Friday, November 1, 2013

എല്‍ഡിഎഫ് ജാഥകള്‍ക്ക് ഇന്നു തുടക്കം

സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ തുറന്നുകാട്ടിയും പര്യടനം നടത്തുന്ന എല്‍ഡിഎഫ് മേഖലാജാഥകള്‍ വെള്ളിയാഴ്ച തുടങ്ങും. ജാഥകള്‍ നവംബര്‍ 13ന് സമാപിക്കും. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന വടക്കന്‍മേഖല ജാഥ വൈകീട്ട് മൂന്നിന് ഉപ്പളയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

സിപിഐ നിയമസഭാകക്ഷി നേതാവ് സി ദിവാകരന്റെ നേതൃത്വത്തിലുള്ള തെക്കന്‍മേഖലാ ജാഥ വൈകീട്ട് അഞ്ചിന് എറണാകുളം തൃക്കാക്കര പാട്ടുപുരയ്ക്കലില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്യും. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സി എന്‍ ചന്ദ്രന്‍, ആര്‍എസ്പി നേതാവ് കോവൂര്‍ കുഞ്ഞുമോന്‍, ജനതാദള്‍-എസ് നേതാവ് സി കെ നാണു, കോണ്‍ഗ്രസ-എസ് നേതാവ് ഇ പി ആര്‍ വേശാല, കേരള കോണ്‍ഗ്രസ് നേതാവ് കെ സുരേന്ദ്രന്‍പിള്ള, എന്‍സിപി നേതാവ് മാമ്മന്‍ ഐപ്പ് എന്നിവരാണ് വടക്കന്‍ മേഖലാജാഥാംഗങ്ങള്‍.

തെക്കന്‍മേഖലാ ജാഥയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍, ആര്‍എസ്പി കേന്ദ്രസെക്രട്ടറിയറ്റ് അംഗം എന്‍ കെ പ്രേമചന്ദ്രന്‍, ജനതാദള്‍ എസ് നേതാവ് ജമീല പ്രകാശം എംഎല്‍എ, എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ്, കോണ്‍ഗ്രസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ കാഞ്ഞിലി എന്നിവരാണ് അംഗങ്ങള്‍. ജാഥ രണ്ടിന് പകല്‍ 10ന് കൊച്ചിയില്‍നിന്ന് പര്യടനം തുടങ്ങും. വടക്കന്‍ മേഖലാ ജാഥ തൃശൂരിലും തെക്കന്‍ മേഖലാജാഥ തിരുവനന്തപുരത്തുമാണ് സമാപിക്കുക.

deshabhimani

No comments:

Post a Comment