Wednesday, October 2, 2013

"സലിം രാജിന് വേണ്ടി മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി"

സലിം രാജിന് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടതായി ഭൂമിതട്ടിപ്പിനിരയായ പരാതിക്കാരന്‍ എ കെ നാസര്‍ വ്യക്തമാക്കി. നാസറും ഉമ്മ ഷെരീഫയാണ് ഭൂമിതട്ടിപ്പിനെതിരെ പരാതി നല്‍കിയിട്ടുള്ളത്. പരാതിയുമായി ചെന്നപ്പോള്‍ ഭൂമി സര്‍ക്കാരിന്റെത് തന്നെയാണെന്നും ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭീഷണിയുടെ സ്വരത്തിലാണ് മുഖ്യമന്ത്രി അത് പറഞ്ഞത്.

ഈ സമയം അവിടെയുണ്ടായിരുന്ന സലിം രാജ് തന്നെ വെല്ലുവിളിക്കുകയും പരാതി ഉള്ളത് തന്നെയാണെന്ന് മുഖ്യമന്ത്രിയോട് പറയുകയും ചെയ്തു. സലിം രാജ് വീട്ടില്‍വന്നും തന്നെ ഭീഷണിപ്പെടുത്തി. തങ്ങളുടെ പരാതിയില്‍നിന്ന് പൊലീസ് സലീംരാജിന്റെ പേര്‍ ഒഴിവാക്കി. ഗണ്‍മാന്‍ സ്ഥാനം നഷ്ടമായശേഷവും മുഖ്യമന്ത്രി സലിം രാജിനൊപ്പമാണെന്നും നാസര്‍ ഒരു വാര്‍ത്താചാനലില്‍ പറഞ്ഞു.

കളമശ്ശേരിയില്‍ ഷെരീഫയുടെ പേരിലുള്ള 1.14 ഏക്കര്‍ വരുന്ന ഭൂമി നാല് കോടി രൂപയ്ക്ക് തന്റെ ബന്ധുവായ മജീദിന് നല്‍കണമെന്ന് സലിം രാജ് ഭീഷണി മുഴക്കി എന്നായിരുന്നു മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി.

ഇല്ലെങ്കില്‍ തന്നെ കൊന്നു കളയുമെന്നും സലിം രാജ് ഭീഷണി മുഴക്കിയതായും പരാതിയില്‍ പറഞ്ഞിരുന്നു.

ഭൂമിതട്ടിപ്പ് കേസില്‍ സലിം രാജിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ , എഐവൈഎഫ് പ്രവര്‍ത്തകര്‍ കളമശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

തിരുവഞ്ചൂരിനെതിരെ ഹൈക്കമാന്‍ഡിന് പരാതി

തിരു: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ഐഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി. ഗ്രൂപ്പുരാഷ്ട്രീയത്തില്‍ തിരുവഞ്ചൂര്‍ പൊലീസിനെ ഉപയോഗിക്കുന്നതായി പറയുന്നു. ഐഗ്രൂപ്പ് നേതാക്കള്‍ക്കെതിരെയും പൊലീസിനെ ഉപയോഗിക്കുന്നു. വിവാദമായ കേസുകളില്‍ പ്രതിപക്ഷവുമായി തിരുവഞ്ചൂര്‍ ധാരണയുണ്ടാക്കുന്നതായും പരാതിയിലുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം കണ്‍സ്യൂമര്‍ഫെഡ് സ്ഥാപനങ്ങളില്‍ നടത്തിയ വിജിലന്‍സ് റെയ്ഡ് തിരുവഞ്ചൂര്‍ മനപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് കോണ്‍ഗ്രസ് നേതാവ് കരകുളം കൃഷ്ണപിള്ളയും ആരോപണമുന്നയിച്ചു. മുഖ്യമന്ത്രിയും സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണനും അറിയാതെയാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. ഒരാളില്‍ നിന്ന് പരാതി എഴുതി വാങ്ങിച്ചാണ് റെയ്ഡ് നടത്തിയതെന്നും കരകുളം പറഞ്ഞു. എന്നാല്‍ റെയ്ഡ് മന്ത്രിസഭാ തീരുമാനമനുസരിച്ച് നിയമപരമായാണ് നടത്തിയതെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment