Thursday, October 3, 2013

മരുന്നുപരീക്ഷണം: എട്ടരവര്‍ഷത്തിനിടെ ഇന്ത്യയില്‍ മരിച്ചത് 3000 പേര്‍

ഇന്ത്യയില്‍ ബഹുരാഷ്ട്ര മരുന്നുകമ്പനികള്‍ക്കുവേണ്ടി നടത്തിയ പരീക്ഷണങ്ങള്‍ക്ക് ഇരയായി എട്ടര വര്‍ഷത്തിനിടയ്ക്ക് 3000 പേര്‍ മരിച്ചു. 2005 മുതല്‍ 2012 ഡിസംബര്‍വരെ 2868 പേര്‍ മരുന്നുപരീക്ഷണങ്ങളുടെ പ്രത്യാഘാതങ്ങള്‍മൂലം മരിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സമ്മതിച്ചു.

പ്രതിവര്‍ഷം ശരാശരി 350 മരണം. 2010ല്‍ 668 പേര്‍ മരിച്ചു. ലോകത്തില്‍ ഏറ്റവും ദുര്‍ബലമായ നിയമവ്യവസ്ഥകളാണ് മരുന്നുപരീക്ഷണങ്ങള്‍ക്കായി ഇന്ത്യയിലുള്ളത്. നിലവിലെ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ മരുന്നുപരീക്ഷണം നടത്തരുതെന്നും നിയമങ്ങളും വ്യവസ്ഥകളും പുതുക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഈ വര്‍ഷം അനുവദിച്ച 162 പരീക്ഷണം റദ്ദാക്കാനും കോടതി നിര്‍ദേശിച്ചു. ആന്ധ്രപ്രദേശില്‍ മെര്‍ക്കിന്റെയും ഗ്ലാക്സോ സ്മിത്ത്ക്ലൈന്റെയും പരീക്ഷണങ്ങള്‍ക്ക് വിധേയരായി ഏഴു കുട്ടികള്‍ മരിച്ച സംഭവം പരിശോധിച്ച പാര്‍ലമെന്ററി കമ്മിറ്റി പരീക്ഷണങ്ങള്‍ക്കുള്ള വ്യവസ്ഥകള്‍ അപര്യാപ്തമെന്നും ഉള്ളവ പാലിക്കപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടി.

2016 ആകുമ്പോഴേക്ക് 6100 കോടിയുടെ പരീക്ഷണങ്ങള്‍ ഇന്ത്യയില്‍ നടക്കുമെന്നാണ് കണക്ക്. വ്യവസ്ഥകള്‍ പരിഷ്കരിക്കാന്‍ നിര്‍ദേശമുണ്ടായതോടെ ഇക്കൊല്ലം 1000 കോടിയുടെ കുറവുണ്ടാകുമെന്നാണ് മേഖലയിലുള്ളവരുടെ നിഗമനം. പരീക്ഷണങ്ങള്‍ക്കുള്ള വ്യവസ്ഥകള്‍ പുതുക്കാന്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമവകുപ്പ് ഉപദേശകന്‍ രഞ്ജിത് റോയ് ചൗധരി അധ്യക്ഷനായ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരുന്നു.

അക്രഡിറ്റേഷനുള്ള സ്ഥാപനങ്ങളും വ്യക്തികളും മാത്രമേ പരീക്ഷണങ്ങള്‍ നടത്താന്‍ പാടുള്ളൂവെന്ന് സമിതി റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. പരീക്ഷണങ്ങള്‍ക്ക് വിധേയരാകുന്നവരില്‍നിന്ന് മുന്‍കൂട്ടി അനുമതി നേടണം. മരണമുണ്ടായാല്‍ ആശ്രിതര്‍ക്ക് ധനസഹായം നല്‍കണം. ഗുരുതര ആരോഗ്യപ്രശ്നങ്ങളോടെ ജീവിക്കുകയാണെങ്കില്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. പരീക്ഷണങ്ങള്‍ക്കിടയിലാണ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നതെങ്കില്‍ പരീക്ഷണം നടത്തുന്നവരുടെ ചുമതലയില്‍ ചികിത്സ നല്‍കണമെന്നും നിര്‍ദേശിക്കുന്നു. ഈ നിര്‍ദേശങ്ങള്‍പോലും പൂര്‍ണമല്ലെന്നാണ് കോടതി വിലയിരുത്തല്‍.

deshabhimani

No comments:

Post a Comment