Friday, October 25, 2013

കല്‍ക്കരിപ്പാടം അഴിമതി: പ്രധാനമന്ത്രിക്ക് സിബിഐയുടെ ചോദ്യാവലി

കല്‍ക്കരിപ്പാടം അഴിമതികേസില്‍ മൊഴിയെടുക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് സി.ബി.ഐ ചോദ്യാവലി കൈമറി. പ്രധാനമന്ത്രിയുടെ മറുപടിക്കനുസരിച്ചായിരിക്കും ചോദ്യംചെയ്യണമോയെന്ന് തീരുമാനിക്കകയെന്നും സി.ബി.ഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.സി.ബി.ഐക്ക് തന്നെ ചോദ്യംചെയ്യാമെന്നും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു.

കേസില്‍ ഇതുവരെ 14 പ്രഥമവിവര റിപ്പോര്‍ട്ടുകളാണ് സി.ബി.ഐ ഫയല്‍ ചെയ്തത്. മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറി പി സി പരാഖിനെയും ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ളയേയും പ്രതിചേര്‍ത്ത് അവസാനം രജിസ്റ്റര്‍ ചെയ്ത റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രിക്ക് ചോദ്യാവലി നല്‍കിയത്. 2005 ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കല്‍ക്കരിവകുപ്പിന്റെ ചുമതല വഹിക്കുന്ന സമയത്താണ് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള ഹിന്‍ഡാല്‍കോ കമ്പനിക്ക് കല്‍ക്കരിപ്പാടം അനുവദിച്ചത്. തീരുമാനം യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും അത് പൂര്‍ണമായും ശരിയാണെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫിസി(പി.എം.ഒ)ന്റെ നിലപാട്.

ഒഡിഷയിലെ തലബീര കല്‍ക്കരിപ്പാടങ്ങള്‍ ഹിന്‍ഡാല്‍കോയ്ക്ക് നല്‍കാനുള്ള അന്തിമതീരുമാനമെടുക്കുംമുമ്പ് ഫയലുകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടിരുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു. യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത്. ഹിന്‍ഡാല്‍കോയ്ക്ക് പാടം അനുവദിക്കാന്‍ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ ശുപാര്‍ശയുമുണ്ടായിരുന്നതായും പി.എം.ഒ. പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു. കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി പി.സി. പരാഖിനെയും കുമാരമംഗലം ബിര്‍ളയെയും സി.ബി.ഐ. കേസിലുള്‍പ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ, ഭഞാന്‍ തെറ്റുകാരനെന്ന് സി.ബി.ഐ. കരുതുന്നെങ്കില്‍, പ്രധാനമന്ത്രിക്കും തുല്യ ഉത്തരവാദിത്വമുണ്ട് എന്ന പരാഖ് വെളിപ്പെടുത്തിയിരുന്നു.

deshabhimani

No comments:

Post a Comment