ടി പി ചന്ദ്രശേഖരന്‍ വധത്തിനുമുമ്പ് സിപിഐ എം നേതാക്കള്‍ ഗൂഢാലോചന നടത്തുന്നത് കണ്ടുവെന്ന പ്രോസിക്യൂഷന്‍ സാക്ഷിമൊഴി കളവാണെന്ന് പ്രതിഭാഗം തെളിവുസഹിതം കോടതിയില്‍ തുറന്നുകാട്ടി. 2012 ഏപ്രില്‍ രണ്ടിന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനന്‍, സി എച്ച് അശോകന്‍, കെ സി രാമചന്ദ്രന്‍ എന്നിവര്‍ ഓര്‍ക്കാട്ടേരിയിലെ പൂക്കടയില്‍ ഗൂഢാലോചന നടത്തുന്നത് കണ്ടുവെന്ന 126-ാം സാക്ഷി സുരേഷ്ബാബുവിന്റെ മൊഴിയാണ് പൊളിഞ്ഞത്. അന്ന് പകല്‍ 2.40 മുതല്‍ സിപിഐ എം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ഒഞ്ചിയം രക്തസാക്ഷി സ്ക്വയറില്‍ ദീപശിഖാ ജാഥയില്‍ സിപിഐ എം നേതാക്കള്‍ പങ്കെടുക്കുന്നതിന്റെ ഫോട്ടോകള്‍ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി തെളിവായി രേഖപ്പെടുത്തി.
ദീപശിഖാ ജാഥയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ഒഞ്ചിയത്തെ ഗീതാ ഫോട്ടോസ് ഫോട്ടോഗ്രാഫര്‍ പുതുക്കുടി മീത്തല്‍ പി എം ഭാസ്കരനെ പ്രതിഭാഗം സാക്ഷിയായി വിസ്തരിക്കുമ്പോഴാണ് പ്രോസിക്യൂഷന്‍ ആരോപണം പൊളിഞ്ഞത്. ചടങ്ങിന്റെ 17 ചിത്രങ്ങളടങ്ങിയ സിഡി പ്രതിഭാഗം ഹാജരാക്കി. സിഡി എല്‍സിഡി പ്രൊജക്ടര്‍ ഉപയോഗിച്ച് കോടതി ഹാളില്‍ പ്രദര്‍ശിപ്പിച്ചു. 2012 ഏപ്രില്‍ രണ്ടിന് 2.50 മുതല്‍ 3.41 വരെയെടുത്ത ചിത്രങ്ങളാണിത്. സത്യമായും കൃത്യമായും എടുത്ത ഫോട്ടോകളാണ് ഹാജരാക്കിയതെന്ന് ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ ഫോട്ടോഗ്രാഫര്‍ ഭാസ്കരന്‍ മൊഴിനല്‍കി. നികോണ്‍ ഡി-60 ഡിജിറ്റല്‍ ക്യാമറയിലാണ് ഫോട്ടോ എടുത്തത്. പ്രിന്റില്‍ അതെടുത്ത തീയതിയും സമയവും കാണില്ല. എന്നാല്‍ എല്‍സിഡി പ്രൊജക്ടര്‍ ഉപയോഗിച്ച് സിഡി പ്രദര്‍ശിപ്പിക്കുമ്പോള്‍ പിക്ചറിലെ പ്രോപ്പര്‍ട്ടി ബട്ടണ്‍ തുറന്ന് തീയതിയും സമയവും ക്യാമറയുടെ പേരും കാണാമെന്നും സാക്ഷി ബോധിപ്പിച്ചു. തുടര്‍ന്നാണ് ചിത്രങ്ങള്‍ ഓരോന്നായി പ്രദര്‍ശിപ്പിച്ചത്.
ആദ്യഫോട്ടോ എടുത്തത് 2012 ഏപ്രില്‍ രണ്ടിന് പകല്‍ 2.40 ആണെന്ന് സാക്ഷി മൊഴി നല്‍കി. ടി പി രാമകൃഷ്ണന്‍, സി എച്ച് അശോകന്‍, വി പി ഗോപാലകൃഷ്ണന്‍ തുടങ്ങിയവരെ ചിത്രത്തില്‍ കാണാം. 2, 3 ചിത്രങ്ങളെടുത്തത് 2.50നാണ്. സി എച്ച് അശോകനെ ഇതിലും കാണാം. 3.24-നെടുത്ത ചിത്രത്തില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത വി വി ദക്ഷിണാമൂര്‍ത്തി, ദീപശിഖ ഏറ്റുവാങ്ങിയ പി മോഹനന്‍ എന്നിവരുണ്ട്. 5,6 ചിത്രത്തില്‍ രക്തസാക്ഷി സ്ക്വയറിനുസമീപം ഡ്യൂട്ടിയിലുള്ള ചോമ്പാല എസ്ഐ ജയനെ കാണാം. 3.25നും 3.26നും എടുത്ത ചിത്രങ്ങളിലും സി എച്ച് അശോകന്‍ അടക്കമുള്ളവരുണ്ട്. 3.30ന് എടുത്ത ചിത്രം വി പി ഗോപാലകൃഷ്ണന്‍ സ്വാഗതപ്രസംഗം നടത്തുന്നതാണ്. വേദിയില്‍ പി മോഹനനുണ്ട്. ദക്ഷിണാമൂര്‍ത്തി പ്രസംഗിക്കുന്ന പത്താമത്തെ ചിത്രത്തിലും മോഹനനെ കാണാം. 3.31നാണ് ഇതെടുത്തത്. 3.32നെടുത്ത ചിത്രത്തില്‍ സി എച്ച് അശോകനെ കാണാം. 3.35നെടുത്ത ചിത്രത്തിലും 13 മുതല്‍ 17 വരെയുള്ള ചിത്രങ്ങളിലും മോഹനനുണ്ട്. ദീപശിഖ ദക്ഷിണാമൂര്‍ത്തിയില്‍ ഏറ്റുവാങ്ങുന്നതാണ് 13-ാമത്തെ ചിത്രം. 14-ാമത്തെ ചിത്രം മോഹനനെ ടി പി രാമകൃഷ്ണന്‍ ഷാളണിയിക്കുന്നതും 15, 16 ചിത്രങ്ങള്‍ പ്രദീപന്‍ എന്ന വളണ്ടിയര്‍ക്ക് പി മോഹനന്‍ ദീപശിഖ കൈമാറുന്നതുമാണ്. 3.40നാണ് ഈ ചിത്രങ്ങള്‍ എടുത്തത്. 17-ാമത്തെ ചിത്രവും രക്തസാക്ഷി സ്ക്വയറിനടുത്തുള്ള ചിത്രമാണ്.
പി മോഹനനെയും കെ സി രാമചന്ദ്രനെയും അറിയാമെന്നും സി എച്ച് അശോകന്‍ ജീവിച്ചിരിപ്പില്ലെന്നും സാക്ഷി ബോധിപ്പിച്ചു. പ്രോസിക്യൂഷന്‍ നാലിന് എതിര്‍വിസ്താരം നടത്തും. ചടങ്ങില്‍ സ്വാഗതം പറഞ്ഞ സിപിഐ എം ഒഞ്ചിയം ലോക്കല്‍ സെക്രട്ടറി വി പി ഗോപാലകൃഷ്ണനെ വിസ്തരിക്കുന്നില്ലെന്ന് പ്രതിഭാഗം അറിയിച്ചു. പ്രതിഭാഗത്തിനുവേണ്ടി സി ശ്രീധരന്‍നായര്‍, പി എന്‍ സുകുമാരന്‍, കെ വിശ്വന്‍, കെ എം രാമദാസ്, വിനോദ്കുമാര്‍ ചമ്പളോന്‍, കെ അജിത്കുമാര്‍, പി ശശി, എന്‍ ആര്‍ ഷാനവാസ്, വി ബിന്ദു, അരുണ്‍ബോസ് എന്നിവര്‍ ഹാജരായി. പ്രതികളുടെ ചിത്രങ്ങള്‍ എടുത്ത ഫോട്ടോഗ്രാഫര്‍മാരുടെ വിവരം നല്‍കാന്‍ പത്രാധിപന്മാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം അപേക്ഷ നല്‍കി. ഇതില്‍ മൂന്നിന് കോടതി തീരുമാനമെടുക്കും.
deshabhimani
No comments:
Post a Comment