Thursday, October 3, 2013

സോണിയ മടങ്ങിയപ്പോള്‍ കൂട്ടത്തല്ല്

കോണ്‍ഗ്രസിലെയും യുഡിഎഫിലെയും കൂട്ടക്കുഴപ്പം തീര്‍ക്കാന്‍ കേരളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മടങ്ങിയതോടെ പാര്‍ടിയിലും മുന്നണിയിലും കൂട്ടത്തല്ല്. പൂര്‍വാധികം ശക്തിയോടെ നേതാക്കളും മന്ത്രിമാരും ഗ്രൂപ്പ് തിരിഞ്ഞും അല്ലാതെയും ഏറ്റുമുട്ടുകയാണ്. മന്ത്രിസഭാ യോഗത്തിനിടെ മൂന്ന് മന്ത്രിമാര്‍ പരസ്പരം ചെളിവാരി എറിഞ്ഞിട്ടും മുഖ്യമന്ത്രിക്ക് കുലുക്കമില്ല. വിവാദങ്ങളിലും തര്‍ക്കങ്ങളിലും മുന്നണിയും ഭരണവും ആടിയുലയുമ്പോഴും അധികാരത്തില്‍ കടിച്ചുതൂങ്ങുകയെന്ന അജന്‍ഡമാത്രമാണ് ഉമ്മന്‍ചാണ്ടിക്ക്. അതിന് ഏതറ്റംവരെയും പോകുമെന്ന നിലയും.

കണ്‍സ്യൂമര്‍ഫെഡിലെ വിജിലന്‍സ് റെയ്ഡോടെയാണ് ഗ്രൂപ്പ് തര്‍ക്കം മന്ത്രിസഭായോഗത്തിലേക്കും എത്തിയത്. എ ഗ്രൂപ്പുകാരനെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായും ഇടഞ്ഞുനില്‍ക്കുന്ന ആര്യാടന്‍ മുഹമ്മദാണ് യോഗത്തില്‍ ആദ്യവെടി പൊട്ടിച്ചത്. ഗ്രൂപ്പ് സമവാക്യത്തിലെ മാറ്റത്തിന്റെ തുടക്കവുമായി ഇത് വിലയിരുത്തപ്പെടുന്നു. റെയ്ഡിനെ അതിനിശിതമായി വിമര്‍ശിച്ചതോടെ തിരുവഞ്ചൂര്‍ ആര്യാടനെതിരെ തിരിഞ്ഞു. ഇതിനിടെ ആര്യാടന്റെ രാജിഭീഷണിവരെ കാര്യങ്ങള്‍ എത്തി. ഐ ഗ്രൂപ്പുകാരനായ സി എന്‍ ബാലകൃഷ്ണനും റെയ്ഡിനെ വിമര്‍ശിച്ചതോടെ യോഗത്തിലെ മറ്റ് അജന്‍ഡകളിലേക്ക് കടന്ന് വിഷയം വഴിതിരിച്ചുവിട്ട് ഉമ്മന്‍ചാണ്ടി തടിയൂരി.

ഗ്രൂപ്പ് വൈരം തീര്‍ക്കാന്‍ ആഭ്യന്തരമന്ത്രി പൊലീസിനെയും വിജിലന്‍സിനെയും ഉപയോഗിക്കുന്നുവെന്ന് കാണിച്ച് ഐ ഗ്രൂപ്പ് വീണ്ടും ഹൈക്കമാന്‍ഡിന് പരാതി നല്‍കി. ഐ ഗ്രൂപ്പ് പ്രതിനിധിയായ സി എന്‍ ബാലകൃഷ്ണന്റെ ചുമതലയിലുള്ള സഹകരണ വകുപ്പിന് കീഴിലെ കണ്‍സ്യൂമര്‍ഫെഡ് റെയ്ഡ് മാത്രമല്ല, ഐ ഗ്രൂപ്പ് ഉദ്ദേശിച്ചത്. ഓരോ ജില്ലയിലും ആഭ്യന്തരവകുപ്പിനെ ഉപയോഗിച്ച് ഐ ഗ്രൂപ്പിനെ ഒതുക്കാനും എ ഗ്രൂപ്പിനെ ശക്തിപ്പെടുത്താനും തിരുവഞ്ചൂര്‍ ശ്രമിക്കുന്നുവെന്നും ഐ ഗ്രൂപ്പ് പരാതിപ്പെടുന്നു. സ്വന്തക്കാരായ അഴിമതിക്കാരെ സംരക്ഷിക്കാന്‍ വകുപ്പിനെയും ഭരണത്തെയും ദുരുപയോഗിക്കുന്നതായും ഐ ഗ്രൂപ്പ് ആരോപിച്ചു.

ഐ ഗ്രൂപ്പ് വിമര്‍ശം പരസ്യമായതോടെയാണ് ഐ ഗ്രൂപ്പ് വക്താവ് കെ മുരളീധരനെതിരെ ഉമ്മന്‍ചാണ്ടി വിശ്വസ്തനായ എം എം ഹസ്സനെ രംഗത്തിറക്കിയത്. മുരളി പറയുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്നാണ് ഹസ്സന്റെ പരാതി. കുഴപ്പങ്ങള്‍ക്ക് കാരണം മുരളിയാണെന്നും ഹസ്സന്‍ കുറ്റപ്പെടുത്തി. ഹസ്സന്റെ വിമര്‍ശത്തിന്റെ ചൂടാറും മുമ്പ് മുരളിയും തിരിച്ചടിച്ചു. മുഖം മോശമായതിന് കണ്ണാടി തകര്‍ത്തിട്ട് കാര്യമില്ലെന്ന് മുരളി പറഞ്ഞു. ഗണ്‍മോനും ഗോള്‍ഡ് മോനും പാര്‍ടിക്കാരല്ല. ഇത്തരക്കാര്‍ക്കെതിരെ ഇനിയും പറയും. ഇവരെ സംരക്ഷിക്കുന്നവര്‍ക്കെതിരെ വിമര്‍ശം തുടരുമെന്നും മുരളി പറഞ്ഞു.

വിഴുപ്പലക്കല്‍ ശക്തമായതോടെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വീണ്ടും അച്ചടക്ക നടപടി ഓര്‍മിപ്പിച്ചു. പരസ്യവിമര്‍ശം നടത്തിയാല്‍ കര്‍ശന നടപടിയെന്നാണ് ചെന്നിത്തല പറഞ്ഞത്. രണ്ട് ഗ്രൂപ്പിന്റെയും നേതാക്കള്‍ ഇതിനെ തമാശയായാണ് കണ്ടത്. അതിനിടെ, ആര്യാടന്‍ മുഹമ്മദ് ലീഗിനെതിരെയും ഒളിയമ്പ് തുടര്‍ന്നു. വിവാഹപ്രായം കുറയ്ക്കാന്‍ ആരെങ്കിലും സുപ്രീംകോടതിയെ സമീപിച്ചാല്‍ കേസില്‍ താന്‍ കക്ഷിചേരുമെന്ന് പറഞ്ഞത് ലീഗിനുള്ള മുന്നറിയിപ്പ് കൂടിയാണ്. സലിംരാജ് കേസില്‍ ഹൈക്കോടതി പരാമര്‍ശം ഗൗരവമുള്ളതാണെന്ന മന്ത്രി കെ എം മാണിയുടെ പ്രതികരണവും മുന്നണിയിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി ചോദിക്കുന്നു നിങ്ങള്‍ക്ക് വേറെ പണിയില്ലേ?

തിരു: സലിംരാജ് ഭൂമി തട്ടിയെടുത്ത കേസില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍നിന്നുണ്ടായ രൂക്ഷ പരാമര്‍ശത്തെക്കുറിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നീരസം പ്രകടിപ്പിച്ചു. ഹൈക്കോടതി പരാമര്‍ശത്തെക്കുറിച്ച് പ്രതികരണമാരാഞ്ഞ് ചൊവ്വാഴ്ച വൈകിട്ടുമുതല്‍ മാധ്യമപ്രവര്‍ത്തകര്‍ സമീപിക്കുകയാണെങ്കിലും മുഖ്യമന്ത്രി നീരസത്തോടെ ഒഴിഞ്ഞുമാറുകയായിരുന്നു. ബുധനാഴ്ചയും ഇതാവര്‍ത്തിച്ചു. "നിങ്ങള്‍ക്ക് വേറെ പണിയില്ലേ?" എന്നായിരുന്നു നീരസത്തോടെയുള്ള പ്രതികരണം.

deshabhimani

No comments:

Post a Comment