Saturday, November 2, 2013

പൊരുത്തക്കേടില്‍ പൊതിഞ്ഞ് മന്ത്രിയുടെ പുതിയ തിരക്കഥ

കണ്ണൂരില്‍ മുഖ്യമന്ത്രിയെ കല്ലെറിയുന്നതായി രണ്ട് പ്രമുഖ ദൃശ്യമാധ്യമങ്ങള്‍ സംപ്രേഷണംചെയ്ത ദൃശ്യങ്ങളിലെ യുവാവ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെ പുതിയ തിരക്കഥയുമായി മന്ത്രി കെ സി ജോസഫ് രംഗത്ത്. ഈ തിരക്കഥയിലും നേരത്തേയുണ്ടാക്കിയ കഥകളിലേതിനെക്കാള്‍ പൊരുത്തക്കേടുകളുടെ പൊടിപൂരം. കണ്ണൂര്‍ യാത്രയിലുടനീളം അക്രമ സാധ്യതയുണ്ടായിരുന്നെന്നും പലയിടത്തും അക്രമം ഉണ്ടായെന്നുമാണ് കെ സി ജോസഫ് മാധ്യമങ്ങള്‍ക്ക് നല്‍കിയ ലേഖനത്തില്‍ പറയുന്നത്. മന്ത്രിയുടെ വാക്കുകള്‍ മുഖവിലയ്ക്കെടുത്താല്‍ അരമണിക്കൂറിലേറെ മുഖ്യമന്ത്രി പ്രക്ഷോഭത്തിനിടയില്‍ കുടുങ്ങിയെന്നാണ് കണക്കാക്കേണ്ടത്. എന്നിട്ടും മുഖ്യമന്ത്രി യാത്ര തുടര്‍ന്നെന്ന് പറയുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു.

കൂത്തുപറമ്പ് ആവര്‍ത്തിക്കാനാണ് സിപിഐ എം ശ്രമിച്ചതെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു. എന്നാല്‍, കൂത്തുപറമ്പിലെ പോലെ ജനകീയ പ്രതിഷേധത്തിന് നേരെ വെടിവയ്പ് നടത്തി സമരവളന്റിയര്‍മാരെ കൊന്നൊടുക്കുകയെന്ന ഗൂഢലക്ഷ്യമാണോ സര്‍ക്കാരിനുണ്ടായതെന്ന് സംശയമുണര്‍ത്തുന്നതാണ് മന്ത്രിയുടെ ലേഖനം. കൂത്തുപറമ്പില്‍ ജനക്കൂട്ടത്തിന്റെ പ്രതിഷേധം ശക്തമാണെന്നും അങ്ങോട്ട് പോകരുതെന്നും അന്ന് എം വി രാഘവന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. അതവഗണിച്ച് ധാര്‍ഷ്ട്യത്തോടെ പോവുകയും ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. സമാനമായ അന്തരീക്ഷമായിരുന്നു കണ്ണൂരിലെന്ന് കെ സി ജോസഫ് പറയുന്നു. എങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രിയും മന്ത്രിയും യാത്ര റദ്ദാക്കിയില്ലെന്ന ചോദ്യമാണ് ഉയരുന്നത്.

കണ്ണൂര്‍ കാല്‍ടെക്സ് ജങ്ഷന് മുന്നില്‍ വൈകിട്ട് 5.40ന് എത്തിയെന്നാണ് മന്ത്രിയുടെ വാദം. കാല്‍ടെക്സ് ജങ്ഷന്‍ മുതല്‍ ആക്രോശിച്ചെത്തിയ ജനങ്ങള്‍ വടികളുമായി കാര്‍ ആക്രമിച്ചുവെന്ന് മന്ത്രി പറയുന്നു. വീറ്റ് ഹൗസിന് മുന്നിലെത്തിയപ്പോള്‍ അക്രമം ശക്തിപ്പെട്ടു. അവിടെനിന്നും 300 മീറ്റര്‍ കഴിഞ്ഞ് സംഭവസ്ഥലത്തെത്തിയെന്നാണ് ജോസഫ് പറയുന്നത്. ഇത്രയും ദൂരവും പരിപാടി സ്ഥലത്തും സമരവളന്റിയര്‍മാര്‍ ഉണ്ടായിരുന്നെന്നും രണ്ടോ മൂന്നോ സ്ഥലത്ത് വാഹനം നിര്‍ത്തേണ്ടി വന്നെന്നും ജോസഫ് പറയുന്നു. ഇവിടെ ഒരാക്രമം പോലുമുണ്ടായില്ലെന്ന് മന്ത്രി പരോക്ഷമായി സമ്മതിക്കുന്നുണ്ട്. പ്രതിഷേധം മാത്രമായിരുന്നു വളന്റിയര്‍മാരുടെ ലക്ഷ്യമെന്ന് ഇതില്‍നിന്നും വ്യക്തമാണ്. വന്‍ ജനാവലിയുടെ പ്രതിഷേധമുണ്ടായിട്ടും യാത്ര തുടര്‍ന്നതാണ് വലിയ ദുരൂഹത.

ശക്തമായ പ്രതിഷേധമുണ്ടായിട്ടും ഗണ്‍മാന്റെ സ്ഥാനത്തിരുന്നത് കോണ്‍ഗ്രസ് നേതാവാണെന്ന് മന്ത്രി സമ്മതിക്കുന്നു. പ്രതിഷേധത്തിനിടയിലൂടെ നീങ്ങാന്‍ ബുദ്ധിമുട്ടിയിട്ടും കാറിലെ വയര്‍ലെസ് സെറ്റ് ഉപയോഗിച്ച് പൊലീസ് മേധാവികളെ ബന്ധപ്പെടാത്തതിനും തല്‍ക്കാലം വഴിമാറിപ്പോകാന്‍ തയ്യാറായില്ലെന്നതിനും മന്ത്രിക്ക് ഉത്തരമില്ല. ഗണ്‍മാന്‍ പിന്നില്‍ ഇരുന്നെന്ന് പറയുന്നതിലും അസ്വാഭാവികതയുണ്ട്. പിന്നെന്തിന് ഗണ്‍മാന്‍ എന്നതിന് മുഖ്യമന്ത്രിയും പൊലീസും ഉത്തരം പറയേണ്ടിവരും. മുന്‍സീറ്റിലിരുന്ന സിദ്ധിക്കോ ജോസഫോ യാത്ര വിലക്കാതിരുന്നതെന്തുകൊണ്ട്? കല്ല് ഗ്ലാസ് തുളച്ച് അകത്തുകടന്ന് മുഖ്യമന്ത്രിയുടെ നെഞ്ചില്‍ തട്ടി അടുത്ത ഗ്ലാസ് തുളച്ച് പുറത്തേക്ക് തെറിച്ചെന്ന പഴയ കഥ ജോസഫ് മറന്നു. പകരം ഗ്ലാസ് ചില്ലുകളിലൊതുങ്ങി. കുഴപ്പമുണ്ടാകുമെന്നു പറഞ്ഞ് മുഖ്യമന്ത്രി പരിക്കിന്റെ കാര്യം പറഞ്ഞില്ലത്രേ. പിന്നീട് താനാണ് മാധ്യമപ്രവര്‍ത്തകരെ വിളിച്ചറിയിച്ചതെന്ന് സമ്മതിച്ചതിലൂടെ സംഭവത്തിന്റെ തിരക്കഥ എഴുതിയത് താനാണെന്ന് കെ സി ജോസഫ് പരോക്ഷമായി സമ്മതിക്കുകയാണ്.

deshabhimani

No comments:

Post a Comment