവറിയും നടത്തും. ഇതിനായി സബ് രജിസ്ട്രാര്‍ ഓഫീസര്‍മാര്‍ക്ക് ടാര്‍ജറ്റ് നല്‍കിയിട്ടുണ്ട്. ഇത് പൂര്‍ത്തീകരിച്ചില്ലെങ്കില്‍ സ്ഥലംമാറ്റം അടക്കമുള്ള നടപടികള്‍ ഓഫീസര്‍മാര്‍ക്കുണ്ടാകും. സഹകരണ ബാങ്കുകളില്‍നിന്നെടുക്കുന്ന വായ്പയ്ക്ക് സെപ്തംബര്‍ ഒന്നുമുതല്‍ രണ്ട് ശതമാനം ഓഹരി അനുപാതം സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. മുമ്പ് ഇത് ഒരു ശതമാനമായിരുന്നു. റിസ്ക് ഫണ്ട് തുടങ്ങി മറ്റിനങ്ങളിലായി ഒരു ശതമാനം തുക കൂടി അടയ്ക്കണം. ഇതു കൂടാതെ 15 ശതമാനം പലിശയും. എല്ലാംചേര്‍ന്ന് സഹകരണ ബാങ്കുകളില്‍ നിന്നുള്ള വായ്പ സാധാരണക്കാരന് അപ്രാപ്യമാക്കും.

ഗഹാന്‍ ഫീസ് പിന്‍വലിക്കണം: കര്‍ഷകസംഘം

സഹകരണ ബാങ്കുകളില്‍നിന്ന് ഭവന വായ്പയും കാര്‍ഷിക വായ്പയും എടുക്കുമ്പോള്‍ ഗഹാന്‍ ഫീസ് ഈടാക്കാന്‍ വീണ്ടും തീരുമാനിച്ചതിനെ കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്ണന്‍ അപലപിച്ചു. തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വായ്പയെടുക്കുമ്പോള്‍ വായ്പാ തുകയുടെ രണ്ട് ശതമാനവും തിരിച്ചടയ്ക്കുമ്പോള്‍ പലിശയടക്കം ചേര്‍ന്ന തുകയുടെ രണ്ട് ശതമാനവും തിരിച്ചടയ്ക്കുക വഴി അഞ്ച് ശതമാനത്തോളം രൂപയാണ് കര്‍ഷകരില്‍നിന്ന് പിരിക്കാന്‍ തീരുമാനിച്ചത്. ഒക്ടോബര്‍ ഒന്നു മുതല്‍ നടപ്പാക്കുമെന്നും ശേഷം തിരിച്ചടവ് പൂര്‍ത്തിയാക്കുന്ന എല്ലാ വായ്പകള്‍ക്കും ഇത് ബാധകമാക്കുമെന്നുമാണ് ഉത്തരവില്‍ വ്യക്തമാക്കിയത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ബാധ്യതാ സര്‍ട്ടിഫിക്കറ്റുകളടക്കം വിവിധ സേവനങ്ങള്‍ക്ക് പത്തിരട്ടിയിലധികം ചാര്‍ജ് വര്‍ധിപ്പിച്ച സര്‍ക്കാര്‍ കര്‍ഷകരുടെയും സാധാരണക്കാരുടെയും മേല്‍ വന്‍ബാധ്യത അടിച്ചേല്‍പ്പിക്കുകയാണെന്നും കര്‍ഷകസംഘം വ്യക്തമാക്കി.

deshabhimani

No comments:

Post a Comment