Friday, January 17, 2014

സുനന്ദ പുഷ്കര്‍ മരിച്ച നിലയില്‍

കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. 52 വയസ്സായിരുന്നു. ന്യൂഡല്‍ഹിയിലെ പഞ്ചനക്ഷത്രഹോട്ടലായ ലീലയിലാണ് വെള്ളിയാഴ്ച രാത്രി മൃതദേഹം കണ്ടെത്തിയത്. ഹോട്ടലിലെ 345-ാംമുറിയിലാണ് താമസിച്ചിരുന്നത്. എഐസിസി സമ്മേളനത്തില്‍ പങ്കെടുത്തശേഷം വൈകിട്ട് തരൂര്‍ ഹോട്ടലില്‍ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞതെന്നും മരണവിവരം തരൂര്‍തന്നെയാണ് പൊലീസിനെ അറിയിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍, വൈകിട്ട് മൂന്നിന് ഹോട്ടലിലെ ലോബിയില്‍ സുനന്ദയെ കണ്ടവരുണ്ട്. ആ സമയത്ത് അവര്‍ ആഹ്ലാദവതിയുമായിരുന്നുവെന്നും പറയുന്നു. സന്ധ്യക്ക് ഏഴിന് ഹോട്ടല്‍ ജീവനക്കാര്‍ വാതിലില്‍ മുട്ടിയെങ്കിലും തുറന്നില്ലെന്നും തുടര്‍ന്ന് മാസ്റ്റര്‍ കാര്‍ഡുപയോഗിച്ച് തുറന്ന് അകത്ത് കടന്നപ്പോഴാണ് വിവരം അറിഞ്ഞതെന്നും പറയുന്നുണ്ട്. മാധ്യമ പ്രവര്‍ത്തക ബര്‍കാദത്ത് സുനന്ദയുമായി വെള്ളിയാഴ്ച സംസാരിച്ചിരുന്നു. കുറേ കാര്യങ്ങള്‍ പറയാനുണ്ടെന്ന് സുനന്ദ തന്നോട് പറഞ്ഞിരുന്നതായും ബര്‍ക വെളിപ്പെടുത്തിയിട്ടുണ്ട്.

മരണകാരണം സംബന്ധിച്ച് പൊലീസ് മാധ്യമങ്ങളോട് ഒന്നും പറഞ്ഞിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ വന്‍ സംഘംതന്നെ ഹോട്ടലില്‍ എത്തിയിട്ടുണ്ട്. ഹോട്ടലിന്റെ ഗേറ്റുകള്‍ അടച്ച് വന്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. മരണത്തെക്കുറിച്ച് സബ്ഡിവിഷണല്‍ മജിസ്ട്രേട്ട് അന്വേഷണം പ്രഖ്യാപിച്ചു.

തരൂരും സുനന്ദയും മാസങ്ങളായി അകല്‍ച്ചയിലായിരുന്നു. ഇവര്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞദിവസം തരൂരും പാകിസ്ഥാന്‍ പത്രപ്രവര്‍ത്തക മെഹര്‍ തരാരും തമ്മിലുള്ള പ്രണയബന്ധം വെളിപ്പെടുത്തിയ സുനന്ദ താന്‍ തികച്ചും നിരാശയിലാണെന്നും വ്യക്തമാക്കിയിരുന്നു. രണ്ടു ദിവസമായി തരൂരും സുനന്ദയും ഒന്നിച്ചായിരുന്നില്ല താമസം. തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന സുനന്ദ, വ്യാഴാഴ്ചയാണ് ഹോട്ടല്‍ ലീലയില്‍ മുറിയെടുത്തത്. മരണത്തിന് 16 മണിക്കൂര്‍മുമ്പ് സുനന്ദ ട്വിറ്ററില്‍ പ്രതികരിച്ചിരുന്നു. തരൂരുമായി ടെലിവിഷന്‍ പരിപാടിയില്‍ ഒന്നിച്ച് എപ്പോഴാണ് പ്രത്യക്ഷപ്പെടുന്നതെന്ന ചോദ്യത്തിന്, അത് ഒരിക്കലും സംഭവിക്കില്ലെന്ന് സുനന്ദ പ്രതികരിച്ചിരുന്നു.

2010 ആഗസ്തിലാണ് തരൂര്‍ സുനന്ദയെ വിവാഹം ചെയ്തത്. ഇരുവരുടെയും മൂന്നാംവിവാഹമായിരുന്നു. രണ്ടാംവിവാഹത്തില്‍ സുനന്ദയ്ക്ക് ഒരു മകനുണ്ട്. ഈ യുവാവ് ദുബായില്‍ കേസില്‍ ഉള്‍പ്പെട്ടതായി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് ഇരുവരും തമ്മില്‍ ചില തര്‍ക്കങ്ങളുമുണ്ടായി. മുമ്പ് വേദികളില്‍ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിരുന്ന ഇവര്‍ രണ്ടുപേരും കുറച്ചുനാളായി തനിച്ചാണ് വിവിധ പരിപാടികള്‍ക്ക് വരുന്നത്.

തരൂരും മെഹറും തമ്മിലുള്ള വഴിവിട്ട ബന്ധം വെളിപ്പെടുത്തിയത് സുനന്ദതന്നെയാണ്. സ്ത്രീ എന്നനിലയിലും ഭാര്യ എന്നനിലയിലും താന്‍ തകര്‍ന്നുവെന്നും വിവാഹമോചനമല്ലാതെ വഴിയില്ലെന്നും ഇംഗ്ലീഷ് ദിനപത്രത്തോട് സുനന്ദ പറഞ്ഞു. ഇതിനുശേഷം തരൂരും സുനന്ദയും ഫെയ്സ്ബുക്കില്‍ സംയുക്തപ്രസ്താവന നല്‍കി. വിവാദങ്ങളില്‍ ദുഃഖിതരാണെന്നും ട്വിറ്റര്‍ അക്കൗണ്ടുകളിലെ ചില സന്ദേശങ്ങള്‍ വ്യാജമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. സുനന്ദയുടെ വാക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല. തങ്ങള്‍ സന്തുഷ്ടമായ ജീവിതം നയിക്കുകയാണ്. രോഗബാധിതയായ സുനന്ദ ആശുപത്രിചികിത്സയ്ക്കുശേഷം വിശ്രമത്തിലാണ്. സ്വകാര്യതയെ മാനിക്കണമെന്നും തരൂര്‍ ഫെയ്സ്ബുക്കില്‍ ആവശ്യപ്പെട്ടു. കശ്മീര്‍ താഴ്വരയിലെ സൊപോറില്‍നിന്ന് എട്ടു കിലോമീറ്റര്‍ മാറി ബൊമൈ എന്ന സ്ഥലത്ത് സാധാരണ കുടുംബത്തിലാണ് സുനന്ദയുടെ ജനനം. അച്ഛന്‍ പി എന്‍ ദാസ് കരസേനാ ഉദ്യോഗസ്ഥനായിരുന്നു

സുനന്ദ അവസാനം എഴുതി, "ശശി തരൂരിനൊപ്പം ഇനി കാണില്ല"

ന്യൂഡല്‍ഹി: "ലോല്‍, ദാറ്റ് വുഡ് നെവര്‍ ഹാപ്പെന്‍". ട്വിറ്റര്‍ വിവാദത്തിന് അന്ത്യംകുറിച്ച് ജീവിതം അവസാനിപ്പിച്ച സുനന്ദ പുഷ്കര്‍ ഏറ്റവുമൊടുവില്‍ ട്വിറ്ററില്‍ കുറിച്ച വാക്ക് ഇതാണ്. ഒരു സുഹൃത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് സുനന്ദ ഇക്കാര്യം ട്വീറ്റ് ചെയ്തത്.

താങ്കളെയും ശശി തരൂരിനെയും "കോഫീ വിത്ത് കരണ്‍" എന്ന ചാനല്‍ ഷോയില്‍ എന്ന് കാണാന്‍ സാധിക്കുമെന്ന ട്വിറ്റര്‍ സുഹൃത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് സുനന്ദ ഇക്കാര്യം കുറിച്ചിട്ടത്. തരൂരുമായി ഒരുപ്രശ്നവുമില്ലെന്ന് ഇരുവരും ചേര്‍ന്ന് പ്രസ്താവന ഇറക്കിയശേഷവും സുനന്ദ ട്വിറ്ററില്‍ സജീവമായിരുന്നു. എന്നാല്‍, ഈ സന്ദേശങ്ങളിലെല്ലാം തരൂരുമായി പ്രശ്നങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന സൂചനകളാണ് സുനന്ദ നല്‍കിയത്.

പാക് മാധ്യമപ്രവര്‍ത്തകയായ മെഹ്ര്‍ തരാറിനെക്കുറിച്ച് തന്നെയാണ് അവര്‍ അവസാന നിമിഷങ്ങളിലെല്ലാം ചര്‍ച്ചചെയ്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. "മെഹ്ര്‍ തരാര്‍ പറഞ്ഞതെല്ലാം നുണയാണ്. എന്റെ ഭര്‍ത്താവിന് അവര്‍ അയച്ച എല്ലാ ഇ മെയില്‍ സന്ദേശങ്ങളും എന്റെ കൈയിലുണ്ട്, ഞാന്‍ നുണ പറയാറില്ല". എന്ന് ട്വീറ്റ് ചെയ്ത സുനന്ദയോട് മാധ്യമങ്ങളില്‍നിന്നും ട്വിറ്ററില്‍നിന്നും വിട്ടുനില്‍ക്കാനും തരൂരിന്റെ ജീവിതത്തില്‍ ഇനിയും ഒരുപാട് സ്ത്രീകള്‍ കടന്നു വന്നേക്കാമെന്നും ഒരു സുഹൃത്ത് പറയുന്നുണ്ട്. അതിനാല്‍ ഇത് വിട്ടുകളഞ്ഞേക്കൂ എന്ന് ഉപദേശിച്ച സുഹൃത്തിനോട് സുനന്ദയുടെ മറുപടി ഇങ്ങനെയായിരുന്നു:

"അതിനെക്കുറിച്ച് ഞാന്‍ ആശങ്കപ്പെടുന്നില്ല. എന്നാല്‍, ഒരു സ്ത്രീ എന്റെ ഭര്‍ത്താവിനു വേണ്ടി എന്നെ ശകാരിച്ചിരിക്കുന്നു." ഇതു കേള്‍ക്കേണ്ടിവരുന്ന അവസാനത്തെയാള്‍ താനായിരിക്കുമെന്നും അവര്‍ അവസാന സന്ദേശങ്ങളില്‍ കുറിച്ചിട്ടിട്ടുണ്ട്.

തരൂരിന്റെ പരസ്ത്രീബന്ധങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്ന സന്ദേശങ്ങളാണ് സുനന്ദ ഒടുവില്‍ കുറിച്ച ട്വീറ്റുകളില്‍നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അതേസമയം സുനന്ദയുടെ മരണത്തില്‍ മെഹര്‍ ഞെട്ടല്‍ പ്രകടിപ്പിച്ചു.
(സുജിത് ബേബി)

deshabhimani

1 comment: