Friday, November 22, 2013

സമരപ്പന്തലിലെ അറസ്റ്റ്: പൊലീസിന് രഹസ്യ അജന്‍ഡ- എസ്എഫ്ഐ

കണ്ണൂര്‍: ആര്‍എസ്എസ് ഭീകരതയ്ക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ധര്‍ണയുടെ കണ്ണൂരിലെ സമരപ്പന്തലില്‍ നാല് എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി രഹസ്യ അജന്‍ഡയുടെ ഭാഗമാണെന്ന് സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബോധപൂര്‍വം പ്രകോപനം സൃഷ്ടിക്കാന്‍ കെ സുധാകരന്റെ നിര്‍ദേശപ്രകാരമാണ് കണ്ണൂര്‍ ടൗണ്‍ എസ്ഐ അറസ്റ്റിനൊരുങ്ങിയത്. പൊലീസിന്റെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ വെള്ളിയാഴ്ച എസ്എഫ്ഐ സംസ്ഥാനവ്യാപകമായി പ്രതിഷേധദിനം ആചരിക്കും. സമാധാനപരമായ പ്രതിഷേധം അലങ്കോലപ്പെടുത്താനാണ് പൊലീസിലെ ചില ഖദര്‍ധാരികള്‍ ശ്രമിച്ചത്. ഇതിനു പിന്നിലെ തിരക്കഥ കെ സുധാകരന്റേതാണ്.

40 ദിവസങ്ങള്‍ക്കുള്ളില്‍ നാല് വിലപ്പെട്ട ജീവനുകളാണ് ആര്‍എസ്എസ്സിന്റെ കടന്നാക്രമണങ്ങളില്‍ പൊലിഞ്ഞത്. ഒരു എസ്എഫ്ഐ നേതാവിന്റെ അച്ഛനെ വീടാക്രമിച്ച് കൊലപ്പെടുത്തി. ഇത് കേരളത്തിലെ ആദ്യസംഭവമാണ്. ആര്‍എസ്എസ്സിന്റെ ഭീഷണിമൂലം പാറശാലയിലെ അനൂപ് ആത്മഹത്യ ചെയ്തു. ഈ കേസില്‍ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണമെന്ന ആവശ്യം പൊലീസ് മുഖവിലക്കെടുത്തില്ല. എന്നാല്‍, പൊലീസിനെ ഉപയോഗിച്ച് എസ്എഫ്ഐ പ്രവര്‍ത്തകരെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം. ഇതിനായി വിദ്യാര്‍ഥി നേതാക്കളെ വ്യാപകമായി കള്ളക്കേസില്‍ കുടുക്കുകയാണ്. ന്യായമായ ആവശ്യത്തിന് എസ്എഫ്ഐ സമരം ചെയ്യുമ്പോള്‍കള്ളക്കേസും തുറുങ്കിലടക്കലുമായി കിരാത നടപടിയാണ് സ്വീകരിക്കുന്നത്. കണ്ണൂരില്‍ പൊലീസ് ഇടതുമുന്നണി പ്രവര്‍ത്തകരെ വേട്ടയാടുകയാണ്.ഭരണകക്ഷിയുടെ തിട്ടൂരം അനുസരിച്ച് എസ്എഫ്ഐ പ്രവര്‍ത്തകരെ വേട്ടയാടാനുള്ള നീക്കം നോക്കിനില്‍ക്കില്ലെന്നും ബിനീഷ് പറഞ്ഞു. കേന്ദ്രകമ്മറ്റിയംഗങ്ങളായ കെ സബീഷ്, എം ഷാജര്‍, സംസ്ഥാനകമ്മറ്റിയംഗം എം വിജിന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment