Thursday, October 3, 2013

ആധാര്‍ ലിങ്ക് ചെയ്തവര്‍ക്ക് 1049 രൂപ; മറ്റുള്ളവര്‍ക്ക് 434

 പാചകവാതക സബ്സിഡിക്കായി ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്്തവര്‍ കുടുങ്ങി. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ സിലിണ്ടറിന് 1049 രൂപ നല്‍കണം. ലിങ്ക് ചെയ്യാത്തവര്‍ നല്‍കേണ്ടത് 433.43 രൂപയാണ്. വാഹനക്കൂലിയടക്കം ഇത് 460 രൂപയാകും. ആധാര്‍ ലിങ്ക്ചെയ്യാത്തവര്‍ക്ക് ഡിസംബര്‍വരെ പഴയ നിരക്കിലാണ് സിലിണ്ടര്‍ ലഭിക്കുക. ഡിസംബറിനു ശേഷം മുഴുവന്‍ ഉപഭോക്താക്കളെയും നോണ്‍ സബ്സിഡി വിഭാഗത്തിലാക്കുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനമെങ്കിലും വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ ഇതിലും അവ്യക്തതയുണ്ട്. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് പെ്രടോളിയം മന്ത്രി വീരപ്പമൊയ്ലി വ്യക്തമാക്കിയിട്ടുമുണ്ട്. ആധാര്‍ നമ്പര്‍ ബാങ്കുമായി ലിങ്ക് ചെയ്തവര്‍ക്ക് സബ്സിഡിതുക പിന്നീട് ബാങ്കില്‍ വന്നാലും നേരിട്ട് സബ്സിഡി ലഭിക്കുന്നവര്‍ക്കുള്ള ഇളവ് കിട്ടില്ല. നികുതിയും ബാങ്ക് സര്‍വീസ് ചാര്‍ജും അടക്കം നൂറു രൂപയോളം ഈടാക്കും. കഴിഞ്ഞ മാസം 979 രൂപ നിരക്കില്‍ സിലിണ്ടര്‍ വാങ്ങിയവര്‍ക്ക് 435 രൂപയാണ് സബ്സിഡി ലഭിച്ചത്. ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത നിരവധി ഉപഭോക്താക്കള്‍ക്ക് ബാങ്ക് വഴി സബ്സിഡി തുക ലഭിച്ചിട്ടുമില്ല. പാചക വാതകത്തിന് ഒക്ടോബര്‍ മുതല്‍ ഒറ്റയടിക്ക് 100 രൂപ വര്‍ധിപ്പിച്ചിട്ടുമുണ്ട്.

ജൂലൈയില്‍ 832 രൂപയും ആഗസ്തില്‍ 878 രൂപയും സെപ്തംബറില്‍ 979 രൂപയുമാണ് 14.2 കിലോ വരുന്ന ഗാര്‍ഹിക സിലിണ്ടറിന്റെ വില. ഒക്ടോബര്‍ ഒന്നുമുതല്‍ ഇത് 1049 ആയാണ് കൂടിയത്. 19 കിലോയുടെ വാണിജ്യ ഉപയോഗസിലിണ്ടറിന്റെ വില 1,796 ആയും ഉയര്‍ത്തി. ഭാരത്, എച്ച്പി, ഇന്‍ഡെയിന്‍ എന്നീ പൊതുമേഖല പെട്രോളിയം കമ്പനികള്‍ വില കൂട്ടുന്നത് പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ്. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് വാതകവിതരണത്തിന്റെ കുത്തകാവകാശം നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമാണ് വിലവര്‍ധനയെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. സ്വകാര്യ കമ്പനികള്‍ പൊതുമേഖലയേക്കാള്‍ വിലക്കുറവുള്ള സിലിണ്ടറുകള്‍ ഉടന്‍ വിപണിയിലിറക്കിയേക്കും. സമീപഭാവിയില്‍ പാചകവാതക വിതരണവും കുത്തകകള്‍ക്കാവുമെന്നതിന്റെ സൂചനയാണ് ഈ നീക്കമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
(വി എം രാധാകൃഷ്ണന്‍)

പാചകവാതകം ഇനി പെട്രോള്‍പമ്പ് വഴിയും

ന്യൂഡല്‍ഹി: ഇനി പാചകവാതകം പെട്രോള്‍പമ്പുകളില്‍നിന്നും വാങ്ങാം. ഇതിന്റെ തുടക്കമായി മെട്രോ നഗരങ്ങളിലെ പെട്രോള്‍പമ്പുകളില്‍നിന്ന് വരുന്ന അഞ്ചുമുതല്‍ എല്‍പിജി സിലിണ്ടര്‍ ലഭിച്ചുതുടങ്ങും. ശനിയാഴ്ച ബംഗളൂരുവില്‍ നടക്കുന്ന ചടങ്ങില്‍ പെട്രോളിയംമന്ത്രി എം വീരപ്പമൊയ്ലി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ആദ്യഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ചെന്നൈ മെട്രോനഗരങ്ങളിലാണ് പദ്ധതി നിലവില്‍ വരിക.

എല്‍പിജി പോര്‍ട്ടബിലിറ്റി പദ്ധതിയുടെ ഭാഗമായി രാജ്യത്തെ മറ്റ് 30 നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലും നടപ്പാക്കും. പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ചു കിലോയുടെ സിലിണ്ടറുകളാണ് വിതരണംചെയ്യുക. ഈ സിലിണ്ടറുകള്‍ക്ക് സബ്സിഡി നിരക്കിന്റെ ഇരട്ടി വില നല്‍കേണ്ടിവരും. ഉപയോക്താക്കളുടെ സൗകര്യം അനുസരിച്ച് സിലിണ്ടര്‍ വിതരണക്കാരെ തെരഞ്ഞെടുക്കാനും ഒരു വിതരണക്കാരനില്‍ നിന്ന് താല്‍പ്പര്യമുള്ള മറ്റ് വിതരണകേന്ദ്രത്തിലേക്ക് മാറാനും സംവിധാനം ലഭ്യമാകും.

ഇതിനായി എണ്ണക്കമ്പനികളുടെ വെബ്സൈറ്റ് വഴി ഉപയോക്താക്കള്‍ക്ക് ക്രമീകരണം നടത്താം. പെട്രോളിയംകമ്പനികള്‍ നേരിട്ട് നടത്തുന്ന പമ്പുകളില്‍നിന്ന് മാത്രമേ സിലിണ്ടര്‍ ലഭിക്കുകയുള്ളൂ.

deshabhimani

No comments:

Post a Comment