എന്ത് അപമാനം സഹിച്ചും താന്‍ അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുമെന്ന സ്വന്തം സിദ്ധാന്തത്തിന് അടിവരയിടുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അല്ലാത്തപക്ഷം ഒരല്‍പ്പം മാന്യത അവശേഷിക്കുന്ന ഭരണാധികാരിയായിരുന്നെങ്കില്‍ തന്റെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെക്കുറിച്ചുള്ള ഹൈക്കോടതി പരാമര്‍ശത്തിന്റെ പേരില്‍ അദ്ദേഹം അധികാരം വിട്ടൊഴിഞ്ഞേനെ. സലിംരാജിന്റെ പേരിലുള്ള കേസ് പരിഗണിക്കവെ സലിംരാജ് സംസ്ഥാന മുഖ്യമന്ത്രിയാണോ എന്നാണ് കോടതി ചോദിച്ചത്. ഈ കോണ്‍സ്റ്റബിളിനെ ഡിജിപിക്കും പേടിയാണോ? ഇവിടെ എന്ത് ജനാധിപത്യമാണ് ഉള്ളതെന്നും കോടതി ചോദിച്ചു.
മുമ്പ് കെ കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതുമായി താരതമ്യപ്പെടുത്തിയാല്‍മാത്രം ഉമ്മന്‍ചാണ്ടി നൂറുതവണ രാജിവയ്ക്കേണ്ട സമയം കഴിഞ്ഞു. എന്നിട്ടും വിധിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണമാരാഞ്ഞപ്പോള്‍ ഒളിച്ചോടുകയായിരുന്നു മുഖ്യമന്ത്രി.ഹൈക്കോടതിമാത്രമല്ല ഡിജിപിതന്നെ പറഞ്ഞത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസ് ക്രിമിനലുകളുടെ താവളമായെന്നാണ്. കോണ്‍ഗ്രസ് നേതാക്കളായ വി എം സുധീരനും കെ മുരളീധരനും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജുമെല്ലാം പറയുന്നതും ഇതുതന്നെ. സോളാര്‍ തട്ടിപ്പ് കേസിന്റെ തുടക്കംമുതല്‍ മറ്റ് പല വിശ്വസ്തരെയും കൈയൊഴിഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടി സലിംരാജിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിന്റെ രഹസ്യം വെളിപ്പെടുത്താന്‍ ഇനിയെങ്കിലും ഉമ്മന്‍ചാണ്ടി തയ്യാറാകേണ്ടി വരും. ഗണ്‍മാന്‍ സ്ഥാനത്തുനിന്ന് സലിംരാജിനെ ഗത്യന്തരമില്ലാതെയാണ് ഉമ്മന്‍ചാണ്ടി മാറ്റിയത്. അതിനുശേഷവും ഇയാള്‍ ക്ലിഫ് ഹൗസില്‍ വിലസി. ഇത് വിവാദമായപ്പോള്‍മാത്രമാണ് സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷനുശേഷമാണ് ഭൂമിതട്ടിപ്പ് കേസില്‍ സലിംരാജിന്റെ ടെലിഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ സലിംരാജിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍തന്നെ ഹൈക്കോടതിയില്‍ ഹാജരായി. ഒടുവില്‍ കോഴിക്കോട്ടുവച്ച് യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കവെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച സലിംരാജ് ഇപ്പോള്‍ ജയിലിലാണ്. ജയിലിലും അയാള്‍ക്ക് സുഖവാസമാണ്.
സലിംരാജിന്റെ ഔദ്യോഗിക ജീവിതമാകെ ക്രിമിനല്‍ പശ്ചാത്തലമുള്ളതാണ്. പരിശീലനത്തിനുശേഷം 1995ല്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്നു സലിംരാജ്. അന്ന് എസ്ഐയെ തല്ലി. കാര്‍ തകര്‍ത്തു. ഇത് സംബന്ധിച്ച പരാതി നിലനില്‍ക്കെയാണ് 2001ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നത്. ഇടുക്കിയിലെ ഒരു ദൂതന്‍മുഖേന സലിംരാജ് ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായി. തുടര്‍ന്ന് കുടുംബാംഗംപോലെയായി. ഒരു കാരണവശാലും ഇയാളെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തരുതെന്ന് മൂന്നുതവണ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. ഇത് രണ്ടുതവണ അവഗണിച്ചു. 2011ല്‍ മുഖ്യമന്ത്രിയായപ്പോള്‍ സ്പെഷ്യല്‍ ബ്രാഞ്ച് കത്ത് നല്‍കി. അതിന്മേല്‍ ഒരാഴ്ച മാറ്റിനിര്‍ത്തിയെങ്കിലും അടുത്ത ദിവസം തിരിച്ച് നിയമിച്ചു. തിരുവനന്തപുരം ജില്ലയിലെ കടകംപള്ളി വില്ലേജില്‍ ഇരുനൂറോളം കുടുംബങ്ങളുടെ ഭൂമി തട്ടിയെടുത്ത കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശചെയ്തെങ്കിലും അന്വേഷണം നടക്കുന്നില്ല. ഈ ഭൂമിയുടെ വിപണിവില 200 കോടി കവിയും. 18 സര്‍വേ നമ്പരുകളിലായി ഉള്‍പ്പെട്ട ഇവരുടെ 44.5 ഏക്കര്‍ സ്ഥലം സലിംരാജും ഭൂമാഫിയയും ചേര്‍ന്ന് കൈക്കലാക്കിയെന്ന് റവന്യൂവകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. എന്നിട്ടും അധികൃതര്‍ക്ക് അനക്കമില്ല.
(എം രഘുനാഥ്)
ഉമ്മന്‍ചാണ്ടി ഒരുനിമിഷംപോലും തുടരരുത്: എല്‍ഡിഎഫ്
തിരു: ഹൈക്കോടതി പരാമര്‍ശംകൂടി വന്ന സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി ഒരുനിമിഷംപോലും മുഖ്യമന്ത്രിസ്ഥാനത്ത് തുടരരുതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരളഭരണത്തിന്റെ നേര്‍ക്കാഴ്ചയാണ് ഹൈക്കോടതി പരാമര്‍ശത്തിലൂടെ പുറത്തുവന്നത്. സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യത്തിന് എതിരായി നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിക്ക് ഇനി തുടരാന്‍ അര്‍ഹതയില്ല. സോളാര്‍ തട്ടിപ്പിനുപുറമേ ഓരോദിവസവും ഭരണതലത്തില്‍ നടക്കുന്ന പുതിയ പുതിയ അഴിമതിക്കഥകളാണ് പുറത്തുവരുന്നത്. രാജ്യദ്രോഹ- അധോലോക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്വര്‍ണക്കടത്തുകേസിലെ പ്രതി ഫയാസിന് മുഖ്യമന്ത്രിയും മന്ത്രിമാരുമായും കേന്ദ്രമന്ത്രിമാരുമായുള്ള ബന്ധംവരെ പുറത്തുവന്നു. എന്നാല്‍, സോളാര്‍കേസുപോലെ ഈ കേസന്വേഷണവും അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. സ്വര്‍ണക്കടത്തുകേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു.
കോടതി പരാമര്‍ശം മുഖ്യമന്ത്രിക്ക് കിട്ടിയ അടി: കോടിയേരി
കോഴിക്കോട്: സലിംരാജിന്റെ ഭൂമിതട്ടിപ്പുകേസില്‍ കോടതിയുടെ പരാമര്‍ശം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോടതിപരാമര്‍ശത്തില്‍നിന്ന് നിയമവ്യവസ്ഥയില്ലാത്ത സംസ്ഥാനമാണ് കേരളമെന്ന് വ്യക്തമായി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സലിംരാജ് തീവ്രവാദ ഗ്രൂപ്പുകളെയും ഹവാലക്കാരെയും സഹായിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ ഫയാസുമായും മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് തെളിവ് വന്നു. എല്ലാവിധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഇതുവരെ പത്തുപേര്‍ പുറത്തായി. ഇനി മുഖ്യമന്ത്രിയാണ് പുറത്തുപോകേണ്ടത്. കോടതിയുടെ പരാമര്‍ശം വന്നിട്ടും അധികാരത്തില്‍ തുടരാനുളള നീക്കം ഒരു മുഖ്യമന്ത്രിയും സ്വീകരിച്ചിട്ടില്ല. സലിംരാജിനെതിരെ ഡിജിപിക്ക് ലഭിച്ച പരാതിയില്‍ നടപടി സ്വീകരിക്കുന്നതിനു പകരം എന്താണ് ചെയ്യേണ്ടതെന്ന് സര്‍ക്കാരിനോട് ചോദിക്കുകയാണ് ചെയ്തത്. സലിംരാജ് മുഖ്യമന്ത്രിയുടെ മേലെ പ്രവര്‍ത്തിക്കുന്നുവെന്ന കോടതി പരാമര്‍ശം ശരിവയ്ക്കുന്നതാണിത്. മുഖ്യമന്ത്രിക്ക് സലിംരാജിനെ പേടിയാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നു. സലിംരാജിന്റെ കോള്‍ലിസ്റ്റ് പരിശോധിക്കണമെന്ന സിംഗിള്‍ ബെഞ്ച് വിധി, വിധി വന്ന ദിവസംതന്നെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് റദ്ദാക്കിച്ചത് ഈ ഭയം മൂലമാണ്. കോള്‍ലിസ്റ്റ് പരിശോധിച്ചാല്‍ മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ കഴിയില്ല. മുഖ്യമന്ത്രി ഇടപെട്ടാണ് സലിംരാജിനു വേണ്ടി എജി ഹാജരായത്. ഈ സാഹചര്യത്തിലാണ് സലിംരാജ് ഇത്ര വലിയവനാണോയെന്ന് കോടതി ചോദിച്ചത്.
ഫയാസുമായി ഒരു സിപിഐ എം നേതാവിനും ബന്ധമില്ല. കോഴിക്കോട് ജില്ലാ ജയിലില്‍ അയാളുടെ വീടിനടുത്തുള്ള കൊടി സുനി എന്നയാളെയോ മറ്റോ കാണാനാണ് ഫയാസ് എത്തിയത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. പി മോഹനന് ഫയാസുമായി ഒരു ബന്ധവുമില്ല. അത്തരത്തിലുളള പ്രവര്‍ത്തനം നടത്തുന്നയാളല്ല മോഹനനെന്നും കോടിയേരി പറഞ്ഞു.
deshabhimani
No comments:
Post a Comment