Thursday, October 3, 2013

കണ്‍സ്യൂമര്‍ഫെഡില്‍ അഴിമതിയും ധൂര്‍ത്തും

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ ആരംഭിച്ച കണ്‍സ്യൂമര്‍ഫെഡില്‍ അഴിമതിയും ധൂര്‍ത്തും പെരുകുന്നു. ആന്ധ്രയില്‍നിന്നു നേരിട്ട് അരി വാങ്ങുന്നതിനുപകരം സ്വകാര്യ ഇടപാടുകാരില്‍നിന്ന് കൂടിയ വിലയ്ക്ക് വാങ്ങിയ വകയില്‍ മാത്രം സ്ഥാപനത്തിന് കോടികളുടെ നഷ്ടമുണ്ടായി. ടെന്‍ഡര്‍ വിളിക്കാതെ നിര്‍മാണസാമഗ്രികള്‍ വാങ്ങിയും ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ചു.

ആന്ധ്രയില്‍നിന്ന് സംസ്ഥാനത്തെ മൊത്തവ്യാപാരികള്‍ക്ക് അരി ലഭിക്കുന്നത് 24 മുതല്‍ 25 രൂപവരെ നിരക്കിലാണ്. എന്നാല്‍ കണ്‍സ്യൂമര്‍ഫെഡ് അരി വാങ്ങിയത് 28-29.50 രൂപ നല്‍കിയും. ഇതുലൂടെ മാത്രം ഒരുവര്‍ഷത്തിനിടെ 88 കോടി രൂപയുടെവരെ നഷ്ടമുണ്ടെന്നാണ് സൂചന. കൊച്ചിയിലെയും കൊല്ലത്തെയും ചില അരി ഇടപാടുകാരുമായി ചേര്‍ന്നാണ്് തട്ടിപ്പ് നടന്നത്. രേഖയില്‍ ഉയര്‍ന്ന വില രേഖപ്പെടുത്തി അധിക തുക പങ്കിട്ടെടുത്തതായാണ് വിവരം. കൊച്ചി കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്ത് ചെയര്‍മാനുവേണ്ടി ആഡംബരസൗകര്യങ്ങളുള്ള മുറികള്‍ ഒരുക്കുന്നതിനും വന്‍തുക പൊടിച്ചു.

കേച്ചേരിയിലെ ത്രിവേണി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസിയുടെ നിര്‍മാണത്തിലും വന്‍ അഴിമതിയുള്ളതായി ആക്ഷേപമുണ്ട്. ഉദ്യോഗസ്ഥര്‍ക്കായി കതൃക്കടവിലും ഗാന്ധിനഗറിലും വന്‍തുക വാടകക്ക് ഫ്ളാറ്റും വീടും ഒരുക്കിയിട്ടുണ്ട്. 10,000 രൂപയാണ് ഇവയുടെ കുറഞ്ഞ പ്രതിമാസ വാടക. ചെയര്‍മാന്റെ ഉള്‍പ്പെടെ ഔദ്യോഗിക വാഹനങ്ങളും ദുരുപയോഗിക്കപ്പെടുന്നു. ചെയര്‍മാന്‍ ചെയര്‍മാന്റെ ഡ്രൈവര്‍ താല്‍കാലിക ജീവനക്കാരനാണെങ്കിലും ഉയര്‍ന്ന ശമ്പളവും ഇതര ആനുകൂല്യങ്ങളുമുണ്ട്. ടെന്‍ഡറില്ലാതെ അരിയും പഞ്ചസാരയും ഇതര ഉല്‍പ്പന്നങ്ങളും വാങ്ങുന്നതിലും ക്രമക്കേടുണ്ട്. പല വില്‍പ്പനകേന്ദ്രങ്ങളിലും ക്രമക്കേടുകളുണ്ട്്.

നന്മ, നീതി തുടങ്ങിയ പ്രത്യേക പ്രോജക്ടുകളും വന്‍ അഴിമതിയുണ്ട്. കണ്‍സ്യൂമര്‍ഫെഡിന് സബ്സിഡി ഇനത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന തുക സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാകുന്നില്ല. അതേസമയം, സബ്സിഡിയിതര ഇനങ്ങള്‍ വിറ്റുണ്ടാകുന്ന നേട്ടം പലരും തട്ടിയെടുക്കുന്നു.

ഷഫീഖ് അമരാവതി deshabhimani

No comments:

Post a Comment