1985ല്‍ രാജീവ്ഗാന്ധിക്കുശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ഭരണാധികാരി ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ക്യൂബയിലെത്തിയത്. 2006ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയടക്കമുള്ള സന്ദര്‍ശനങ്ങള്‍ മറ്റ് പല പരിപാടികളുടെയും ഭാഗമായിരുന്നു. കാസ്ട്രോ ആരോഗ്യവാനാണെന്നും ലോകസംഭവവികാസങ്ങള്‍ സൂക്ഷ്മമായി മനസ്സിലാക്കുന്നുണ്ടെന്നും ലണ്ടനിലേക്കുള്ള മടക്കയാത്രയില്‍ ഉപരാഷ്ട്രപതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സന്ദര്‍ശനത്തിന്റെ ആവേശം അന്‍സാരിയുടെ വാക്കുകളില്‍ പ്രകടമായി. "എണ്‍പത്തേഴുകാരനായ ഒരു മനുഷ്യന്‍ 65 മിനിറ്റ് സംസാരിച്ചിരിക്കുമെങ്കില്‍ അദ്ദേഹം പൂര്‍ണ സജ്ജനാണെന്ന് ഉറപ്പല്ലേ. ശാരീരികമായ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരിക്കാം. എന്നാല്‍, അദ്ദേഹത്തിന്റെ മനഃശക്തി അപാരമാണ്.
20-25 മിനിറ്റുമാത്രമേ സന്ദര്‍ശനസമയം കിട്ടൂവെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍, കൂടിക്കാഴ്ച ഒരുമണിക്കൂറും അഞ്ച് മിനിറ്റും നീണ്ടു. അഞ്ചുപതിറ്റാണ്ടിലേറെയായി തുടരുന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ ഉറച്ചതാണ്. ലോകത്ത് ആയുധം കുമിഞ്ഞുകൂടുന്നത് അപകടത്തിലേക്ക് നയിക്കുമെന്ന ആശങ്ക അദ്ദേഹം പങ്കുവച്ചു. കൃഷിയെക്കുറിച്ചും പൂന്തോട്ടനിര്‍മാണത്തെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു"- അന്‍സാരി വാചാലനായി. ക്യൂബയുമായുള്ള സഹകരണം അമേരിക്കയുമായുള്ള ബന്ധത്തെ ബാധിക്കില്ല. അമേരിക്ക ക്യൂബയ്ക്കെതിരെ തുടരുന്ന ഉപരോധം ഏകപക്ഷീയമാണെന്നും കഴിഞ്ഞ 40 വര്‍ഷമായി ഇതിനെതിരെ ഇന്ത്യ വോട്ടുചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ്പദം ഒഴിഞ്ഞശേഷം വിശ്രമജീവിതം നയിക്കുന്ന കാസ്ട്രോ ഇപ്പോള്‍ വിരളമായാണ് മറ്റ് രാഷ്ട്രനേതാക്കളുടെ സന്ദര്‍ശനം അനുവദിക്കുന്നത്. ഇന്ത്യയുമായുള്ള പ്രത്യേക സൗഹൃദം കണക്കിലെടുത്താണ് ഹമീദ് അന്‍സാരിക്ക് അനുമതി നല്‍കിയത്. ക്യൂബന്‍ വിദേശമന്ത്രി ബ്രൂണോ റോഡ്രിഗസ് പരില്ല, ഹവാനയിലെ ഇന്ത്യന്‍ സ്ഥാനപതി സി രാജശേഖര്‍ എന്നിവര്‍ക്കുപുറമെ അന്‍സാരിയുടെ ഭാര്യ സല്‍മയും സന്ദര്‍ശകസംഘത്തിലുണ്ടായിരുന്നു. പെറു സന്ദര്‍ശനത്തിനുശേഷം ബുധനാഴ്ചയാണ് അന്‍സാരി ക്യൂബയിലെത്തിയത്. ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോയുമായി അദ്ദേഹം ഒന്നേകാല്‍ മണിക്കൂര്‍ ചര്‍ച്ച നടത്തി. പ്രക്ഷേപണരംഗത്ത് പ്രസാര്‍ഭാരതിയും ക്യൂബന്‍ റേഡിയോ ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മില്‍ സഹകരണ കരാര്‍ ഒപ്പിട്ടു. അടുത്തവര്‍ഷം ഇന്ത്യ അമ്പത് ബസുകള്‍ ക്യൂബക്ക് നല്‍കും. നേരത്തേ വിപ്ലവ ചത്വരത്തിലെത്തിയ ഹമീദ് അന്‍സാരി ഹോസെ മാര്‍ടി സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഹവാന ബയോടെക്നോളജി സെന്ററും സന്ദര്‍ശിച്ചു. ആറ് നൃത്തരൂപങ്ങളുടെ സമന്വയമായ "നൃത്ത്യരൂപ"യോടെ തുടങ്ങിയ ഇന്ത്യന്‍ ഫെസ്റ്റിവലും ഉപരാഷ്ട്രപതി ഉദ്ഘാടനംചെയ്തു.
deshabhimani
No comments:
Post a Comment