Wednesday, January 8, 2014

ഹസ്സന്റെ ഉണ്ണാവ്രതനാടകം വീണ്ടും; ലക്ഷ്യം ലോക്സഭാ സീറ്റ്

മുമ്പ് യുഡിഎഫ് ഭരണത്തില്‍ ഹര്‍ത്താലിനെതിരെ ഉപവസിക്കുകയും ഭരണം പോയപ്പോള്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കുകയും ചെയ്ത കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസ്സന്‍ സമരാഭാസവുമായി വീണ്ടും. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റിനുമുന്നില്‍ സമരം പാടില്ലെന്ന ആവശ്യവുമായി ഗാന്ധിപാര്‍ക്കിലാണ് 24 മണിക്കൂര്‍ ഉണ്ണാവ്രതം ആരംഭിച്ചത്. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ യുഡിഎഫിലെയും കോണ്‍ഗ്രസിലെയും തമ്മിലടിമൂലം ഭരണം നിശ്ചലമായി വിലക്കയറ്റംകൊണ്ട് ജനം പൊറുതിമുട്ടിയപ്പോഴാണ് ജനരോഷം ഹര്‍ത്താല്‍ രൂപത്തില്‍ പ്രതിഫലിച്ചത്. ഉടന്‍ ഹര്‍ത്താലിനെതിരെ ഹസ്സന്‍ ഉപവാസവുമായി രംഗത്തെത്തി. കോണ്‍ഗ്രസിലെ സ്വന്തം ഗ്രൂപ്പുകാരുടെ പിന്തുണപോലും ഹസ്സനുണ്ടായില്ലെങ്കിലും ഹര്‍ത്താല്‍ പാടില്ലെന്ന് മൈക്ക് കണ്ടിടത്തെല്ലാം ഹസ്സന്‍ പ്രസംഗിച്ചു. തുടര്‍ന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒറ്റസീറ്റും കിട്ടാതെ കേരളത്തില്‍ കോണ്‍ഗ്രസ് നിലംപരിശായി. മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് ആന്റണി ഡല്‍ഹിക്ക് ചേക്കേറി. മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോള്‍ ഹസ്സന് മന്ത്രിസ്ഥാനവും നഷ്ടപ്പെട്ടു.

"പണി പാളി"യെന്ന് മനസ്സിലാക്കി ഉള്‍വലിഞ്ഞ ഹസ്സന്റെ ശബ്ദം കേരളം കേള്‍ക്കുന്നത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമാണ്. എല്‍ഡിഎഫ് ഭരണസാരഥ്യമേറി. നാമമാത്ര സീറ്റിലേക്ക് കേരളജനത കോണ്‍ഗ്രസിനെ ചുരുട്ടിക്കെട്ടിയപ്പോള്‍ ഹസ്സനില്‍ പ്രതിപക്ഷവീര്യം നിറഞ്ഞു. ഹര്‍ത്താലിനെതിരെ പറഞ്ഞതെല്ലാം വിഴുങ്ങി. യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനംചെയ്യുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് "ഏത് ഹര്‍ത്താല്‍ വിരോധം? എന്തര് ഹര്‍ത്താല്‍ വിരോധം?" എന്ന നിലപാടായി ഹസ്സന്. തുടര്‍ന്ന് അഞ്ചുവര്‍ഷം ഹര്‍ത്താലുകള്‍ക്കെതിരെ മൗനവ്രതം. ഇപ്പോള്‍ സെക്രട്ടറിയറ്റിനുമുന്നില്‍ സമരം പാടില്ലെന്നാണ് ആവശ്യമെങ്കിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സീറ്റ് തരപ്പെടുത്തുകയാണ് "ദേശാടനപ്പക്ഷി"യുടെ ലക്ഷ്യമെന്ന് സ്വന്തം ഗ്രൂപ്പുകാര്‍തന്നെ പറയുന്നു. "ഏത് സമരം, എന്ത്ര് സമരം, ചാണ്ടി അഞ്ചുകൊല്ലം ഭരിക്കട്ട്" എന്ന് അട്ടഹസിച്ച സന്ധ്യക്ക് കിട്ടിയ അഞ്ചുലക്ഷവും പ്രശസ്തിയും തനിക്കും എന്തുകൊണ്ട് നേടിയെടുത്തുകൂടാ എന്ന തോന്നലും ഹസ്സനുണ്ടായിപ്പോയി. സെക്രട്ടറിയറ്റിനുമുന്നിലെ സമരത്തോട് ഹസ്സന് വൈരാഗ്യത്തിന് കുടുംബശ്രീ രാപ്പകല്‍സമരവും കാരണമാണ്.

(എം വി പ്രദീപ്)

deshabhimani

No comments:

Post a Comment