Wednesday, January 8, 2014

ആപത്ത് ജനങ്ങളെ ബോധ്യപ്പെടുത്തണം: പിണറായി

കോര്‍പറേറ്റുകളുടെ കാഴ്ചപ്പാട് അനുസരിച്ച് വിദ്യാഭ്യാസ രംഗം ഉടച്ചുവാര്‍ത്താല്‍ ഉണ്ടാകുന്ന ആപത്ത് ജനങ്ങളെ ബോധ്യപ്പെടുത്തുംവിധമുള്ള പ്രക്ഷോഭങ്ങള്‍ അനിവാര്യമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിന് സ്വയംഭരണപദവി നല്‍കാനുള്ള തീരുമാനത്തിനെതിരെ സംരക്ഷണസമിതി രൂപീകരണയോഗം കോളേജ് അങ്കണത്തില്‍ ഉദ്ഘടനംചെയ്യുകയായിരുന്നു അദ്ദേഹം.

കോളേജുകള്‍ക്ക് സ്വയംഭരണാവകാശവും സ്വകാര്യ യൂണിവേഴ്സിറ്റികളുമെല്ലാം മടിശ്ശീലമാത്രം ലക്ഷ്യംവച്ചുള്ളതാണ്. വിദ്യാഭ്യാസക്കച്ചവടത്തിനെതിരെ പ്രചാരണങ്ങളും സമരങ്ങളും നടക്കുന്നുണ്ട്. എന്നാല്‍, അവ പ്രചരിപ്പിക്കാന്‍, കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കെതിരെ പ്രചാരണം നടത്താന്‍ മഹാഭൂരിഭാഗം മാധ്യമങ്ങളും തയ്യാറാകില്ല. വിദ്യാഭ്യാസരംഗത്തെ വളരെ അപകടകരമായ അവസ്ഥയിലേക്കാണ് സര്‍ക്കാര്‍ തള്ളിവിടുന്നത്. സാമൂഹ്യനീതിയും മതനിരപേക്ഷതയും തകര്‍ത്ത് വിദ്യാഭ്യാസമേഖലയില്‍നിന്ന് ഒരുവിഭാഗത്തെ പൂര്‍ണമായും അകറ്റിനിര്‍ത്തുന്നതിന്റെ ആപത്ത് ജനങ്ങളിലെത്തിക്കാന്‍ കൂടുതല്‍ പ്രക്ഷോഭങ്ങള്‍ വേണം.

പഠിക്കാന്‍ കഴിവുള്ള കുട്ടിക്ക് ഏതുവരെയും പഠിക്കാനുള്ള സൗകര്യം ഉണ്ടായിരുന്ന നാടാണ് കേരളം. പണ്ട് അതുണ്ടായിരുന്നില്ല. 1957ലെ സര്‍ക്കാര്‍ സാര്‍വത്രിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിയപ്പോള്‍ ലഭിച്ചതാണത്. സാമൂഹ്യമായി അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും പഠിക്കാന്‍ അവസരം ലഭിച്ച നാടാണ് കേരളം. സംവരണാനുകൂല്യങ്ങള്‍ പിന്നോക്ക ജനവിഭാഗത്തിന് പഠിക്കാന്‍ അവസരം നല്‍കി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശം ലഭിക്കുന്നതോടെ സാമൂഹ്യനീതിതന്നെ ഇല്ലാതാകും. സംവരണം ഇല്ലാതാകും. ഇപ്പോഴുള്ള സ്വകാര്യ സ്വാശ്രയ കോളേജുകളെക്കുറിച്ച് ഹൈക്കോടതി പറഞ്ഞ കാര്യം നമ്മുടെ മുമ്പിലുണ്ട്. മാനദണ്ഡങ്ങളൊന്നും പാലിക്കാത്ത, കുട്ടികള്‍ നേരിയ തോതില്‍മാത്രം ജയിക്കുന്ന കോളേജുകള്‍ തുടര്‍ന്ന് നടത്താന്‍ അനുവദിക്കരുതെന്നാണ് കോടതി പറഞ്ഞത്. ഇത്തരം കോളേജുകള്‍ക്ക് സ്വയംഭരണം ലഭിച്ചാല്‍ സ്ഥിതിയെന്തായിരിക്കുമെന്ന് ആലോചിച്ചുനോക്കൂ. കോഴ്സുകളും വിഷയങ്ങളും പരീക്ഷയുമെല്ലാം കോളേജിന്റെ നിലവാരം സംരക്ഷിക്കാന്‍മാത്രമാകും. യൂണിവേഴ്സിറ്റികളോടുള്ള സര്‍ക്കാരിന്റെ സമീപനംതന്നെ വിദ്യാഭ്യാസമേഖലയെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ല എന്നതിന്റെ തെളിവാണ്. അര്‍ഹതയില്ലാത്തവരെ സര്‍വകലാശാലയുടെ ഭരണസാരഥ്യത്തില്‍ കയറ്റിയിരുത്താന്‍ ഒരു മനഃസാക്ഷിക്കുത്തും സര്‍ക്കാരിനില്ലെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment