പാറശാല: ആര്‍എസ്എസ്-എബിവിപിക്കാരുടെ ബോംബേറില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ധനുവച്ചപുരം ഗവ. ഐടിഐയിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗവുമായ സജിന്‍ഷാഹുല്‍ (18) മരിച്ചു. നെയ്യാറ്റിന്‍കര അമരവിള താന്നിമൂട് ചരുവിളവീട്ടില്‍ (മഹബൂബ മന്‍സില്‍) ഷാഹുല്‍ ഹമീദിന്റെയും മെഹബൂബയുടെയും മകനാണ്്. മൂന്നു ദിവസമായി അനന്തപുരി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ചൊവ്വാഴ്ച പകല്‍ പന്ത്രണ്ടോടെയായിരുന്നു അന്ത്യം. ആഗസ്ത് 29ന് ഐടിഐയില്‍ എസ്എഫ്ഐ പ്രകടനത്തിനുനേരെ സംഘപരിവാറുകാര്‍ ബോംബും മാരകായുധങ്ങളുമായി നടത്തിയ ആക്രമണത്തിലാണ് സജിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
ഡിവൈഎഫ്ഐയുടെയും സജീവപ്രവര്‍ത്തകനാണ് സജിന്‍. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. തുടര്‍ന്ന് മെഡിക്കല്‍ കോളേജിനടുത്ത് ചാലക്കുഴി സലഫി സെന്റില്‍ എത്തിച്ചു. അമരവിളയിലേക്കുള്ള അന്ത്യയാത്രയ്ക്കിടെ വഴിനീളെ നഗര-ഗ്രാമകേന്ദ്രങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. ധനുവച്ചപുരം ഐടിഐയിലും താന്നിമൂട്ടിലെ വീട്ടിലും പൊതുദര്‍ശനത്തിനു വച്ചശേഷം അമരവിള ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. നെയ്യാറ്റിന്‍കര ഗവ. ഹയര്‍ സെക്കന്‍ഡറി ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ഷാറൂഖ്ഖാന്‍ സഹോദരനാണ്. ധനുവച്ചപുരത്തെ വിദ്യാലയങ്ങളിലെ എസ്എഫ്ഐ വിദ്യാര്‍ഥികള്‍ക്കു നേരെ കുറെക്കാലമായി സംഘപരിവാര്‍ നിരന്തരം ഭീഷണിയും ആക്രമണവും നടത്തിവരികയാണ്. ഇതിനെതിരെ പരാതിയുണ്ടായിട്ടും നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. സംഘപരിവാറിന്റെ പീഡനത്തില്‍ മനംനൊന്ത് ഐഎച്ച്ആര്‍ഡി കോളേജിലെ രണ്ടാംവര്‍ഷ ബികോം കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയും എസ്എഫ്ഐ പാറശാല ഏരിയ വൈസ് പ്രസിഡന്റുമായ ധനുവച്ചപുരം മുക്കോല പ്ലാവിളവീട്ടില്‍ അനുഭവനില്‍ അനു (21) ആഗസ്ത് 28നു ജീവനൊടുക്കിയിരുന്നു. അനുവിന്റെ മരണത്തിന് ഉത്തരവാദികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പിറ്റേന്നുനടത്തിയ മാര്‍ച്ചിനു നേരെയുണ്ടായ ആക്രമണമാണ് സജിന്റെ ജീവനെടുത്തത്.
സജിന്‍ ഷാഹുലിന് രക്താഭിവാദ്യം
നെയ്യാറ്റിന്‍കര: സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ആലേഖനം ചെയ്ത നക്ഷത്രാങ്കിത ശുഭ്രപതാക സംരക്ഷിക്കാന്‍ സ്വജീവിതം സമര്‍പ്പിച്ച് അമരത്വത്തിലേക്കുയര്‍ന്ന ഉശിരന്‍ സഖാവിന് ജന്മനാടിന്റെ രക്താഭിവാദ്യം. ആര്‍എസ്എസ്-എബിവിപി സംഘം കൊലപ്പെടുത്തിയ ധനുവച്ചപുരം ഗവ. ഐടിഐ വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ സജീന്‍ഷാഹുലിന് വിട. സംഘപരിവാറുകാരുടെ ബോംബേറില്‍ ഗുരുതരപരിക്കേറ്റ് ഒരു മാസത്തോളം മരണത്തോട് മല്ലടിച്ചശേഷം പൊലിഞ്ഞ ധീരസഖാവിന് അന്ത്യേപചാരം അര്‍പ്പിക്കാന്‍ ജീവിതത്തിന്റെ നാനാതുറയിലുള്ള പതിനായിരങ്ങളാണ് കക്ഷി-രാഷ്ട്രീയ ഭേദമെന്യേ എത്തിയത്. ആത്മമിത്രത്തിന്റെ വിയോഗവാര്‍ത്ത അറിഞ്ഞതോടെ ജില്ലയിലെ കലാലയങ്ങളില്‍നിന്ന് വിദ്യാര്‍ഥികള്‍ ഒന്നടങ്കം ആശുപത്രിയിലേക്ക് ഒഴുകുകയായിരുന്നു. അനന്തപുരി ആശുപത്രിയില്‍നിന്ന് മൃതദേഹം സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും നഗരത്തിലെ കലാലയങ്ങളിലെ വിദ്യാര്‍ഥികള്‍ പാഞ്ഞെത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഏറ്റുവാങ്ങുമ്പോഴേക്കും അനന്തപുരി ഒന്നാകെ ആശുപത്രിയിലെത്തി. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, എംഎല്‍എമാരായ വി ശിവന്‍കുട്ടി, ബി സത്യന്‍, ജില്ലാകമ്മിറ്റി അംഗം സി കെ ഹരീന്ദ്രന്‍, ഏരിയ സെക്രട്ടറിമാരായ കടകുളം ശശി, വി രാജേന്ദ്രന്‍, മേയര്‍ കെ ചന്ദ്രിക എന്നിവരുള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ നേതാക്കളും സന്നിഹിതരായിരുന്നു. എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളായ ഐ സാജു, എ എം അന്‍സാരി, ബാലമുരളി, എം ആര്‍ സിബി എന്നിവര്‍ ചേര്‍ന്ന് പതാക പുതപ്പിച്ചു. തുടര്‍ന്ന് ജില്ലാനേതാക്കള്‍ വിവിധ സംഘടനകള്‍ക്കുവേണ്ടി പുഷ്പചക്രം അര്‍പ്പിച്ചു.
തകര്‍ത്തത് കുടുംബത്തിന്റെ അത്താണിയെ
പാറശാല: ആര്‍എസ്എസ്-എബിവിപി അക്രമികള്‍ ബോംബെറിഞ്ഞു കൊന്നത് നിര്‍ധന കുടുംബത്തിന്റെ അത്താണിയെ. സംഘപരിവാര്‍ സംഘത്തിന്റെ ബോംബേറില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സജിന്റെ (18) മരണം സഹപാഠികള്‍ക്കും കനത്ത ആഘാതമായി. വീട്ടില്‍ പട്ടിണിയില്ലാതാക്കാന്‍ പഠനത്തോടൊപ്പം സജിന്‍ ജോലിക്ക് പോയിരുന്നു. രാവിലെ അമരവിളയിലെ ഒരു അരിമില്ലിലെ ജോലിക്കുശേഷമാണ് ഐടിഐയില്‍ പഠിക്കാനെത്തിയിരുന്നത്. ക്ലാസിനുശേഷം വൈകിട്ട് ഉദിയന്‍കുളങ്ങരയിലെ ചെരുപ്പുകടയിലും ജോലിനോക്കിയിരുന്നു. കൂടാതെ അവധിദിനങ്ങളില്‍ അമരവിളയിലെ ഒരു ബേക്കറിയിലും ജോലിക്കുപോകും. കഷ്ടപ്പാടിന്റെ വേദന ഉള്ളിലൊതുക്കി പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന പ്രിയസുഹൃത്തിനെക്കുറിച്ച് പറഞ്ഞപ്പോള്‍ സഹപാഠികളുടെ കണ്ണുകള്‍ നിറഞ്ഞു. അധ്യാപകരോടും മുതിര്‍ന്നവരോടുമുള്ള ബഹുമാനം ക്യാമ്പസിനുള്ളിലും പുറത്തും സജിനെ ഏവര്‍ക്കും പ്രിയങ്കരനാക്കി. ചെറുപ്രായത്തിലേ കുടുംബഭാരം തോളിലേറ്റിയ വിദ്യാര്‍ഥിയെക്കുറിച്ച് പറയുമ്പോള്‍ ഐടിഐ വയര്‍മാന്‍ ട്രേഡിലെ അധ്യാപകന്‍ പ്രഭാകറിന് തൊണ്ടയിടറി. അമരവിളയിലെ പണിതീരാത്തവീട്ടില്‍ സജിന്റെ ചേതനയറ്റ ശരീരമെത്തുമ്പോള്‍ വേദനകളെല്ലാം കരഞ്ഞ് തീര്‍ക്കുകയായിരുന്നു മാതാപിതാക്കള്‍.
യഥാര്‍ഥ കൊലയാളികളെ അറസ്റ്റുചെയ്യണം: കടകംപള്ളി
സജിന്‍ ഷാഹുലിന്റെ യഥാര്‍ഥ കൊലയാളികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ധനുവച്ചപുരം എന്‍എസ്എസ് കോളേജ് കേന്ദ്രീകരിച്ച് ആര്‍എസ്എസ് അക്രമിസംഘം നടത്തുന്ന അക്രമപരമ്പരകളിലെ അവസാനത്തെ ഇരയാണ് സജിന്‍ ഷാഹുല്‍. ധനുവച്ചപുരം എന്‍എസ്എസ് കോളേജ് ആര്‍എസ്എസ് അക്രമിസംഘത്തിന്റെ ആയുധപ്പുരയാണ.് കോളേജിന് അകത്തും പുറത്തുമുള്ള കൊലയാളികള്‍ തമ്പടിക്കുന്നത് അവിടെയാണ്. സമീപപ്രദേശത്തെ ഐഎച്ച്ആര്‍ഡി എന്‍ജിനിയറിങ് കോളേജ്, ഐടിഐ എന്നിവ തങ്ങളുടെ അക്രമപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കാനാണ് ആര്‍എസ്എസുകാര്‍ ശ്രമിക്കുന്നത്. ആഗസ്ത് അവസാനം ഐഎച്ച്ആര്‍ഡി എന്‍ജിനിയറിങ് കോളേജില്‍ കയറി ആര്‍എസ്എസ് അക്രമം നടത്തി ക്ലാസുകളിലിരുന്ന വിദ്യാര്‍ഥികളെ ആക്രമിച്ചിരുന്നു. കണ്ണില്‍ കണ്ടതെല്ലാം തല്ലിത്തകര്‍ത്തതിനെതിരെ പൊതുമുതല്‍ നശീകരണനിയമപ്രകാരം കേസെടുക്കാന്‍ പ്രിന്‍സിപ്പല്‍ രേഖാമൂലം പൊലീസിനോട് ആവശ്യപ്പെട്ടിട്ടും പാറശാല പൊലീസ് കേസെടുത്തില്ല.
ധനുവച്ചപുരത്ത് താമസിച്ചിരുന്ന ഐഎച്ച്ആര്‍ഡി വിദ്യാര്‍ഥിയും എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റുമായിരുന്ന അനുവിന്റെ വീട്ടില്‍ കയറി നിരവധിതവണ വിധവയായ അമ്മയെയും അനുവിനെയും ഭീഷണിപ്പെടുത്തി. പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ ചെന്ന അമ്മയോട് നിങ്ങള്‍ക്ക് രണ്ടു മക്കളല്ലേ ഉള്ളൂ എന്നും വെള്ളത്തുണിയില്‍ പുതപ്പിച്ച് അവരുടെ ശവം നിങ്ങളെ കാണിക്കാമെന്നുമായിരുന്നു പൊലീസ് ഭാഷ്യം. ആര്‍എസ്എസ് ക്രിമിനലുകളുടെ നിരന്തരപീഡനത്തെതുടര്‍ന്നാണ് അനു ആഗസ്ത് 28ന് ആത്മഹത്യചെയ്തത്. തൊട്ടടുത്ത ദിവസമാണ് ഐടിഐയില്‍ ആര്‍എസ്എസ് അക്രമിസംഘം മാരകായുധങ്ങളുമായി ഐടിഐയില്‍ കയറി വിദ്യാര്‍ഥികളെ ആക്രമിച്ചതും ബോംബേറില്‍ വിദ്യാര്‍ഥിയായ സജിന്‍ ഷാഹുലിന് മാരകമായി പരിക്കേറ്റതും. ആഴ്ചകള്‍ കഴിഞ്ഞെങ്കിലും, യഥാര്‍ഥ പ്രതികളെ അറസ്റ്റുചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. അറസ്റ്റുനാടകത്തിലൂടെ കീഴടങ്ങിയവരെ ജാമ്യം കിട്ടാന്‍ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. സജിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാതെ കോണ്‍ഗ്രസുകാരനായ പ്രോസിക്യൂട്ടര്‍ പി പി അശോക്കുമാറും ജില്ലയിലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ഒത്തുകളിച്ചാണ് അക്രമികള്‍ക്ക് ജാമ്യം ഉറപ്പാക്കിയത്. ആര്‍എസ്എസ് ക്രിമിനല്‍ അക്രമിസംഘം കോണ്‍ഗ്രസ്- പൊലീസ് സഹായത്തോടെ വിദ്യാര്‍ഥി- യുവജന സംഘടനാ പ്രവര്‍ത്തകര്‍ക്കുനേരെയും സിപിഐ എമ്മിനുനേരെയും നടത്തുന്ന അക്രമങ്ങള്‍ ഗുരുതരപ്രത്യാഘാതത്തിന് ഇടയാക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ കുത്തിക്കൊന്നു
ഒറ്റപ്പാലം: ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ കുത്തിക്കൊന്നു. പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലത്തിനടുത്ത് അമ്പലപ്പാറ കണ്ണമംഗലത്താണ് നാടിനെ നടുക്കിയ കൊലപാതകം. കെഎസ്ഇബി കരാര്‍തൊഴിലാളിയായ അറവക്കാട് പുഞ്ചപ്പാടത്ത് കുണ്ടില്‍ ദീപു(22)വാണ് കൊല്ലപ്പെട്ടത്. ജോലിക്കിടെയാണ് ബൈക്കിലെത്തിയ ആര്‍എസ്എസ് ക്രിമിനല്‍ ദീപുവിന്റെ കഴുത്തില്‍ നീളമുള്ള കത്തി കുത്തിയിറക്കിയത്. നാട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം
ആയിരക്കണക്കിനാളുകള്‍ സംഭവമറിഞ്ഞ് ആശുപത്രിയിലെത്തി. തിങ്കളാഴ്ച വൈകിട്ട് 4.30നാണ് അരുംകൊല നടന്നത്. ആലങ്ങാട് റോഡില്‍ വൈദ്യുതി പോസ്റ്റ് സ്ഥാപിക്കുന്നതിന് കുഴിയെടുക്കുമ്പോഴാണ് അക്രമികളെത്തിയത്. അറിയപ്പെടുന്ന ആര്‍എസ്എസ് ക്രിമിനല്‍ പ്രശാന്ത്, ഒരു കാര്യംപറയാനുണ്ടെന്നുപറഞ്ഞ് ദീപുവിനെ ജോലി ചെയ്യുന്നതിനിടെ വിളിച്ചുകൊണ്ടുപോയി പിന്നില്‍നിന്ന് കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പൊലീസിനോട് പറഞ്ഞു. കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്. പാവപ്പെട്ട കുടുംബത്തിന്റെ അത്താണിയാണ് ദീപു. ഒരുവര്‍ഷമായി കെഎസ്ഇബിയില്‍ കരാര്‍ തൊഴിലാളിയാണ്. ചുമട്ടുതൊഴിലാളിയായ രാമചന്ദ്രനാണ് അച്ഛന്‍. അമ്മ: ശാന്തകുമാരി. സഹോദരന്‍: സുരേഷ്ബാബു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍പോസ്റ്റ്മോര്‍ട്ടം നടത്തും. ഒറ്റപ്പാലം താലൂക്കില്‍ ചൊവ്വാഴ്ച സിപിഐ എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കൊലപാതകത്തെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അപലപിച്ചു.
No comments:
Post a Comment