Wednesday, January 8, 2014

ആറന്മുള: പോക്കുവരവിന് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു

ആറന്മുള വിമാനത്താവളത്തിനുള്ള ഭൂമി നിയമം ലംഘിച്ച് പോക്കുവരവ് ചെയ്തുകൊടുത്തത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരം. ഫോണ്‍വഴിയാണ് കലക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. നിയമലംഘനങ്ങളുടെ റിപ്പോര്‍ട്ട് കൈയ്യിലിരിക്കെയാണ് നാലുവില്ലേജുകളിലായി ഭൂമി പേരില്‍ചേര്‍ത്തു കൊടുത്തത്. കെജിഎസ് ഗ്രൂപ്പ് നിയമം ലംഘിച്ച് ഭൂമി വാങ്ങിക്കൂട്ടിയതു സംബന്ധിച്ച് കോഴഞ്ചേരി അഡീഷണല്‍ തഹസില്‍ദാര്‍ 2011 മാര്‍ച്ച് നാലിന് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ട് പൂഴ്ത്തി.

മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മെഴുവേലി വില്ലേജ് ഓഫീസില്‍ 2012 ജൂണ്‍ 27ന് 2.3306 ഹെക്ടര്‍ ഭൂമിയും ആറന്മുള വില്ലേജ് ഓഫീസില്‍ 2012 ഫെബ്രുവരി 16, ഏപ്രില്‍ 19, മെയ് എട്ട് തീയതികളില്‍ 19.3566 ഹെക്ടര്‍ ഭൂമിയും പോക്കുവരവ് ചെയ്തു കൊടുത്തു. ഏറ്റവും കൂടുതല്‍ ഭൂമി പോക്കുവരവ് ചെയ്തത് മല്ലപ്പുഴശ്ശേരി വില്ലേജിലാണ്. 2012 മാര്‍ച്ച് അഞ്ച്, ആറ്, 21, മെയ് 24, 30, 31, ജുണ്‍ ഒന്ന്, ജൂലൈ ഏഴ് തീയതികളിലായി 64.2764 ഹെക്ടര്‍ ഭൂമിയാണ് ഇവിടെ പോക്കുവരവ് ചെയ്തത്. കിടങ്ങന്നൂര്‍ വില്ലേജില്‍ 2012 ആഗസ്ത് ഒന്ന്, സെപ്തംബര്‍ 19 തീയതികളില്‍ 24.4596 ഹെക്ടര്‍ ഭൂമിയും പോക്കുവരവ് ചെയ്തു. എന്നാല്‍, കോഴഞ്ചേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് 2013 മാര്‍ച്ച് 10ന് ഭൂപരിഷ്കരണ നിയമം ലംഘിച്ചതിന് ഇത് മിച്ചഭൂമിയായി പ്രഖ്യാപിച്ചു. ഇതോടെ ഉന്നതങ്ങളില്‍നിന്നുള്ള ഇടപെടല്‍ ശക്തമായി. ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനും ഡെപ്യൂട്ടി കലക്ടറുമായിരുന്ന അബ്ദുള്‍ സമദിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. പിന്നാലെ കലക്ടറെയും സ്ഥലംമാറ്റി. പോക്കുവരവ് റദ്ദു ചെയ്തതിനും മിച്ചഭൂമിയായി പ്രഖ്യാപിച്ചതിനും എതിരെ കെജിഎസ് ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
(ഏബ്രഹാം തടിയൂര്‍)

deshabhimani

No comments:

Post a Comment