ഇടപ്പള്ളി പത്തടിപ്പാലത്തെ ഭൂമി തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെ ഒഴിവാക്കി പൊലീസ് എഫ്ഐആര്‍. കളമശേരി പൊലീസാണ് കേസെടുത്തത്. ഒരാഴ്ച മുമ്പാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സലിംരാജിന്റെ മൂന്ന് ബന്ധുക്കള്‍ക്കെതിരെ മാത്രമാണ് കേസ്.
ഇടപ്പള്ളി പത്തടിപ്പാലത്തെ ആഞ്ഞിക്കാത്ത് വീട്ടില്‍ എ കെ നാസറിന്റെയും ബന്ധുക്കളുടെയും പേരിലുള്ള 1.16 ഏക്കര്‍ ഭൂമി വ്യാജരേഖ ചമച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. വര്‍ഷങ്ങളായി കൈവശമുള്ള ഭൂമിക്ക് കരം അടയ്ക്കാന്‍ ചെന്നപ്പോള്‍ വസ്തു ഇളങ്ങല്ലൂര്‍ സ്വരൂപത്തിന്റെ പേരിലാണെന്നും നാസറിന് ഭൂമിയില്‍ അവകാശമില്ലെന്നുമായിരുന്നു റവന്യു അധികൃതരുടെ മറുപടി. നാസറും അബ്ദുള്‍മജീദുമായി സിവില്‍ കേസുണ്ട്. ഇതിന്റെ പ്രതികാരമായാണ് തന്റെ കുടുംബസ്വത്ത് റവന്യു ഭൂമിയാക്കാന്‍ അബ്ദുള്‍മജീദിന്റെ ഭാര്യാസഹോദരനായ സലിംരാജ് ശ്രമിക്കുന്നതെന്നും നാസര്‍ വിശദമാക്കിയിരുന്നു. വസ്തുവിന്റെ ഉടമസ്ഥാവകാശം കണയന്നൂര്‍ തഹസില്‍ദാരെ ബോധ്യപ്പെടുത്തി നാസര്‍ അനുകൂല ഉത്തരവ് നേടിയിരുന്നു. ലാന്‍ഡ് റവന്യു കമീഷണറും അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ പിന്നീട് ചുമതലയേറ്റ ലാന്‍ഡ് റവന്യു കമീഷണര്‍ നാസറിനെയും കുടുംബത്തെയും ഭൂമിയില്‍നിന്ന് ഒഴിപ്പിക്കാന്‍ നടപടി സ്വീകരിച്ചു. ഇതിനെതിരെ നാസര്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. സലിംരാജിനെതിരെ കഴിഞ്ഞ ജൂണ്‍ 13ന് ക്ലിഫ്ഹൗസില്‍ മുഖ്യമന്ത്രിയെക്കണ്ട് പരാതി നല്‍കിയിരുന്നു. പിന്നീട് റവന്യു, ആഭ്യന്തര മന്ത്രിമാര്‍ക്കും പരാതി നല്‍കിയെങ്കിലും തീരുമാനമായില്ല. സലിംരാജിന്റെ ബന്ധുവും അയല്‍വാസിയുമായ കാട്ടിപ്പറമ്പില്‍ അബ്ദുള്‍മജീദിന്റെ പരാതിയിലായിരുന്നു റവന്യു അധികൃതരുടെ നീക്കമെന്ന് നാസര്‍ വ്യക്തമാക്കിയിരുന്നു.
ഡിജിപിക്ക് സലിംരാജിനെ പേടിയാണോയെന്ന് കേസ് പരിഗണിക്കവെ ഹൈക്കോടതി ചോദിച്ചിരുന്നു. സലിംരാജിനെതിരായ ആരോപണങ്ങള്‍ വളരെയധികം ഗൗരവതരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സര്‍ക്കാരിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. സലിംരാജിന് സര്‍ക്കാരിന്റെ പൂര്‍ണപിന്തുണ ലഭിച്ചെന്നും പരാതി ഡിജിപിക്ക് കൈമാറിയത് എന്തിനായിരുന്നെന്നും ഹൈക്കോടതി ചോദിച്ചു. ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ക്കുള്ള ശക്തമായ തെളിവാണ് സലിംരാജിനെ എഫ്ഐആറില്‍ നിന്ന് ഒഴിവാക്കിയതിലൂടെ ലഭിച്ചിരിക്കുന്നത്.
deshabhimani
No comments:
Post a Comment