ബോധ്ഗയ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പത്താം അഖിലേന്ത്യാ സമ്മേളനത്തിന് ഉജ്വല റാലിയോടെ തുടക്കമായി. ബിഹാറിലെ ബോധ്ഗയയിലെ ആസാദ് മൈതാനിയില്‍ പതിനായിരക്കണക്കിന് മഹിളകളാണ് റാലിയില്‍ അണിനിരന്നത്. വൃന്ദ കാരാട്ട്, സുഭാഷിണി അലി, സുധ സുന്ദരരാമന്‍ എന്നിവര്‍ റാലിയെ അഭിസംബോധനചെയ്തു. വെള്ളിയാഴ്ച രാവിലെ അഖിലേന്ത്യാ പ്രസിഡന്റ് ശ്യാമലി ഗുപ്ത സമ്മേളനനഗരിയില്‍ പതാക ഉയര്‍ത്തുന്നതോടെ പ്രതിനിധിസമ്മേളനത്തിന് തുടക്കമാകും.
ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്യും. സംസ്ഥാന ഘടകങ്ങളില്‍നിന്ന് 900 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്ന് 130 പേരുണ്ട്. രാജ്യത്ത് സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഏഴ് അനുബന്ധ സെഷനുകളും സമ്മേളനത്തോടനുബന്ധിച്ച് നടക്കും. വനിതകളുടെ രാഷ്ട്രീയമുന്നേറ്റത്തിനെതിരായ ഇടപെടലുകള്‍ക്കും വര്‍ഗീയവല്‍ക്കരണത്തിനുമെതിരായ പ്രമേയങ്ങളും സമ്മേളനത്തില്‍ അവതരിപ്പിക്കും.
സ്ത്രീകള്‍ക്കെതിരായ അതിക്രമം ചെറുക്കുന്ന വനിതകളുടെ സംഗമം സമ്മേളനത്തോടനുബന്ധിച്ച് നടക്കും. ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത് ജഹാന്റെ അമ്മ ഷമിമ കൗസര്‍, തമിഴ്നാട്ടില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്തതിനെതുടര്‍ന്ന് 19 വര്‍ഷം നിയമപോരാട്ടം നടത്തിയ ആദിവാസി പെണ്‍കുട്ടി, ഭൂമാഫിയയെ വെല്ലുവിളിച്ച ബിഹാറിലെ സുശീലദേവി, തൃണമൂല്‍ ഗുണ്ടകളെ ചെറുത്ത് പൊതുരംഗത്ത് സജീവമായി നില്‍ക്കുന്ന പശ്ചിമബംഗാളിലെ മന്‍വാര ബിബി, ബലാത്സംഗത്തിനിരയായി കാല്‍ നഷ്ടപ്പെടുകയും പിന്നീട് എവറസ്റ്റ് കീഴടക്കുകയും ചെയ്ത ഉത്തര്‍പ്രദേശിലെ അരുണിമ സിന്‍ഹ എന്നിവര്‍ സംഗമത്തിനെത്തും. സമ്മേളനം 25ന് സമാപിക്കും
No comments:
Post a Comment