Tuesday, October 1, 2013

അനുവദിച്ച സമയം നാളെ കഴിയും; ഭൂരിപക്ഷം ബസിലും വേഗപ്പൂട്ടായില്ല

വേഗപ്പൂട്ട് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച സമയം ബുധനാഴ്ച അവസാനിക്കാനിരിക്കെ കെഎസ്ആര്‍ടിസി ഉള്‍പ്പടെ ബഹുഭൂരിപക്ഷം ബസുകളിലും സംവിധാനം ഘടിപ്പിച്ചിട്ടില്ല. സമയപരിധി കഴിയുന്ന മുറയ്ക്ക് പരിശോധന കര്‍ശനമാക്കി നടപടി സ്വീകരിക്കാനാണ് തീരുമാനം. വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുളള നടപടികളുണ്ടാകുമെന്ന് ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ സി എം സെയ്ദ്മുഹമ്മദ് അറിയിച്ചു. സമയപരിധിക്കകം വേഗപ്പൂട്ട് ഘടിപ്പിക്കുമെന്നും എന്നാല്‍, നേരത്തെ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് പരിഹാരം ഇനിയുമായിട്ടില്ലെന്നുമാണ് ബസുടമകള്‍ പറയുന്നത്. വേഗപ്പൂട്ട് ഘടിപ്പിക്കാന്‍ നടപടി സ്വീകരിച്ചുവരികയാണെന്ന് കെഎസ്ആര്‍ടിസി അധികൃതരും അറിയിച്ചു. വേഗപ്പൂട്ട് ഘടിപ്പിക്കാത്ത വാഹനം അപകടത്തില്‍പ്പെട്ടാല്‍ സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരം ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരെവരെ പ്രതിചേര്‍ക്കാവുന്നതാണ്.

സെപ്തംബര്‍ ആറിന് പെരിന്തല്‍മണ്ണയ്ക്കടുത്ത് മിനിബസ് മറിഞ്ഞ് 14 പേര്‍ മരിച്ചതിനെത്തുടര്‍ന്നാണ് ബസുകളില്‍ വേഗപ്പൂട്ട് നിര്‍ബന്ധമാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് നടപടി കര്‍ശനമാക്കിയത്. ഇതിനെതിരെ സ്വകാര്യ ബസുടമകള്‍ സമരവുമായി രംഗത്തെത്തിയതോടെയാണ് വേഗപ്പൂട്ട് ഘടിപ്പിക്കാന്‍ സമയപരിധി അനുവദിച്ചത്. പെരിന്തല്‍മണ്ണ ദുരന്തത്തെതുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയപ്പോഴാണ് മിക്ക വാഹനങ്ങളിലും വേഗപ്പൂട്ടില്ലെന്ന്കണ്ടെത്തിയത്. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കി, പലര്‍ക്കും നോട്ടീസ് നല്‍കി. വേഗപ്പൂട്ട് പെട്ടെന്ന് കേടാവുന്നതിനാല്‍ ഇടയ്ക്കിടെ അറ്റകുറ്റപ്പണി നടത്താന്‍ വേണ്ട സൗകര്യം സംസ്ഥാനത്തില്ലെന്നാണ് ബസുടമകളുടെ വാദം. സര്‍ക്കാര്‍ നിര്‍ദേശിച്ച 15 കമ്പനികളാണ് ഇത് വിതരണം ചെയ്തത്. എന്നാല്‍, ഇതില്‍ രണ്ടു് കമ്പനികള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വേഗപ്പൂട്ട് നിര്‍മിക്കാനും അറ്റകുറ്റപ്പണി നടത്താനുമുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കെല്‍ട്രോണ്‍ പോലുള്ള കമ്പനികളെ ഏല്‍പ്പിക്കണമെന്നുമാണ് ബസുടമകളുടെ ആവശ്യം. ബസുകളില്‍ വേഗപ്പൂട്ട് ഘടിപ്പിച്ചാല്‍ നിലവിലുള്ള സമയക്രമത്തെ ബാധിക്കുമെന്നും ഇത് സ്വകാര്യബസുകളുടെ മത്സരയോട്ടം വര്‍ധിക്കാനിടയാക്കുമെന്നുമാണ് ബസുടമകള്‍ ഉയര്‍ത്തുന്ന മറ്റൊരു വാദം
(ഇ പി വിനയകൃഷ്ണന്‍)

deshabhimani

No comments:

Post a Comment