പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള യുഡിഎഫ് സര്‍ക്കാരിന്റെ "ഭൂരഹിതരില്ലാത്ത കേരള" മെന്ന പുതിയ തട്ടിപ്പിന് കണ്ണൂരില്‍ ശനിയാഴ്ച തുടക്കമാവും. രാജ്യത്തെ ആദ്യഭൂരഹിത ജില്ലയെന്ന പ്രഖ്യാപനമാണ് നടക്കുന്നത്. യുഡിഎഫിന്റെ വഞ്ചനയ്ക്ക് ഇരയാവുന്നത് ജില്ലയിലെ പതിനായിരങ്ങള്‍.
ഭൂപരിഷ്ക്കരണം അട്ടിമറിച്ച പാരമ്പര്യമുള്ളവര്‍ ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുമെന്ന് അവകാശപ്പെടുമ്പോള്‍ അതിന്റെ പൊള്ളത്തരമാണ് തിരിച്ചറിയപ്പെടുന്നത്. മുത്തങ്ങയില്‍ ഭൂമിക്കായി സമരം ചെയ്ത ആദിവാസികള്‍ക്ക് നേരെ വെടിയുതിര്‍ത്തവരുടെ മനസ്സിലിരിപ്പ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ്. ഒരിക്കലും ജീവിതം തളിര്‍ക്കാനിടയില്ലാത്ത ഭൂമികളിലേക്ക് ആയിരങ്ങളെ തള്ളിവിടുന്നവരുടെ ക്രൂരതയാണ് പട്ടയമേള. ഭൂരഹിതരായ പതിനായിരങ്ങളെ അര്‍ഹരല്ലെന്ന പേരില്‍ പദ്ധതിയില്‍നിന്ന് പുറത്താക്കുകയും ഇതിനായി തെരഞ്ഞെടുക്കപ്പെട്ടവരെ നൂറുകണക്കിന് കിലോമീറ്റര്‍ അകലെയുള്ള ഒന്നിനും കൊള്ളാത്ത മൂന്ന് സെന്റ് ഭൂമിയില്‍ കുടിയിരുത്തുകയുമാണ്. കണ്ണൂര്‍, തലശേരി താലൂക്കുകളിലെ ഗുണഭോക്താക്കളെ ഒന്നടങ്കം തളിപ്പറമ്പ് താലൂക്കിലെ വാസയോഗ്യമല്ലാത്ത ഭൂമിയിലേക്ക് പറിച്ചുനടുകയെന്ന ഒറ്റ പരിപാടിയാണ് പദ്ധതിയുടെ പേരില്‍ നടക്കുന്നത്. തൊഴിലും കുട്ടികളുടെ വിദ്യാഭ്യാസവും എല്ലാം ഉപേക്ഷിച്ച് നൂറിലേറെ കിലോമീറ്റര്‍ അകലെയുള്ള പുല്ലുപോലും മുളക്കാത്ത ഭൂമിയിലേക്ക് പോകാനില്ലെന്ന പ്രഖ്യാപനമാണ് എങ്ങും മുഴങ്ങുന്നത്. ഒരു തുണ്ട് ഭൂമിയില്ലാത്തവന്റെ മറ്റ് ജീവിത സാഹചര്യങ്ങളൊന്നും സര്‍ക്കാര്‍ പരിഗണിച്ചില്ല. മൂന്നുസെന്റ് ഭൂമി കൊടുത്താല്‍ ബാധ്യത തീര്‍ന്നെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഈ ഭൂമിയില്‍ വീട് നിര്‍മിക്കാനും ഭാവിയില്‍ ജീവിതം കരുപ്പിടിപ്പിക്കാനുമുള്ള കാര്യങ്ങളൊക്കെ പ്രചാരണ കോലാഹലത്തിനിടയില്‍ സര്‍ക്കാര്‍ മറന്നു. ഭൂമി ഒരു വര്‍ഷത്തിനകം വിനിയോഗിക്കുന്നില്ലെങ്കില്‍ അത് നഷ്ടപ്പെടുമെന്ന നിബന്ധന വച്ചത് ബോധപൂര്‍വമാണ്. നൂറുകണക്കിന് ഏക്കര്‍ ഭൂമി ഒരു വര്‍ഷത്തിനുശേഷം തിരിച്ചുകിട്ടുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ഇതിനുശേഷം ഭൂമി അനുവദിച്ചിട്ടും വിനിയോഗിച്ചില്ലെന്ന ന്യായം പറഞ്ഞ് സര്‍ക്കാരിന് രക്ഷപ്പെടുകയും ചെയ്യാം.
ജില്ലയില്‍ 500.81 ഏക്കര്‍ ഭൂമിയാണ് തെരഞ്ഞെടുക്കപ്പെട്ട 11,033 ഗുണഭോക്താക്കള്‍ക്ക് വിതണം ചെയ്യുന്നതിനായി കണ്ടെത്തിയത്. ശനിയാഴ്ച പകല്‍ 11ന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേഷാണ് പ്രഖ്യാപനം നടത്തുക. ചടങ്ങിനെത്തുന്ന ജയറാം രമേഷിനെ പോലും സര്‍ക്കാര്‍ പറ്റിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ജയറാം രമേഷ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആറ് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഈ നിര്‍ദേശങ്ങള്‍ മുഴുവന്‍ സര്‍ക്കാര്‍ കാറ്റില്‍ പറത്തി. ഏറ്റവും പ്രധാനപ്പെട്ട നിര്‍ദേശം ഓരോ കുടുംബത്തിന് 25 സെന്റ് മുതല്‍ ഒരേക്കര്‍ ഭൂമി വരെ കൃഷിഭൂമി കൊടുക്കണമെന്നാണ്. ഭൂരഹിതര്‍ക്ക് വീടുണ്ടാക്കുന്നതിന് പുറമെ പരിമിതമായ തോതിലെങ്കിലും കൃഷിഭൂമി ഉറപ്പുവരുത്തണമെന്നും അതിനുള്ള ഭൂമി സമയബന്ധിതമായി വിതരണം ചെയ്യണമെന്നും നിര്‍ദേശിക്കുന്നുണ്ട്. ഇതൊന്നും പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
(പി സുരേശന്‍)
വാടക ക്വാര്‍ട്ടേഴ്സില്‍ കഴിയുന്ന പട്ടികജാതി കുടുംബത്തെയും തഴഞ്ഞു
കണ്ണൂര്‍: അര്‍ഹരായ മുഴുവന്‍ പേര്‍ക്കും മൂന്നുസെന്റ് ഭൂമി നല്‍കി കണ്ണൂരിനെ ആദ്യത്തെ ഭൂരഹിതരില്ലാത്ത ജില്ലയായി പ്രഖ്യാപിക്കാന്‍ പോകുന്നവര്‍ കാണുക ഈ പട്ടികജാതി കുടുംബത്തിന്റെ നൊമ്പരം. അഴീക്കല്‍ ബസ്സ്റ്റാന്‍ഡിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ അഞ്ചുവര്‍ഷത്തിലേറെയായി താമസിക്കുന്ന ടി കെ പത്മനാഭന്റെ കുടുംബത്തെയാണ് പൂര്‍ണമായി തഴഞ്ഞത്. മലയ വിഭാഗത്തില്‍പ്പെട്ട പത്മനാഭനും ഭാര്യയും മൂന്നുപെണ്‍മക്കളുമാണ് വാടക ക്വാര്‍ട്ടേഴ്സില്‍ കഴിയുന്നത്. പട്ടികജാതിക്ക് മുന്‍ഗണനയുണ്ടെന്നും 799 പേര്‍ ഗുണഭോക്തൃപട്ടികയിലുണ്ടെന്നും അവകാശപ്പെടുന്നവര്‍ അര്‍ഹതയുണ്ടായിട്ടും ഈ കുടുംബത്തെ ഒഴിവാക്കിയതെന്തിന്?. അഴീക്കോട് നോര്‍ത്ത് വില്ലേജിലാണ് ആവശ്യപ്പെട്ട രേഖകളും തിരിച്ചറിയല്‍ കാര്‍ഡും ഉള്‍പ്പെടെ അപേക്ഷ നല്‍കിയത്. അലോട്ട്മെന്റ് ലിസ്റ്റ് വന്നപ്പോള്‍ ഇവരുടെ പേരില്ല. വില്ലേജ് ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ അവര്‍ക്ക് ഇതുസംബന്ധിച്ച് ഒന്നുമറിയില്ലെന്നാണ് പറഞ്ഞത്.
കൂലിപ്പണിയില്‍ നിന്ന് പത്മനാഭന് കിട്ടുന്ന വരുമാനത്തിലാണ് കുടുംബം പുലരുന്നത്. ഭാര്യ സി ഓമന നേരത്തെ ആശാവര്‍ക്കറായിരുന്നു. അസുഖമായതിനാല്‍ ഇപ്പോള്‍ ജോലിക്ക് പോകാറില്ല. മൂത്ത മകള്‍ നേഴ്സിങ്ങിനും രണ്ടാമത്തെ മകള്‍ പ്ലസ്ടുവിനും പഠിക്കുന്നു.ഇളയ പെണ്‍കുട്ടി അഞ്ചാം ക്ലാസിലാണ്. പന്ത്രണ്ട് വര്‍ഷമായി ഇവര്‍ അഴീക്കോടെത്തിയിട്ട്. മാറിമാറി വാടകയ്ക്ക് താമസിക്കുകയാണ്. സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ല. അതിനാലാണ് ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ അപേക്ഷിച്ചത്. "എന്റെയോ, കുടുംബത്തിന്റെയോ പേരില്‍ ഒരു ഭൂമിയുമില്ലെന്ന് ഞാന്‍ സത്യപ്രതിജ്ഞ ചെയ്യുന്നു. എനിക്ക് ഭൂമിയുണ്ടെന്ന് ഭാവിയില്‍ കണ്ടെത്തുകയാണെങ്കില്‍ സര്‍ക്കാരിന് തിരിച്ചെടുക്കാവുന്നതാണ്. എനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിയും സ്വീകരിക്കാം." സ്വന്തമായി ഭൂമിയുള്ള ആരും ഈ സത്യവാങ്മൂലം നല്‍കില്ല. നല്‍കിയാലുള്ള ഭവിഷ്യത്ത് സത്യവാങ്മൂലത്തില്‍ കൃത്യമായി പറയുന്നുണ്ട്. എന്നിട്ടും ഈ പട്ടികജാതി കുടുംബത്തെ അവഗണിക്കുകയായിരുന്നു. തളിപ്പറമ്പില്‍ പ്ലസ്ടു അധ്യാപികയ്ക്ക് പോലും ഭൂമി അനുവദിച്ചവരാണ് ഈ കുടുംബത്തെ ഒഴിവാക്കിയത്.
deshabhimani
No comments:
Post a Comment