ഹവാല പണമിടപാട് സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റിനും കള്ളനോട്ട്, തീവ്രവാദബന്ധത്തെക്കുറിച്ച് എന്‍ഐഎക്കും അന്വേഷണം നടത്താമെങ്കിലും ആ വഴിക്ക് ഒരു നീക്കവും ഇതുവരെ ആരംഭിച്ചിട്ടില്ല. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മാഹി പള്ളൂര്‍ തൊണ്ടന്റവിട ഫയാസ് സിബിഐക്ക് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തീവ്രവാദ ഗ്രൂപ്പുകള്‍ രാജ്യത്താകെ വിതരണംചെയ്യുന്ന കള്ളനോട്ട് കേരളത്തിലെത്തിക്കുന്നതിനുള്ള ചുമതലയാണ് ഫയാസിനുള്ളത്. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായും ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് സൂചനയുണ്ട്. പാകിസ്ഥാനില്‍ അച്ചടിക്കുന്ന വ്യാജ കറന്‍സി ഇന്ത്യയിലെത്തിക്കുന്നതിന് നേതൃത്വം നല്‍കുന്ന ദാവൂദ് സംഘത്തിലെ പ്രധാനിയായ കാഞ്ഞങ്ങാട് കൊളവയലിലെ മുട്ടുന്തല ഹാജി എന്ന അബ്ദുള്ളഹാജിയാണ് കള്ളനോട്ടുകള്‍ ഫയാസിന് നല്‍കുന്നത്. ഇതിന് ഇടനിലക്കാരനായി കേന്ദ്രമന്ത്രിയുടെ അടുത്ത ബന്ധുവും ഉണ്ടെന്നാണ് ഫയാസിന്റെ മൊഴി. അബ്ദുള്ള ഹാജി രണ്ടുമാസംമുമ്പ് ഇന്റര്‍പോളിന്റെ പിടിയിലായതായി വിവരമുണ്ട്. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ സിബിഐ ഇന്റര്‍പോളിന് നല്‍കിയെങ്കിലും ഇതുവരെ ഇന്ത്യക്ക് കൈമാറിയിട്ടില്ല. കോഴിക്കോട് വിമാനത്താവളം, തളിപ്പറമ്പ്, കര്‍ണാടകത്തിലെ സുബ്രഹ്മണ്യ എന്നിവിടങ്ങളിലെ കള്ളനോട്ട് കേസിലെ പ്രധാന പ്രതിയാണ് അബ്ദുള്ളഹാജി. ഇയാള്‍ നാട്ടില്‍ വന്നിട്ട് 20 വര്‍ഷത്തോളമായെന്നാണ് ഔദ്യോഗിക വിവരം. എന്നാല്‍, വ്യാജ പാസ്പോര്‍ട്ടുപയോഗിച്ച് നിരവധി തവണ നാട്ടിലെത്തിയതായും വിവരമുണ്ട്.
ഗള്‍ഫില്‍നിന്ന് കൈമാറുന്ന കള്ളനോട്ടുകള്‍ കാരിയര്‍മാര്‍ മുഖേനയാണ് ഇന്ത്യയിലെത്തിക്കുന്നത്. കാരിയര്‍മാരെ കണ്ടെത്തുന്നതും അവര്‍ ഇവിടെയെത്തിയാല്‍ പണം ശേഖരിക്കുന്നതും ഫയാസാണ്. അബ്ദുള്ളഹാജിയും കേന്ദ്രമന്ത്രിയുടെ ബന്ധുവും നിര്‍ദേശിക്കുന്നവര്‍ക്ക് ഈ പണം കൈമാറുന്നതിനുപുറമെ റിയല്‍ എസ്റ്റേറ്റ് ബിസിനസിലും സ്വര്‍ണവ്യാപാരത്തിലും വന്‍തോതില്‍ കള്ളനോട്ട് ഉപയോഗിക്കുന്നു. സ്വര്‍ണവില കുത്തനെ കൂടിയതിനുശേഷമാണ് കള്ളനോട്ട് ഉപയോഗിച്ച് സ്വര്‍ണംവാങ്ങി ഇന്ത്യയിലേക്ക് കടത്തുന്നത് വ്യാപകമായത്. സ്വര്‍ണക്കടത്തില്‍ പിടിയിലായാല്‍ കള്ളനോട്ട് കേസിനേക്കാള്‍ ലഘുവായ ശിക്ഷയേ ലഭിക്കൂ. ദുബായ് കേന്ദ്രീകരിച്ച് നോട്ടിരട്ടിപ്പിക്കുന്നതിലും ഫയാസിന് ബന്ധമുള്ളതായി സൂചനയുണ്ട്.
(എം ഒ വര്‍ഗീസ്)
ഫയാസിന്റെയും 3 കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും അക്കൗണ്ട് മരവിപ്പിച്ചു
കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ സിബിഐ നിര്‍ദേശപ്രകാരം മരവിപ്പിച്ചു. കേസിലെ പ്രധാന കണ്ണി ഫയാസ്, സ്വര്‍ണം കടത്തിയ ഹാരിസ്, കസ്റ്റംസ് ഡെപ്യൂട്ടി കമീഷണര്‍ സി മാധവന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സുനില്‍കുമാര്‍, സഞ്ജയ്കുമാര്‍ സോണി എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. സിബിഐ അപേക്ഷ നല്‍കിയതനുസരിച്ച് ശനിയാഴ്ച ബാങ്കുകള്‍ നടപടിയെടുത്തു. ഫയാസും കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന നിരീക്ഷണക്യാമറാദൃശ്യങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നു സിബിഐയ്ക്ക് ലഭിച്ചു.
ആഗസ്ത് 21ന് നെടുമ്പാശേരി വിമാനത്താവളംവഴി സ്കാനിങ്പോലും നടത്താതെ 70 ഇഞ്ചിന്റെ കൂറ്റന്‍ എല്‍ഇഡി ടെലിവിഷന്‍ ചെറിയ ഡ്യൂട്ടി കെട്ടിവച്ച് കടത്തിക്കൊണ്ടുപോകാന്‍ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥന്‍ സഹായിച്ചതായി സിബിഐയ്ക്ക് വിവരം കിട്ടി. ഉദ്യോഗസ്ഥനുമൊത്തുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്. അഞ്ചുലക്ഷം രൂപവരുന്ന ടെലിവിഷന് രണ്ടരലക്ഷം രൂപ വിലയിട്ടാണ് കുറഞ്ഞ തുക ഡ്യൂട്ടി ഈടാക്കി ഫയാസിനു നല്‍കിയത്. ഇതിനെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സൂപ്രണ്ട് എതിര്‍ത്തു. തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഫയാസിനെ ഫോണ്‍ചെയ്തുവരുത്തി തുകയില്‍ ചെറിയ മാറ്റംവരുത്തി. 70 ഇഞ്ചിന്റെ സ്ക്രീനായതിനാല്‍ സ്്കാനിങ് മെഷീനിലൂടെ ടിവി കടത്താന്‍ കഴിയുമായിരുന്നില്ല. ഇതു മറയാക്കി ടിവിക്കൊപ്പം സ്വര്‍ണവും കടത്തിയിരിക്കാമെന്ന് സിബിഐ സംശയിക്കുന്നു. തന്നെ സഹായിച്ച അസിസ്റ്റന്റ് കമീഷണര്‍ക്ക് 45 ഇഞ്ചിന്റെ എല്‍ഇഡി ടെലിവിഷന്‍ ഫയാസ് സമ്മാനിച്ചതായും വിവരമുണ്ട്്. കസ്റ്റംസ് ഡെപ്യൂട്ടി കമീഷണര്‍ സി മാധവന് സീബ്രീസ് എന്ന സ്വകാര്യ കൊറിയര്‍ കമ്പനിയില്‍ പങ്കാളിത്തമുള്ളതായും സൂചനയുണ്ട്. നെടുമ്പാശേരി വഴി സ്വര്‍ണം കടത്താന്‍ ഫയാസിന് ഒത്താശചെയ്ത കേസില്‍ അഞ്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍കൂടി പ്രതികളായേക്കും. ഇതില്‍ ഒരു അസിസ്റ്റന്റ് കമീഷണറും ഉണ്ട്. ഇവര്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചതായി സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസില്‍ കസ്റ്റംസ് ഉന്നതര്‍ സംരക്ഷിക്കാന്‍ ശ്രമിച്ച അസിസ്റ്റന്റ് കമീഷണര്‍ അനില്‍കുമാറിനെ തിങ്കളാഴ്ച ചോദ്യംചെയ്തേക്കും. കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പ്രിവന്റീവ് ഓഫീസര്‍മാരെ ശനിയാഴ്ച ചോദ്യംചെയ്തിരുന്നു. ഇവരില്‍ മൂന്നുപേര്‍ കേസില്‍ പ്രതികളാകും. ഫയാസ് അടക്കമുള്ളവരെ ചോദ്യംചെയ്ത ശേഷമേ ഇവരെ പ്രതിചേര്‍ക്കൂ. ഫയാസിനെ കൂടുതല്‍ ചോദ്യംചെയ്യാന്‍ അനുമതിതേടി സിബിഐ രണ്ടു ദിവസത്തിനകം കോടതിയില്‍ അപേക്ഷനല്‍കും.
deshabhimani
No comments:
Post a Comment