ദുര്‍ഭരണത്തിന്റെ ഇരുള്‍വീണ നാളില്‍ പോരാട്ടഭൂമിയില്‍ ചെഞ്ചോര ചിന്തിയ രക്തതാരകം "മണ്ടോടി കണ്ണന്‍" വീണ്ടും വിപ്ലവ തീനാളമായി. ഫാസിസ്റ്റ് ഭരണം ഉന്മാദനൃത്തമാടിയ മര്‍ദനകാലത്തിന്റെ ചോര കൊണ്ടെഴുതിയ ചരിത്രം പുതിയ സമരകാഹളം മുഴക്കി. ഒറ്റുകാരില്‍നിന്ന് ചെങ്കൊടി പ്രസ്ഥാനത്തെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കും എന്ന് പ്രഖ്യാപിച്ച് "സഖാവ് മണ്ടോടി കണ്ണന്‍" നാടകം അരങ്ങില്‍. ഒരു കാലത്തിന്റെ പ്രതീകമായിരുന്ന ഒഞ്ചിയം രക്തസാക്ഷി സഖാവ് മണ്ടോടി കണ്ണന്റെ ജീവിതവും പോരാട്ടവുമാണ് നാടകത്തിലെ പ്രമേയം.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശത്രുക്കള്‍ക്ക് കൊത്തിപ്പറിക്കാന്‍ അവസരമൊരുക്കുന്ന നവലിബറല്‍ കാലത്തെ ഒറ്റുകാര്‍ക്കുള്ള താക്കീതായി പുതിയ രംഗഭാഷ. സ്വാതന്ത്ര്യം ലഭിച്ചശേഷം നാട്ടില്‍ പടര്‍ന്നുപിടിച്ച വസൂരിക്കാലമാണ് തുടക്കം. കടത്തനാടിന്റെ മണ്ണില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അടിയാളര്‍ക്കും വേണ്ടി മണ്ടോടി കണ്ണന്‍ ഉള്‍പ്പെടെയുള്ള ധീരന്മാര്‍ നടത്തിയ സമരവും മൃഗീയ പൊലീസ് വേട്ടയും സമര സഖാക്കളുടെ രക്തത്തില്‍ കുളിച്ച ചെറുത്തുനില്‍പ്പും സദസില്‍ വിപ്ലവ വീര്യം പകര്‍ന്നു. കേളുഏട്ടന്‍ പഠനഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നവചേതന റെഡ്ഫൈറ്റേഴ്സ് തിയറ്റര്‍ ഗ്രൂപ്പാണ് നാടകം അരങ്ങിലെത്തിച്ചത്. 28 കഥാപാത്രങ്ങളിലൂടെയാണ് രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം പുരോഗമിക്കുന്നത്. ശിവദാസ് ചെമ്പ്ര, മണ്ടോടി കണ്ണനായും രശ്മി കോടേരി, അമ്മയായും അരങ്ങിലെത്തി. ശിവദാസ് പടിഞ്ഞാറത്തറ, ഉഷാചന്ദ്രബാബു, ബിജു രാജഗിരി, മുരളി സായ്ചരണ്‍, രമേശ് പയ്യോളി, ശശികുമാര്‍ ഓലശ്ശേരി, ഗോപാല്‍ജി കരുവഞ്ചേരി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രചനയും സംവിധാനവും ജയന്‍ തിരുമന. മുരുകന്‍ കാട്ടാക്കട, അജികുമാര്‍ പനമരം എന്നിവരാണ് കവിതയും ഗാനങ്ങളും ഒരുക്കിയത്.
ബിജു കോളിയാടി, ആര്യ സുരേഷ്, രഞ്ജിത്ത് എസ് കരുണ്‍, ഗ്രീഷ്മ എന്നിവരാണ് പാട്ടുകാര്‍. സംഗീത സംവിധാനം-ആലപ്പി ഋഷികേഷ്, ദീപ സംവിധാനം-ഇഖ്ബാല്‍ ഇടവിലങ്ങ്, കലാ സംവിധാനം-ഉണ്ണി കെ മനോജ്, വസ്ത്രാലങ്കാരം-ബിജു ഇന്റിമേറ്റ്, രംഗപടം-വിജയന്‍ കടമ്പേരി, സാങ്കേതിക സംവിധാനം-ശശീന്ദ്രന്‍ ഇളയിടത്ത്, ജിബീഷ്, ശ്യാം എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
മണ്ടോടിയുടെ സ്മരണ അനീതിക്കെതിരെ പോരാടാനുള്ള പ്രേരണ: കോടിയേരി
കോഴിക്കോട്: ഒഞ്ചിയം രക്തസാക്ഷി മണ്ടോടി കണ്ണനെപ്പോലുള്ളവര്‍ വളര്‍ത്തിയ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തെ പരാജയപ്പെടുത്തി മുന്നോട്ട് പോകണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മണ്ടോടിയെക്കുറിച്ചുള്ള ഓര്‍മകള്‍ അനീതിക്കെതിരായി പോരാടാനുള്ള പ്രേരണയാണ്. ഒറ്റുകാരനായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് മണ്ടോടി കണ്ണന്‍ രക്തസാക്ഷിയായത്. കേളുഏട്ടന്‍ പഠനഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നവചേതന റെഡ്ഫൈറ്റേഴ്സ് തിയറ്റര്‍ ഗ്രൂപ്പ് ഒരുക്കിയ "സഖാവ് മണ്ടോടി കണ്ണന്‍" നാടകാവതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്യൂണിസ്റ്റുകാര്‍ക്കെതിരായ അക്രമവും കൊലയും ഇന്നും തുടരുന്നു. തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവര്‍ത്തകനും ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനും അടുത്തടുത്ത ദിവസങ്ങളില്‍ കൊല്ലപ്പെട്ടു. ജയിലില്‍ മൃഗീയ മര്‍ദനമാണ് മണ്ടോടി കണ്ണന്‍ നേരിട്ടത്. ചെയ്യാത്ത കുറ്റം സമ്മതിപ്പിക്കാന്‍ ഭീകര മര്‍ദനത്തിന് ഇന്നും കുറവില്ല. മര്‍ദനമേറ്റ് രക്തം വാര്‍ന്നപ്പോള്‍ ആ രക്തത്തില്‍ കൈമുക്കി ജയിലിന്റെ ചുമരില്‍ അരിവാള്‍ ചുറ്റിക വരച്ച മണ്ടോടിയുടെ ജീവിതം ഇന്നും ആവേശമാണ്. രാജ്യത്തിനുവേണ്ടി സമര്‍പ്പിച്ച ജീവിതമാണ് മണ്ടോടിയുടേതെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ സെന്റിനറി ഹാളില്‍ നടന്ന ചടങ്ങില്‍ നാടകത്തിലെ ഗാനങ്ങളുടെ സിഡി കോടിയേരി മുതിര്‍ന്ന നാടക പ്രവര്‍ത്തകന്‍ സുധാകരന് നല്‍കി പ്രകാശനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ അധ്യക്ഷനായി. കേളുഏട്ടന്‍ പഠനഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍ സ്വാഗതവും നവചേതന റെഡ്ഫൈറ്റേഴ്സ് തിയറ്റര്‍ ഗ്രൂപ്പ് എംഡി ശശി നന്ദിയും പറഞ്ഞു.
deshabhimani
No comments:
Post a Comment