Friday, November 1, 2013

പട്ടേലിനെച്ചൊല്ലി കോണ്‍-ബിജെപി തര്‍ക്കം രൂക്ഷം

സര്‍ദാര്‍ പട്ടേലിനെ തങ്ങളുടെ നേതാവായി ഉയര്‍ത്തിക്കാട്ടാനുള്ള ബിജെപിയുടെയും സംഘപരിവാറിന്റെയും നീക്കങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധം പുതിയ തലത്തിലേക്ക്. പട്ടേലിന്റെ പൈതൃകം സംഘപരിവാര്‍ അവകാശപ്പെടുന്നതിനെ വിമര്‍ശിച്ച് ദി ഹിന്ദു പത്രത്തില്‍ ലേഖനമെഴുതിയ പത്രപ്രവര്‍ത്തകയ്ക്ക് നിരവധി ഭീഷണി ടെലിഫോണ്‍ കോളുകള്‍ വന്നു. ഭീഷണിക്കെതിരെ പ്രതിഷേധവുമായി എഐസിസി വക്താവ് അജയ് മാക്കന്‍ പ്രത്യേക പത്രസമ്മേളനം വിളിച്ചുചേര്‍ത്തു. ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ പട്ടേലിന്റെ സ്മാരകമായി ഗുജറാത്തിലെ കെവാഡിയയില്‍ നിര്‍മിക്കുന്ന 100 അടി ഉയരുമുള്ള ഉരുക്കുപ്രതിമയുടെ നിര്‍മാണോദ്ഘാടനം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി വ്യാഴാഴ്ച നിര്‍വഹിച്ചു. സര്‍ദാര്‍ പട്ടേലിന്റെ മതനിരപേക്ഷതയാണ് രാജ്യത്തിനാവശ്യമെന്നും വോട്ടുബാങ്ക് മതനിരപേക്ഷത തള്ളിക്കളയണമെന്നും മോഡി പറഞ്ഞു.

അഹമ്മദാബാദില്‍ പട്ടേല്‍ അനുസ്മരണ ചടങ്ങില്‍ നരേന്ദ്ര മോഡിയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ഏറ്റുമുട്ടിയിരുന്നു. സര്‍ദാര്‍ പട്ടേല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ രാജ്യത്തിന്റെ ഭാവി മറ്റൊന്നാകുമായിരുന്നുവെന്നും പട്ടേലിന്റെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനിക്കുന്നുവെന്നും നരേന്ദ്ര മോഡി പറഞ്ഞു. സര്‍ദാര്‍ പട്ടേല്‍ തികഞ്ഞ മതനിരപേക്ഷവാദിയും കോണ്‍ഗ്രസ് നേതാവുമായിരുന്നുവെന്ന് പ്രധാനമന്ത്രി തിരിച്ചടിച്ചു. അവിടെ തുടങ്ങിയ വിവാദമാണ് മൂര്‍ച്ഛിക്കുന്നത്.

ഇന്ത്യയുടെ ഐക്യത്തിനുവേണ്ടിയാണ് പട്ടേല്‍ പ്രവര്‍ത്തിച്ചതെന്നും ഐക്യത്തിന് വിരുദ്ധമായാണ് ബിജെപിയുടെ പ്രവര്‍ത്തനമെന്നും കോണ്‍ഗ്രസ് വക്താക്കള്‍ പ്രസ്താവന നടത്തി. വ്യാഴാഴ്ച വീണ്ടും നരേന്ദ്ര മോഡി നടത്തിയ പരാമര്‍ശവും പുതിയ തര്‍ക്കത്തിന് തുടക്കമിട്ടു. പട്ടേലിന്റെ മതനിരപേക്ഷതയെ തങ്ങള്‍ അംഗീകരിക്കുന്നുവെന്ന് ബിജെപി പറയുന്നത് പട്ടേലിനെ അപമാനിക്കുന്നതിന് സമമാണെന്ന് കോണ്‍ഗ്രസ് പറയുന്നു. ബുധനാഴ്ച ഡല്‍ഹിയില്‍ നടന്ന വര്‍ഗീയതയ്ക്കെതിരായ മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മയിലും നരേന്ദ്ര മോഡിയുടെ പട്ടേല്‍ പരാമര്‍ശത്തിനെതിരെ വിമര്‍ശമുയര്‍ന്നു. ദി ഹിന്ദുവിലെ പത്രപ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു. നര്‍മദയിലെ ഒരു ദ്വീപിലാണ് 100 അടി ഉയരമുള്ള സര്‍ദാര്‍ പട്ടേല്‍ പ്രതിമ സ്ഥാപിക്കുന്നത്. 2500 കോടി രൂപ ചെലവുവരുന്ന പ്രതിമ നാലുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കും. പ്രതിമയുടെ നിര്‍മാണത്തിന് ആവശ്യമായ ഉരുക്ക് ശേഖരിക്കാന്‍ രാജ്യത്തെമ്പാടുമുള്ള കര്‍ഷകരോട് കാര്‍ഷികോപകരണങ്ങള്‍ സംഭാവന ചെയ്യാന്‍ ആഹ്വാനം നല്‍കിയിരിക്കുയാണ് ബിജെപി.

deshabhimani

No comments:

Post a Comment