Saturday, January 18, 2014

സഹനസമരം ബഹുജന മുന്നേറ്റമായി

പാചകവാതകത്തിന്റെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റത്തിനെതിരെ സിപിഐ എം നേതൃത്വത്തില്‍ ആരംഭിച്ച സഹനസമരം കേരളജനത ഏറ്റെടുക്കുന്നു. 1400 നിരാഹാരസമരപ്പന്തലുകളിലേക്ക് കേരളമൊന്നാകെ ഒഴുകുകയാണ്. മതമേലധ്യക്ഷരും സാമൂഹ്യ-സാംസ്കാരികനായകരും യുഡിഎഫ് ഘടകകക്ഷിനേതാക്കള്‍ അടക്കമുള്ള വിവിധ രാഷ്ട്രീയപാര്‍ടി നേതാക്കളും പ്രവര്‍ത്തകരും ഐക്യദാര്‍ഢ്യവുമായി എത്തുന്നു.

മൂന്നുദിവസം പിന്നിട്ട നിരാഹാരസത്യഗ്രഹത്തിന് അനുഭാവവുമായി നൂറുകണക്കിന് ആളുകള്‍ ഓരോ കേന്ദ്രത്തിലും 24 മണിക്കൂറും നിരാഹാരം അനുഷ്ഠിക്കുന്നു. പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ സമരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്‍ മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരം, കോഡൂര്‍, കോഴിക്കോട് നഗരം, കൊയിലാണ്ടി, വടകര എന്നീ സമരകേന്ദ്രങ്ങളും എം എ ബേബി കൊല്ലം ജില്ലയിലെ വിവിധ സമരകേന്ദ്രങ്ങളും സന്ദര്‍ശിച്ചു.

ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മ ചാത്തനാട്ടെ സമരകേന്ദ്രം സന്ദര്‍ശിച്ചു. പത്തനംതിട്ടയില്‍ മാര്‍ത്തോമ്മ സഭാ വലിയ മെത്രാപോലീത്താ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം റാന്നി, തിരുവല്ല, ചെറുകോല്‍പ്പുഴ സമരകേന്ദ്രങ്ങളിലെത്തി ഐക്യദാര്‍ഢ്യം അറിയിച്ചു. പെരിങ്ങര ടൗണില്‍ യാക്കോബായ സഭാ വികാരി ഫാ. ബിജു വര്‍ഗീസ് സംസാരിച്ചു. യാക്കോബായസഭ വെട്ടിക്കല്‍ സെമിനാരി പ്രിന്‍സിപ്പല്‍ ഡോ. ആദായി ജേക്കബ് കോര്‍ എപ്പിസ്കോപ്പ മുളന്തുരുത്തിയിലെ സമരപന്തലില്‍ എത്തി.

നടന്‍ അനൂപ് ചന്ദ്രന്‍ കടവന്ത്രയിലും വൈറ്റിലയിലും പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍, ബിജെപി നേതാവ് വി വി ആഗസ്തി എന്നിവര്‍ കാക്കനാട് സമരകേന്ദ്രത്തിലും എത്തി. ആദ്യകാല പിന്നണി ഗായകന്‍ സീറോബാബു എറണാകുളം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിലെ സമരം ഉദ്ഘാടനം ചെയ്തു. രാമചന്ദ്രന്‍ കടന്നപ്പള്ളി എറണാകുളം, വൈറ്റില മണ്ഡലങ്ങളിലെ യോഗങ്ങളിലും മുന്‍ വനിത കമ്മീഷന്‍ അധ്യക്ഷ പ്രഫ. മോനമ്മ കോക്കാട് വൈറ്റിലയിലെ സമര കേന്ദ്രത്തിലും പങ്കെടുത്തു. ഗുജറാത്തില്‍ മോഡി സര്‍ക്കാരിന്റെ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ്കുമാറിന്റെ അഛന്‍ ഗോപിനാഥപിള്ള മാവേലിക്കര മണ്ഡലത്തിലെ താമരക്കുളത്ത് സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

ആലപ്പുഴയില്‍ വിനോദ സഞ്ചാരത്തിന് ബൊളീവിയയില്‍ നിന്നെത്തിയ ഇടതുപക്ഷ പ്രവര്‍ത്തകരായ ലാപസും മെയ്തയും നഗരചത്വരത്തിലെ സമരപ്പന്തലില്‍ എത്തി സമരസേനാനിക്ക് കൈയില്‍ കരുതിയിരുന്ന ചുവപ്പ്മാലയണിയിച്ചു. മുഹമ്മയില്‍ പുന്നപ്ര വയലാര്‍ സമരസേനാനികളായ കെ വി തങ്കപ്പനും സി കെ കരുണാകരനും സമരവേദികളിലെത്തിയത് ആവേശം കൂട്ടി. മാന്നാര്‍ ആശുപത്രി ജങ്ഷനില്‍ കെപിസിസി അംഗം പി എ അസീസ് കുഞ്ഞ് എത്തി സമരത്തിന് അഭിവാദ്യമേകി. കൈനകരിയില്‍ കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി, പുതുപ്പള്ളിയില്‍ വാരപ്പള്ളി യോഗസഭാ പ്രസിഡന്റ് എ കെ പ്രശാന്തന്‍, ചാരുംമൂട്ടില്‍ സിനിമാനടന്‍ ജയന്‍, മാരാരിക്കുളത്ത് സംഹതി ഡയറക്ടര്‍ ഫാദര്‍ ആന്റണി പയസ് തുടങ്ങിയവരും അഭിവാദ്യമേകി. മുസ്ലിംലീഗ് മുന്‍ എംഎല്‍എയും മഞ്ചേരി നഗരസഭാ മുന്‍ ചെയര്‍മാനുമായ ഇസ്ഹാഖ് കുരിക്കള്‍ മഞ്ചേരിയില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. വഴിക്കടവില്‍ രാമാനന്ദാശ്രമം മഠാധിപതി ഡോ. ധര്‍മാനന്ദ സ്വാമിയും സമരകേന്ദ്രം സന്ദര്‍ശിച്ചു

അഭിവാദ്യവുമായി ഗൗരിയമ്മ

ആലപ്പുഴ: സിപിഐ എം സഹനസമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മ സമരപ്പന്തലിലെത്തി. വീടിന് അടുത്തുള്ള ചാത്തനാട്ടെ സമരകേന്ദ്രത്തില്‍ വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് ഗൗരിയമ്മ എത്തിയത്. പാചകവാതക വില വര്‍ധനയ്ക്കെതിരായ സമരം തീര്‍ത്തും നീതിയുക്തമാണ്. അതിനാലാണ് സമരത്തെ പിന്തുണയ്ക്കുന്നതെന്ന് ഗൗരിയമ്മ പറഞ്ഞു

കടം വാങ്ങി എത്രനാള്‍...

കല്‍പ്പറ്റ: ""സര്‍ക്കാര്‍ ഇങ്ങനെ പോയാല്‍ ഞങ്ങള്‍ തൊഴിലാളികള്‍ക്ക് ഒരു രക്ഷയുമില്ല. ജീവിതത്തെക്കുറിച്ചുള്ള സകല പ്രതീക്ഷയും തകര്‍ന്നു."" കത്തുന്ന ഉച്ചവെയിലില്‍ വാടിത്തുടങ്ങിയ തേയിലക്കൊളുന്ത് നുള്ളവെ മറിയം സെല്‍വം പറഞ്ഞു. കല്‍പ്പറ്റയ്ക്കടുത്ത എല്‍സ്റ്റണ്‍ ടീ എസ്റ്റേറ്റിലെ തൊഴിലാളിയായ മറിയത്തിന് തേയില നുള്ളിക്കിട്ടുന്ന തുച്ഛവരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. ഭര്‍ത്താവ് ധര്‍മരാജ് രോഗിയായതിനാല്‍ പണിക്ക് പോകുന്നില്ല. രണ്ടു പെണ്‍മക്കളെ വിവാഹം ചെയ്തയച്ച വകയില്‍ സാമ്പത്തിക ബാധ്യതയുണ്ട്. മകന്‍ ജോലിക്കിടയില്‍ വീണ് നട്ടെല്ല് പൊട്ടി കിടപ്പാണ്. ഭാരിച്ച ചെലവുകള്‍ താങ്ങാനാകാതെ പ്രയാസപ്പെടുന്ന മറിയത്തെപ്പോലുള്ളവര്‍ക്ക് പാചകവാതക വില വര്‍ധന സൃഷ്ടിച്ച ആഘാതം ചെറുതല്ല.

"ദിവസം 187 രൂപയാണ് കൂലി. ദിവസക്കൂലിയായതിനാല്‍ അസുഖം വന്നാല്‍പോലും ലീവെടുക്കാനാവില്ല. കുറഞ്ഞത് 26 ദിവസമെങ്കിലും പണിയെടുക്കണം. മാസാവസാനമാകുമ്പോഴേക്കും കിട്ടുന്നിടത്തുനിന്നെല്ലാം കടം വാങ്ങും"-മറിയം പറയുന്നു. ഭര്‍ത്താവിന്റെയും മകന്റെയും ചികിത്സക്കും നിത്യച്ചെലവുകള്‍ക്കും പണം കണ്ടെത്താനാകാതെ പ്രയാസപ്പെടുമ്പോള്‍ പാചകവാതക വിലകൂടി വര്‍ധിച്ചതോടെ കടുത്ത പ്രതിസന്ധിയിലാണെന്ന് ഇവര്‍ പറയുന്നു. 400-450 രൂപ നല്‍കിയാല്‍ കിട്ടുമായിരുന്ന ഗ്യാസ് സിലിണ്ടറിന് ഇപ്പോള്‍ 1310 രൂപ നല്‍കണം. കുട്ടികളുടെ വിദ്യാഭ്യാസം, മരുന്ന്, മറ്റുചെലവുകള്‍ വേറെയും. കഠിനമായ അധ്വാനംമൂലം തോട്ടംതൊഴിലാളികളില്‍ ഭൂരിഭാഗം പേരും വിവിധ രോഗങ്ങള്‍ക്കടിമകളാണ്. പ്രഷര്‍, പ്രമേഹ രോഗികളെ കൂടാതെ കീടനാശിനി പ്രയോഗം മൂലം തോട്ടം മേഖലയില്‍ ക്യാന്‍സറും വ്യാപകമാണ്. ഇവര്‍ക്ക് ചികിത്സയ്ക്കുതന്നെ വന്‍തുക ചെലവിടേണ്ടി വരുന്നുണ്ട്.

deshabhimani

No comments:

Post a Comment