വേലയ്ക്ക് കൂലി പണമായി കിട്ടാതിരുന്നകാലം. കയര്‍ മുതലാളിമാരുടെ മുന്നില്‍ യാചിച്ചുനില്‍ക്കുമ്പോള്‍ ബാര്‍ബര്‍ഷോപ്പിലേക്കും പലചരക്കുകടയിലേക്കും മറ്റും ചീട്ടു നല്‍കിയിരുന്ന ദുരവസ്ഥ. കൂലി പണമായി വാങ്ങണമെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞപ്പോള്‍ തൊളിലാളികള്‍ക്ക് സംശയം- "കിട്ടുമോ സഖാവെ?". രൂപയ്ക്ക് ഇരുപത്തിയെട്ടര ചക്രം എന്ന കണക്ക്, കൂലി തീര്‍ക്കുമ്പോള്‍ 23 ചക്രം മാത്രം. പാസിങ്, മൂപ്പന്‍കാശ്, ദേവികാശ്, ധര്‍മ്മാവ് എന്നിങ്ങനെ പിടിച്ചെടുക്കുന്നതിന്റെ ബാക്കിയാണ് 23 ചക്രം കൂലി. ഇന്നത്തെ ഡിപ്പോ സമ്പ്രദായത്തിന്റെ മറ്റൊരു പതിപ്പും അന്ന് നിലനിന്നിരുന്നു. ഒരു റോള്‍ പായ് സാധാരണ 50 വാരയാണ്. കൂലി നിശ്ചയിക്കുന്നതും 50 വാരയ്ക്കാണ്. 55 വാര നെയ്യുന്നതിന് 50 വാരയുടെ കൂലിയേ നല്‍കൂ. കൂലി തീര്‍ക്കുമ്പോള്‍ തൊഴിലാളി കമ്പനിക്ക് കടക്കാരനാവും. കൊല്ലവര്‍ഷം 1114ലെ പൊതുപണിമുടക്കിനെ തുടര്‍ന്ന് ഒരു രൂപയ്ക്ക് ഒരണകൂലി കൂടുതലായി ലഭിച്ചു. കൂലി പണമായിതന്നെ കിട്ടുകയും ചെയ്തു. കൂലിക്കൂടുതലിനു മാത്രമല്ല സാമൂഹ്യപ്രശ്നങ്ങള്‍കൂടി ഏറ്റെടുത്തപ്പോള്‍ മുഴുവന്‍ ജനങ്ങളുടെയും ആശാകേന്ദ്രമായി യുണിയന്‍ മാറി.
1942-43ല്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടിണിയെ തുടര്‍ന്ന് കയര്‍തൊഴിലാളി കുടുംബങ്ങള്‍ നാടുവിട്ടു. കോട്ടയം, ചങ്ങനാശേരി, വൈക്കം എന്നിവിടങ്ങളില്‍നിന്ന് യൂണിയന്‍ നേതൃത്വത്തില്‍ അരിയും കപ്പയും കാച്ചിലും സംഭരിച്ച് പട്ടിണികിടന്ന കയര്‍തൊഴിലാളികള്‍ക്ക് നല്‍കി. എ കെ ജിയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും ആദ്യകാല തൊഴിലാളികളുടെ മനസിലുണ്ട്. 182 കയര്‍തൊഴിലാളികളുടെ വീടുകള്‍ മേയുവാന്‍ സഹായം നല്‍കി. 25 ഓളം കേന്ദ്രങ്ങളില്‍ കഞ്ഞിവീഴ്ത്തലും നടത്തി. തൊഴിലാളികള്‍ക്ക് അക്ഷരവെളിച്ചം പകരാനും യൂണിയന്‍ മുന്നിലായിരുന്നു. നിശാപാഠശാലകള്‍, സാക്ഷരതാക്ലാസുകള്‍, പ്രസംഗപരമ്പര, ചര്‍ച്ചാക്ലാസുകള്‍ എന്നിവ തൊഴിലാളി കേന്ദ്രങ്ങളില്‍ നടത്തി. ദിവാന്‍ ഭരണം അവസാനിപ്പിക്കാന്‍ കയര്‍തൊഴിലാളികള്‍ നടത്തിയ പോരാട്ടങ്ങളും ചരിത്രത്തില്‍ രേഖപ്പെടുത്തികഴിഞ്ഞു.
മുഹമ്മയിലെ വില്ല്യം ഗുഡേക്കര്‍ ആന്‍ഡ് സണ്‍സിലെ (ഇന്നത്തെ ലേബറേഴ്സ് കയര്‍ മാറ്റ്സ് ആന്‍ഡ് മാറ്റിങ് സൊസൈറ്റി) തൊഴിലാളികള്‍ തൊഴിലാളി വായനശാല രൂപീകരിച്ചാണ് ആദ്യം പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീടിത് ലേബര്‍ അസോസിയേഷന്റെ മുഹമ്മ ശാഖയായി. ട്രേഡ് യൂണിയന്‍ നിയമം നിലവില്‍ വന്നതോടെ 1114ല്‍ രണ്ടാംനമ്പരായി യൂണിയന്‍ രജിസ്റ്റര്‍ ചെയ്തു. 1122ല്‍ രജിസ്ട്രേഷന്‍ റദ്ദാക്കിയപ്പോള്‍ പട്ടാളം യൂണിയന്‍ ഓഫീസ് തീയിട്ടു. ഇതിനുശേഷം തൊഴിലാളി കമ്മിറ്റി എന്ന പേരിലാണ് യൂണിയന്‍ പ്രവര്‍ത്തനം നടത്തിയത്. നിരോധനം മാറിയപ്പോള്‍ വീണ്ടും യൂണിയനായി. ചീരപ്പന്‍ചിറ കുടുംബത്തിന്റെ തണല്‍ തൊഴിലാളികളെ സംഘടിതരാക്കാന്‍ വളരെയേറെ സഹായിച്ചു. ഇവിടെ ഒളിവിലിരുന്ന് എ കെ ജി യൂണിയന്‍ പ്രവര്‍ത്തനത്തിന് നേതൃത്വംനല്‍കി. ഈ തറവാട്ടിലെ സി കെ കരുണാകരപണിക്കരായിരുന്നു യൂണിയന്റെ ആദ്യപ്രസിഡന്റ്. പി കെ നാരായണന്‍ സെക്രട്ടറിയായി. കരുണാകരപണിക്കരുടെ സഹോദരിയും സുശീലാഗോപാലന്റെ അമ്മയുമായ മാധവിയമ്മയുടെ സേവനങ്ങളും യൂണിയന്‍ പ്രവര്‍ത്തകര്‍ക്കും കമ്യൂണിസ്റ്റ് നേതാക്കള്‍ക്കും ഏറെ ആശ്വാസമായിരുന്നു. അധ്യാപകജോലി രാജിവച്ച് യൂണിയന്റെ സെക്രട്ടറിയായും പിന്നീട് ദീര്‍ഘകാലം ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച എന്‍ പി പുരുഷോത്തമന്‍ അഞ്ച് പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന യൂണിയന്‍ പ്രദേശത്ത് സൈക്കിളില്‍ സഞ്ചരിച്ചാണ് തൊഴിലാളികളെ സംഘടിപ്പിച്ചത്. ഇത്തരത്തില്‍ ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചാണ് യൂണിയന് വിപുലമായ അടിത്തറ ഉണ്ടാക്കിയെന്നതും ചരിത്രരേഖകള്‍.
(കെ എസ് ലാലിച്ചന്‍)
ത്യാഗത്തിന്റെ കനല്‍വഴികള്‍ താണ്ടിയവര്‍ക്ക് നാടിന്റെ ആദരം
മുഹമ്മ: കയര്‍തൊഴിലാളികളെ വര്‍ഗബോധമുള്ളവരാക്കി മാറ്റാന്‍ സഹനത്തിന്റെയും ത്യാഗത്തിന്റെയും പാതയിലൂടെ മുന്നേറിയ നേതാക്കള്‍ക്ക് പിന്മുറക്കാരുടെ സ്നേഹാദരം. മുഹമ്മ കയര്‍ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ സിഐടിയു പ്ലാറ്റിനം ജൂബിലിക്ക് തുടക്കംകുറിച്ചാണ് യൂണിയന്റെ ആദ്യകാല ഭാരവാഹികളും പുന്നപ്ര-വയലാര്‍ സമരസേനാനികളുമായ കെ വി തങ്കപ്പന്‍, സി കെ കരുണാകരന്‍ എന്നിവരെ ആദരിച്ചത്. കയര്‍തൊഴിലാളികളായിരുന്ന കെ വി തങ്കപ്പനും സി കെ കരുണാകരനും പൊലീസിന്റെ കിരാത മര്‍ദനങ്ങള്‍ അതിജീവിച്ചാണ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്ത ഇരുവരും ദീര്‍ഘകാലം ജയില്‍വാസം അനുഭവിച്ചു. 1948ല്‍ പുന്നപ്ര-വയലാര്‍ സമരത്തിന്റെ വാര്‍ഷികദിനത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയലില്‍ പതാക ഉയര്‍ത്തിയതിന് പൊലീസ് കെ വി തങ്കപ്പന്റെ തല അടിച്ചുപൊട്ടിച്ചു. പൊലീസിന്റെ കൊടിയമര്‍ദനമേറ്റ് ജയിലിനുള്ളില്‍ മുഹമ്മ അയ്യപ്പന്‍ മരിച്ചത് കെ വി തങ്കപ്പന്റെ മടിയില്‍ തലചായ്ച്ചായിരുന്നു. 1960 മുതല്‍ ദീര്‍ഘകാലം കെ വി തങ്കപ്പന്‍ യൂണിയന്റെ ട്രഷററായി പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥകാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടുള്ള സി കെ കരുണാകരന്‍ 1966ലാണ് യൂണിയന്റെ വൈസ് പ്രസിഡന്റാകുന്നത്. "76വരെ ഈ സ്ഥാനത്ത് പ്രവര്‍ത്തിച്ച സികെ 1980 മുതല്‍ ട്രഷററാണ്. 90 വയസ് പിന്നിട്ട ഇരുനേതാക്കളും ശാരീരികാവശതകളൊക്കെ അവഗണിച്ചാണ് യൂണിയന്റെയും പൊതുവിപ്ലവപ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നത്. കെ സുരേഷ്കുറുപ്പ് എംഎല്‍എ കെ വി തങ്കപ്പനെയും സി കെ കരുണാകരനെയും ആദരിച്ചു. സി കെ ഭാസ്കരന്‍ അധ്യക്ഷനായി. വി എസ് മണി, ജി വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ആര്‍ നാസര്‍ സ്വാഗതവും സി കെ സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment