Thursday, October 3, 2013

ആസൂത്രണ പിഴവ്: വൈദ്യുതി ബോര്‍ഡിന് 102 കോടി നഷ്ടം

കാലവര്‍ഷത്തിലെ ജല ആസൂത്രണ പിഴവുമൂലം വൈദ്യുതി ബോര്‍ഡിന്് 102 കോടിയുടെ ഉല്‍പ്പാദന നഷ്ടം. തുലാവര്‍ഷത്തിലെ ജലസംഭരണവും ഇതേ നിലയില്‍ പാളിയാല്‍ നഷ്ടം 500 കോടി കവിയും. ചരിത്രത്തിലെ ഏറ്റവും വലിയ ജല ലഭ്യതയാണ് ഇത്തവണത്തേത്. ആഗസ്ത്, സെപ്തംബര്‍ മാസങ്ങളിലെ ഉയര്‍ന്ന ജലലഭ്യത പ്രയോജനപ്പെടുത്താന്‍ ബോര്‍ഡിനായില്ല.

ആദ്യമായി തമിഴ്നാടിന് നിരുപാധികം വെള്ളം ഉപയോഗിക്കാനുള്ള അവസരവും നല്‍കി. മുന്‍ വൈദ്യുതി മന്ത്രി എ കെ ബാലനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൂലമറ്റത്തെ ആസൂത്രണമില്ലായ്മയാണ് കനത്ത നഷ്ടത്തിന് കാരണം. ജൂണ്‍ മുതല്‍ വന്‍തോതില്‍ ജലം സംഭരിച്ചതായി മൂലമറ്റത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണ്‍ ഒന്നിന് ഇടുക്കി ഡാമിലെ ജലനിരപ്പ് സംഭരണശേഷിയുടെ 11.91 ശതമാനമായിരുന്നു. ജൂണ്‍ 30ന് 37.16 ശതമാനം. ജൂലൈ ഒന്നിന് 37.67ഉം 31ന് 74.45 ശതമാനവുമായി. ആഗസ്ത് ഒന്നിന് 76.12ഉം 31ന് 91.45 ശതമാനമായും ജലനിരപ്പ് ഉയര്‍ന്നു. സെപ്തംബര്‍ 25ന് ഇത് 97.82 ശതമാനമായി. ഇതനുസരിച്ച് ആറ് ജനറേറ്ററുകളില്‍ അഞ്ചെണ്ണമെങ്കിലും പൂര്‍ണതോതില്‍ ഉല്‍പ്പാദനം നടത്തിയിരുന്നെങ്കില്‍ ഇത്രമാത്രം ജലനഷ്ടം ഉണ്ടാകുമായിരുന്നില്ല.

ഒന്നര മാസം ജനറേറ്ററുകളുടെ ശേഷി പൂര്‍ണമായും ഉപയോഗിച്ചിരുന്നെങ്കില്‍ പ്രതിദിനം അഞ്ച് മെഗാവാട്ട് വൈദ്യുതി വില്‍ക്കാനാകുമായിരുന്നു. ഇതുമൂലമുള്ള പ്രതിദിന ലാഭം രണ്ട് കോടിയാണ്. ഒന്നര മാസത്തിനിടെ 90 കോടി രൂപ മിച്ചം ലഭിച്ചേനെ. 20 ദശലക്ഷം ചതുരശ്ര മീറ്റര്‍ വെള്ളം നിരുപാധികം തമിഴ്നാടിന് വിട്ടുകൊടുത്തു. വെള്ളം തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് തമിഴ്നാടിനെ ചീഫ് സെക്രട്ടറി കത്തിലൂടെ അറിയിക്കുകയായിരുന്നു. ഇത് ഉപയോഗിച്ച് 30 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാമായിരുന്നു. 12 കോടിയുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായത്. യൂണിറ്റിന് 4.03 രൂപയ്ക്ക് വൈദ്യുതി വാങ്ങാന്‍ തമിഴ്നാട് തയ്യാറായിരുന്നു. തുലാവര്‍ഷത്തിന്റെ ഭാഗമായി രണ്ടു മാസംകൂടി നീരൊഴുക്ക് തുടരും.

ഈ കാലയളവിലും നീരൊഴുക്ക് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നഷ്ടം 500 കോടി കവിയും. 200 മെഗാവാട്ട് വൈദ്യുതി വില്‍ക്കുന്നതിന് ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. യൂണിറ്റിന് 4.03 രൂപ ക്വോട്ട് ചെയ്യപ്പെട്ടെങ്കിലും വില്‍പ്പന റദ്ദാക്കിയത് ദുരൂഹത ഉയര്‍ത്തുന്നു. ഡാമിന്റെ ശേഷിയുടെ 90 ശതമാനത്തിലധികം വെള്ളം ഉള്ളപ്പോള്‍ ആറ് ജനറേറ്ററും പ്രവര്‍ത്തിപ്പിച്ച് 18 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുപകരം ശരാശരി ഒമ്പത് യൂണിറ്റായി വെട്ടിക്കുറച്ചത് സംശയകരമാണ്. സെപ്തംബര്‍ 21 മുതല്‍ 24 വരെ മാത്രമാണ് 18 ദശലക്ഷം യൂണിറ്റിലേറെ ഉല്‍പ്പാദനം നടന്നത്. ഇതും സംഭരണശേഷി 98 ശതമാനം കവിഞ്ഞപ്പോള്‍ മാത്രം.

ആഗസ്ത് ഏഴ് മുതല്‍ സംഭരണശേഷി 90 ശതമാനത്തിലേറെയായി. തുടര്‍ന്ന് പടിപടിയായി ജലനിരപ്പ് ഉയര്‍ന്നു. ഈ രണ്ടുമാസ കാലയളവില്‍ 14 ദശലക്ഷം മുതല്‍ 12 ദശലക്ഷം യുണിറ്റ് വരെയായിരുന്നു ഉല്‍പ്പാദനം. അഞ്ച് ജനറേറ്ററുകളെങ്കിലും ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. സ്വാഭാവികമായും കുറഞ്ഞത് 15 ദശലക്ഷം യൂണിറ്റെങ്കിലും ഉല്‍പ്പാദിപ്പിക്കേണ്ടതാണ്.

അന്വേഷിക്കണം: എ കെ ബാലന്‍

തിരു: ജല ആസൂത്രണ പിഴവ് മൂലം വൈദ്യുതി ബോര്‍ഡിനുണ്ടായ വന്‍ സാമ്പത്തിക നഷ്ടം സംബന്ധിച്ച് അന്വേഷിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് മുന്‍ വൈദ്യുതി മന്ത്രി എ കെ ബാലന്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സെപ്തംബര്‍ 12 മുതല്‍ 25 വരെ 13 ദിവസം ഇടുക്കി ഡാമില്‍നിന്നുമാത്രം 35 കോടി രൂപയുടെ നഷ്ടമുണ്ട്. ഇത് തുടരുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷം രണ്ട് പ്രാവശ്യമായി 2000 കോടി രൂപയുടെ താരിഫ് വര്‍ധന വരുത്തി. എന്നിട്ടും പവര്‍കട്ടും ലോഡ്ഷെഡ്ഡിംഗും ഏര്‍പ്പെടുത്തി. 300 മെഗാവാട്ടിന്റെ കുറവാണ് വരള്‍ച്ചാഘട്ടത്തിലുണ്ടായത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പുറത്തുനിന്ന് 500 മെഗാവാട്ട് എത്തിക്കുന്നതിനായി ഉണ്ടാക്കിയ കരാറും യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കാലാവസ്ഥ പ്രതികൂലമായിരുന്നു. അനുകൂലമായ രണ്ട് വര്‍ഷം വൈദ്യുതി മറ്റ് സംസ്ഥാനങ്ങള്‍ക്ക് വിറ്റ്് ആയിരം കോടി സമാഹരിച്ചു. വൈദ്യുതി ബോര്‍ഡിന്റെ 4500 കോടിയുടെ പൊതുകടം 1500 കോടിയായി ചുരുക്കി. ഇപ്പോഴത്തെ ജല ആസൂത്രണ നയം പൊളിച്ചെഴുതിയില്ലെങ്കില്‍ കനത്ത പ്രതിസന്ധിക്ക് കാരണമാകുമെന്നും എ കെ ബാലന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment