Friday, November 1, 2013

ഉമ്മന്‍ചാണ്ടിയുടെ നെഞ്ചത്ത് മനോരമയുടെ "കൈ"

കണ്ണൂര്‍ സംഭവത്തില്‍ സാരമായി പരിക്കേറ്റുവെന്ന് കാണിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നെഞ്ചില്‍ ചായം പൂശി മനോരമയുടെ മായാജാലം. ബുധനാഴ്ച മന്ത്രിസഭായോഗ തീരുമാനം വിശദീകരിക്കുന്നതിനിടെയാണ് നെഞ്ചില്‍ പരിക്കേറ്റുവെന്ന് കാണിക്കാന്‍ ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഷര്‍ട്ടൂരിയത്. ഈ നാടകത്തെക്കുറിച്ച് മുന്‍കൂട്ടി അറിയിപ്പ് ലഭിച്ചതിനാല്‍ പത്രമാധ്യമങ്ങളുടെ ഫോട്ടോഗ്രാഫര്‍മാരും വാര്‍ത്താസമ്മേളനത്തില്‍ എത്തിയിരുന്നു. ഇങ്ങനെ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രത്തിലാണ് മനോരമ "കൈ"വച്ചത്. അഴിമതിക്കേസുകളില്‍പ്പെട്ട് മുഖം വികൃതമായ ഉമ്മന്‍ചാണ്ടിയെ കണ്ണൂര്‍ സംഭവത്തിന്റെ മറവില്‍ വെള്ളപൂശാനാണ് മനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ ഓരോ നീക്കവും. ഇതിന്റെ ഭാഗമായിട്ടാണ് സാങ്കേതികവിദ്യ ദുരുപയോഗപ്പെടുത്തിയത്. മറ്റ് പത്രങ്ങളിലെ ചിത്രങ്ങളിലെല്ലാം നേരിയ ചുവപ്പ് പാട് മാത്രമാണ് കാണുന്നതെങ്കില്‍ മനോരമയുടെ ചിത്രത്തില്‍ ഹൃദയഭാഗത്ത് ഒത്ത നടുവില്‍ വലിയ ചുവന്ന പാടാണുള്ളത്. മാധ്യമം ഉള്‍പ്പെടെയുള്ള പത്രങ്ങളില്‍ കൊടുത്ത ചിത്രത്തില്‍ ഈ പാടിന് മുകളില്‍ കറുത്ത കുത്താണുള്ളതെങ്കില്‍ മനോരമയില്‍ അതും ചുവന്നു.

ദൃശ്യമാധ്യമങ്ങളുടെ മൈക്ക് സ്റ്റാന്‍ഡുകളുടെ ചിത്രം പരിശോധിച്ചാല്‍ത്തന്നെ തട്ടിപ്പ് വ്യക്തമാകും. മാധ്യമം പ്രസിദ്ധീകരിച്ച ചിത്രത്തില്‍ എഎന്‍ഐ ചാനലിനോട് ചേര്‍ന്ന് നില്‍ക്കുന്നത് സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പിആര്‍ഡി മൈക്ക് ആണ്. എന്നാല്‍, മനോരമ ചിത്രത്തില്‍ ഇത് കാണാനില്ല. മാധ്യമത്തില്‍ ജീവന്‍ ടിവിയുടെ മൈക്ക് ആണ് മുഖ്യമന്ത്രിയുടെ നെഞ്ചേിനോട് ചേര്‍ന്നുള്ളത്. ജീവന്‍, റിപ്പോര്‍ട്ടര്‍ ചാനലുകളുടെ മൈക്കുകള്‍ക്ക് ഇടയിലൂടെയേ ഈ "പാട്" കാണൂ. എന്നാല്‍, മനോരമയില്‍ ഇതു കാണുന്നത് മാതൃഭൂമി മൈക്ക് സ്റ്റാന്‍ഡിന്റെ വിടവിലൂടെയാണ്. ഫോട്ടോഷോപ്പിലൂടെ മാറ്റം വരുത്തുകയും നെഞ്ചില്‍ ചായം ചേര്‍ക്കുകയുമായിരുന്നുവെന്ന് വ്യക്തം. സഹതാപം കിട്ടാനാണ് മുഖ്യമന്ത്രി ആശുപത്രിയില്‍ കിടന്നതെന്ന് പ്രതിപക്ഷ നേതാവും നെഞ്ചില്‍ തട്ടി കല്ല് പുറത്തേക്ക് തെറിക്കാന്‍ നെഞ്ച് ലോഹക്കൂടാണോ എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയും പറഞ്ഞ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടി നെഞ്ച് "തുറന്ന്"കാട്ടിയത്. സംഭവം നടന്നതിന്റെ പിറ്റേ ദിവസം പ്രസിദ്ധീകരിച്ച ചിത്രങ്ങളിലും മനോരമ ചായം പൂശി. കല്ലേറ് കൊണ്ട് ആദ്യ മണിക്കൂറുകളിലെല്ലാം മുഖത്ത് ഗ്ലാസ് ചില്ലുകള്‍ തെറിച്ച് പരിക്കെന്നായിരുന്നു പറഞ്ഞത്. എന്നാല്‍, പൊതുപരിപാടികള്‍ കഴിഞ്ഞശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ തീരുമാനിച്ചതോടെ തിരക്കഥ മാറ്റി. മുഖത്തെ പോറലുകളുടെ എണ്ണവും വര്‍ധിച്ചു. നെഞ്ചില്‍ പുതിയ പോറലും വീണു

deshabhimani

No comments:

Post a Comment