Wednesday, October 2, 2013

അമേരിക്ക: 8 ലക്ഷം ജീവനക്കാര്‍ വഴിയാധാരം

അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ ഓഫീസുകള്‍ ഒന്നടങ്കം അടച്ചിടുമ്പോള്‍ ഒറ്റദിവസംകൊണ്ട് ജോലി നഷ്ടമാകുന്നത് എട്ടു ലക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്. അമേരിക്കന്‍ പട്ടാളത്തിലെ സൈനികേതര ജീവനക്കാരോടും വീട്ടിലിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. അമേരിക്കന്‍ പ്രതിരോധവിഭാഗം ജീവനക്കാരുടെ പകുതിവരുമിത്. ദേശീയ സുരക്ഷാചുമതലയുള്ള സൈനികര്‍ക്കുമാത്രമേ ശമ്പളം കിട്ടൂ. മറ്റുള്ളവര്‍ക്ക് ജോലിചെയ്യാം. പക്ഷേ, ശമ്പളം കിട്ടില്ല. 17 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി അമേരിക്ക അഭിമുഖീകരിക്കുമ്പോള്‍ ഡോളറിന്റെ മൂല്യവും കൂപ്പുകുത്തി. അത്യാവശ്യമേഖല ഒഴികെ എല്ലാ സംവിധാനങ്ങളും അടച്ചിടുമ്പോള്‍ അമേരിക്കയില്‍ സര്‍ക്കാര്‍തന്നെ ബന്ദാചരിക്കുകയാണ്. ഊര്‍ജോല്‍പ്പാദനം പ്രതിസന്ധിയില്‍ വിവിധ ഊര്‍ജോല്‍പ്പാദക സംരംഭങ്ങളിലായി 13,814 ജീവനക്കാര്‍ പണിയെടുക്കുന്നു. ഇവരില്‍ 1113 പേര്‍ മാത്രമേ ഇനി ജോലിക്കുണ്ടാകൂ. ആണവനിലയങ്ങളും ജലവൈദ്യുതപദ്ധതികളും പ്രവര്‍ത്തിപ്പിക്കാന്‍വേണ്ടി മാത്രമാണ് ഇവരെ നിലനിര്‍ത്തുന്നത്. ബാക്കി 12,701 പേര്‍ വീട്ടിലിരിക്കും. അമേരിക്കയുടെ ആണവായുധശേഖരത്തിന്റെയും ആണവകപ്പലുകളുടെയും പരിപാലനത്തിന് 343 പേരെ നിലനിര്‍ത്തി. തെക്ക്- പടിഞ്ഞറന്‍ മേഖലയുടെ പൂര്‍ണ വൈദ്യുതി ഉല്‍പ്പാദന-വിതരണം നിയന്ത്രിക്കാനുള്ളത് 400 തൊഴിലാളികള്‍മാത്രം.

വാണിജ്യം സ്തംഭിച്ചു

സമുദ്രയാന വാണിജ്യമേഖലയിലെ 46,420 ജീവനക്കാരില്‍ 40, 234 പേരും വീട്ടിലിരിക്കും. കാലാവസ്ഥാ നിരീക്ഷണത്തിനും കപ്പല്‍ ഗതാഗത നിരീക്ഷണത്തിനും മറ്റുമായി 6186 പേര്‍ തുടരും. ആകാശയാത്രകള്‍ കര്‍ശനമായി പരിമിതപ്പെടുത്തിയെങ്കിലും തൊഴില്‍ വെട്ടിക്കുറയ്ക്കല്‍ താരമ്യേന കുറവ് ഈ മേഖലയിലാണ്. ആകെയുള്ള 55,468 ജീവനക്കാരില്‍ 36,987 പേര്‍ പണിക്കുണ്ടാകും. അമേരിക്കയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പരിപാലനത്തിന്റെ ഭാഗമായുള്ള ബഹിരാകാശ വിക്ഷേപണ പദ്ധതികള്‍ പരിമിതമായി തുടരും. വ്യോമഗതാഗത നിയന്ത്രണ വിഭാഗത്തിലും ആളുണ്ടാകും. സുരക്ഷ വിലയിരുത്താന്‍വേണ്ടിയുള്ള ആകാശപരിശോധനകളും സ്വകാര്യവ്യക്തികള്‍ക്കുള്ള ആകാശസുരക്ഷാ സംവിധാനവും നിര്‍ത്തി. മ്യൂസിയങ്ങളും മൃഗശാലകളും പൂട്ടി അമേരിക്കന്‍ ദേശീയ മൃഗസംരക്ഷണകേന്ദ്രവും 19 മ്യൂസിയവും ഗ്യാലറികളും ദേശീയ ചരിത്രമ്യൂസിയവും പോട്രേറ്റ് ഗ്യാലറിയും എയര്‍-സ്പേസ് മ്യൂസിയവും അടച്ചിടും. ഈ മേഖലയിലെ 42,020 ജീവനക്കാരില്‍ വസ്തുവകകളുടെ സംരക്ഷണത്തിനായി 688 പേരെമാത്രം നിലനിര്‍ത്തി. സംരക്ഷണകേന്ദ്രങ്ങളിലെ മൃഗങ്ങളെ സംരക്ഷിക്കാനും പരിപാലിക്കാനും അധികൃതര്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു. അമേരിക്കന്‍ വിമോചനത്തിന്റെ പ്രതീകമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി നിലകൊള്ളുന്ന ദേശീയ ഉദ്യാനമുള്‍പ്പെടെയുള്ളവ പൂട്ടി. 24,645 ദേശീയോദ്യാന ജീവനക്കാരില്‍ നിലനിര്‍ത്തിയത് 3266 പേരെമാത്രം. ഉദ്യാനങ്ങളില്‍ ചെലവഴിക്കാനെത്തിയവരോട് മറ്റു മാര്‍ഗങ്ങള്‍ തേടാന്‍ നിര്‍ദേശിച്ചു.

എഫ്ബിഐയെ ബാധിക്കില്ല

രഹസ്യാന്വേഷണ ഏജന്‍സികളെ തൊഴില്‍ വെട്ടിക്കുറയ്ക്കല്‍ ബാധിച്ചില്ല. എഫ്ബിഐ ഏജന്റുമാരെയും ജീവനക്കാരുടെയും പ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറയ്ക്കാനും തയ്യാറായിട്ടില്ല. ജയില്‍ ജീവനക്കാരെ വെട്ടിക്കുറച്ചിട്ടില്ല. ആഭ്യന്തരസുരക്ഷാമേഖലയിലെ 2,31,117 ജീവനക്കാരില്‍ 14 ശതമാനത്തെ വെട്ടിക്കുറച്ചു. 31,295 സുരക്ഷാജീവനക്കാര്‍ വീട്ടിലിരിക്കും. തീരസംരക്ഷണത്തിനും ഗതാഗതസുരക്ഷയ്ക്കും അത്യാവശ്യ ജീവനക്കാര്‍മാത്രം. എമിഗ്രേഷന്‍ സേവനങ്ങളെയും ഭരണസ്തംഭനം ബാധിക്കും. കോടതികളിലെ 1,14,486 ജീവനക്കാരില്‍ 96,744 പേരോടും വീട്ടിലിരിക്കാന്‍ നിര്‍ദേശിച്ചു.

ആശുപത്രികളില്‍ അത്യാവശ്യ ജീവനക്കാര്‍

ആരോഗ്യമേഖലയിലെ പകുതിയിലധികം ജീവനക്കാരോടാണ് സര്‍ക്കാര്‍ വീട്ടിലിരിക്കാന്‍ നിര്‍ദേശിച്ചത്. ആകെ 78,198 ജീവനക്കാരില്‍ 40,512 പേര്‍ക്കും ജോലി നഷ്ടമായി. രോഗങ്ങള്‍ നിയന്ത്രിക്കാന്‍ ദേശീയതലത്തില്‍ നടത്തിവന്ന പദ്ധതികള്‍ ഒറ്റയടിക്ക് റദ്ദാക്കി. രോഗപ്രതിരോധകേന്ദ്രങ്ങളില്‍ അത്യാവശ ജീവനക്കാര്‍മാത്രം മതിയെന്നാണ് നിര്‍ദേശം. വിദ്യാഭ്യാസമേഖലയില്‍ 212 പേര്‍മാത്രം സ്കൂളുകളിലെയും കോളേജുകളിലെയും ജീവനക്കാരെ ഒന്നടങ്കം പറഞ്ഞുവിട്ടു. വിദ്യാഭ്യാസവകുപ്പിലെ 4225 ജീവനക്കാരില്‍ നിലനിര്‍ത്തിയത് 212 പേരെമാത്രം. പാവപ്പെട്ട കുട്ടികള്‍ക്കുള്ള പ്രാഥമിക ഭക്ഷണത്തിനുള്ള ഫണ്ട് കുറച്ചുകാലംകൂടിയേ നല്‍കൂ എന്ന് മുന്നറിയിപ്പ്. പരിസ്ഥിതി സംരക്ഷണവകുപ്പിലും 16,205 ജീവനക്കാരില്‍ നിലനിര്‍ത്തിയത് 1069 പേരെമാത്രം. സര്‍ക്കാരിന്റെ സഹായം ഇല്ലാതെ സ്വന്തം വരുമാനംകൊണ്ട് പ്രവര്‍ത്തിക്കുന്ന തപാല്‍സേവനം തടസ്സമില്ലാതെ തുടരും. സ്റ്റാമ്പുകള്‍ വിറ്റഴിച്ചും മറ്റും കിട്ടുന്ന പണംകൊണ്ടാണ് തപാല്‍വകുപ്പ് ദൈനംദിന പ്രവര്‍ത്തനം നടത്തുന്നത്.

ഇന്ത്യയെ ഗുരുതരമായി ബാധിക്കും

അമേരിക്കയിലെ സാമ്പത്തിക അടിയന്തരാവസ്ഥയില്‍ സാരമായ പ്രത്യാഘാതം നേരിടുന്ന വിദേശരാജ്യം ഇന്ത്യയായിരിക്കും. ഐടിമുതല്‍ ടെക്സ്റ്റൈല്‍സുവരെ രാജ്യത്തെ പ്രധാന കയറ്റുമതികളെയെല്ലാം അമേരിക്കന്‍ സാമ്പത്തികമാന്ദ്യം ദോഷകരമായി ബാധിക്കും. അമേരിക്കയില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരെയും ജോലിക്കായി അമേരിക്കയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നവരെയും പ്രതികൂലമായി ബാധിക്കുന്നതാണ് വന്‍തോതിലുള്ള ചെലവ് വെട്ടിക്കുറയ്ക്കല്‍. ഇന്ത്യന്‍ ഐടി കമ്പനികളുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം അമേരിക്കയില്‍നിന്നാണ്. അമേരിക്കയിലെ സേവനമേഖലയിലും ഇന്ത്യന്‍ ഐടി കമ്പനികളുടെയും ജീവനക്കാരുടെയും പങ്കാളിത്തമുണ്ട്. ഈ സേവനമേഖലകള്‍ക്കുള്ള സാമ്പത്തികസഹായവും അമേരിക്കന്‍ സര്‍ക്കാര്‍ വന്‍തോതില്‍ വെട്ടിച്ചുരുക്കുകയാണ്. ഇത് കമ്പനികളുടെ വരുമാനത്തെയും ജീവനക്കാരുടെ ജോലിസുരക്ഷയെയും ബാധിക്കും. 15 ദിവസത്തില്‍ കൂടുതല്‍ സാമ്പത്തിക അടിയന്തരാവസ്ഥ നിലനിന്നാല്‍ അമേരിക്കയിലേക്ക് ജോലിതേടി പോകുന്നവര്‍ക്ക് വിസ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. പ്രതിസന്ധി കൂടുതല്‍ കാലം നീണ്ടാല്‍ അമേരിക്കയില്‍ ഐടിമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും അത് ദോഷകരമായിരിക്കും.

ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോള്‍ ഉപഭോഗവസ്തുക്കള്‍ക്കുള്ള ആവശ്യം വന്‍തോതില്‍ കുറയും. ഇന്ത്യയിലെ ചെറുകിട വ്യവസായമേഖലയ്ക്ക് ദോഷകരമാണിത്. നിലവില്‍ ഇന്ത്യയുടെ കയറ്റുമതി വന്‍ തിരിച്ചടി നേരിടുന്നുണ്ട്. ഈ സ്ഥിതിയില്‍നിന്ന് കരകയറാനാകില്ലെന്നു മാത്രമല്ല, കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്യും. അമേരിക്കയിലേക്കുള്ള എന്‍ജിനിയറിങ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ ഈ സാമ്പത്തികവര്‍ഷം ഏപ്രില്‍മുതല്‍ ആഗസ്തുവരെയുള്ള കാലയളവില്‍ 12.3 ശതമാനത്തിന്റെ കുറവുണ്ടായി. ഇത് ഇനിയും കുറയും. രൂപയുടെ നില കൂടുതല്‍ പരുങ്ങലിലാകുമെന്നാണ് കരുതുന്നത്. ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വില കുറഞ്ഞതുകൊണ്ടും ചില സാമ്പത്തിക നടപടികൊണ്ടും സെപ്തംബര്‍ രണ്ടാംപകുതിയില്‍ രൂപയുടെ നില അല്‍പ്പം മെച്ചപ്പെട്ടിരുന്നു. അമേരിക്കയിലെ പ്രതിസന്ധി കയറ്റുമതിയെ വീണ്ടും സാരമായി ബാധിക്കുമ്പോള്‍ അത് വ്യാപാരക്കമ്മിയിലേക്കും രൂപയുടെ മൂല്യത്തകര്‍ച്ചയിലേക്കും നയിക്കുമെന്നത് ഉറപ്പാണ്. വ്യാപാരക്കമ്മി രണ്ടാംപാദത്തില്‍ 4.9 ശതമാനമായി വര്‍ധിച്ചതിനു പിന്നാലെയാണ് കയറ്റുമതിയെ ദോഷകരമായി ബാധിക്കുന്ന സാഹചര്യം അമേരിക്കയില്‍ ഉണ്ടായിരിക്കുന്നത്. അമേരിക്കന്‍ പ്രതിസന്ധി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ബാധിക്കില്ലെന്നാണ് കേന്ദ്ര ധനമന്ത്രി പി ചിദംബരം അവകാശപ്പെടുന്നത്. അനിവാര്യമായ പ്രത്യാഘാതങ്ങള്‍ മറച്ചുവച്ച് ജനങ്ങളെ കബളിപ്പിക്കുന്ന പ്രസ്താവനയാണിത്.
(വി ജയിന്‍)

deshabhimani

No comments:

Post a Comment