Friday, November 1, 2013

കണ്ണര്‍കാട്ടേക്ക് ജനപ്രവാഹം

മുഹമ്മ(ആലപ്പുഴ): കേരളത്തിലെ കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ നെഞ്ചേറ്റുന്ന സഖാവിന്റെ സ്മാരകം തകര്‍ത്ത വാര്‍ത്ത അറിഞ്ഞതോടെ കണ്ണര്‍കാട്ടെ ചെല്ലിക്കണ്ടത്തിലേക്ക് നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ ആയിരങ്ങള്‍ ചെല്ലിങ്കണ്ടത്തിലെത്തി. രണ്ടോടെ തന്നെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ചെല്ലിങ്കണ്ടത്തിലെത്തി. ഒറ്റയ്ക്കും കൂട്ടായും പ്രവര്‍ത്തകര്‍ എത്തിയതോടെ സ്മാരകവളപ്പ് ജനനിബിഡമായി. ജനങ്ങളില്‍ രോഷം അണപൊട്ടാനും തുടങ്ങി. സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു, ഏരിയ സെക്രട്ടറി സജിചെറിയാന്‍ സിപിഐ ജില്ലാ സെക്രട്ടറി പി തിലോത്തമന്‍ എംഎല്‍എ എന്നിവരെത്തി പ്രവര്‍ത്തകരെ അനുനയിപ്പിച്ചു. രാവിലെ എട്ടോടെ നൂറുകണക്കിന് പേര്‍ അണിനിരന്ന പ്രതിഷേധ പ്രകടനം നടന്നു. കഞ്ഞിക്കുഴിയില്‍ സമാപിച്ചു. സ്മാരക മന്ദിരത്തിലേക്കുള്ള ഒഴുക്ക് പിന്നെയും തുടര്‍ന്നു. സ്മാരക വളപ്പിലുണ്ടായിരുന്ന നേതാക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും സംഭവത്തെക്കുറിച്ച് ആരാഞ്ഞ് നിരവധി കോളുകള്‍ എത്തി. ഫേസ്ബുക്കിലും ചാനലുകളിലും സംഭവം നിറഞ്ഞതോടെ ഫോണ്‍വിളികളുടെ എണ്ണവും കൂടി. സാമൂഹ്യശൃംഖലകളില്‍ വന്‍പ്രതിഷേധമാണ് ഉയരുന്നത്. വൈകിട്ടോടെ സ്മാരകവളപ്പ് വീണ്ടും ജനനിബിഡമായി. വൈകിട്ട് അഞ്ചരയോടെ വന്‍ പ്രതിഷേധ പ്രകടനവും ആരംഭിച്ചു.

ചാമ്പലായേനെ

എസ്എല്‍ പുരം: പി കൃഷ്ണപിള്ള സ്മാരകത്തിന് തീപിടിക്കുന്നത് ചെല്ലിക്കണ്ടത്തില്‍ ദീപു കണ്ടില്ലായിരുന്നുവെങ്കില്‍ സ്മാരകം പൂര്‍ണമായും ചാമ്പലാകുമായിരുന്നു. ആലപ്പുഴ കേരള ബെയ്ലേഴ്സ് കമ്പനി ജീവനക്കാരനായ ദീപു രണ്ടാമത്തെ ഷിഫ്റ്റില്‍ ജോലികഴിഞ്ഞ് വീട്ടിലെത്തി കുറച്ചുസമയത്തിനുള്ളിലാണ് തീപിടിത്തം കണ്ടത്. ആഹാരത്തിന് ശേഷം രാത്രി ഒന്നരയോടെ വീടിനുപുറത്തിറങ്ങിയപ്പോഴാണ് കിഴക്കുഭാഗത്തെ സ്മാരകത്തില്‍ തീപടരുന്നത് കണ്ടത്. ഉടനെ ബഹളമുണ്ടാക്കി അയല്‍വാസികളെ വിളിച്ചെഴുന്നേല്‍പ്പിച്ച് മോട്ടോര്‍പമ്പ് ഉപയോഗിച്ച് തീയണയ്ക്കാന്‍ ശ്രമിച്ചു. അരമണിക്കൂറോളം വെള്ളമൊഴിച്ചെങ്കിലും തീയണയ്ക്കാനായില്ല. തുടര്‍ന്ന് അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി. ഇവരും പരിസരവാസികളുംകൂടി തീയണയ്ക്കല്‍ തുടര്‍ന്നു. സ്മാരകത്തിന്റെ കതക് ചവിട്ടിത്തുറന്ന് അകത്തുകയറി വെള്ളമൊഴിച്ചതിനുശേഷമാണ് പൂര്‍ണമായും തീയണയ്ക്കാന്‍ കഴിഞ്ഞതെന്ന് ദീപു ദേശാഭിമാനിയോടു പറഞ്ഞു.

സര്‍ക്കാര്‍ ഉത്തരം പറയണം: വി എസ്

കഞ്ഞിക്കുഴി: ചരിത്രസ്മാരകം സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്നും ഇതിന് അവര്‍ ഉത്തരം പറയണമെന്നും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പി കൃഷ്ണപിള്ള സ്മാരകത്തിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് കഞ്ഞിക്കുഴിയില്‍ ഇരുകമ്യൂണിസ്റ്റ് പാര്‍ടികളുടെ നേതൃത്വത്തില്‍ നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റ് നേതാക്കളുടേതടക്കം എല്ലാ സ്മാരകങ്ങളും സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയെന്ന കുറ്റബോധമുണ്ടെങ്കില്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് പ്രതികളെ കണ്ടെത്തി ശിക്ഷിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്ന് ജനങ്ങള്‍ ഉറ്റുനോക്കുകയാണ്. ആലപ്പുഴ-കോട്ടയം ജില്ലാ പൊലീസ് ചീഫുമാര്‍ കേസ് അന്വേഷിക്കുന്നതായി ആഭ്യന്തരമന്ത്രി അറിയിച്ചിട്ടുണ്ട്. മന:പൂര്‍വ്വം ആരുടെയും പേര് പറയുന്നില്ല. പകരത്തിന് പകരം എന്നത് മര്യാദയല്ല. ജനങ്ങള്‍ ജാഗ്രത പാലിക്കണം. പാര്‍ടി ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരെ കണ്ടെത്തുന്നതിലൂം പരിശീലിപ്പിക്കുന്നതിലും അസാമാന്യ നേതൃപാടവം പ്രകടിപ്പിച്ച നേതാവായിരുന്നു പി കൃഷ്ണപിള്ളയെന്നും വി എസ് പറഞ്ഞു. പി തിലോത്തമന്‍ എംഎല്‍എ അധ്യക്ഷനായി.

അക്രമികളെ ഉടന്‍ പിടികൂടണം: എസ് ആര്‍ പി

ന്യൂഡല്‍ഹി: ആലപ്പുഴയില്‍ പി കൃഷ്ണപിള്ള സ്മാരകം ആക്രമിച്ചവരെ ഉടന്‍ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ആവശ്യപ്പെട്ടു. ആക്രമണത്തെ ശക്തിയായി അപലപിക്കുന്നു. കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയരംഗത്ത് എക്കാലവും ഓര്‍മിക്കപ്പെടുന്ന മഹാനായ നേതാവാണ് പി കൃഷ്ണപിള്ള. അദ്ദേഹത്തിന്റെ സ്മാരകവും പ്രതിമയും തല്ലിത്തകര്‍ത്തതിനെ ഗൗരവത്തോടെയാണ് സിപിഐ എം കാണുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആലപ്പുഴ ജില്ലയിലും കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലും പാര്‍ടി ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ അക്രമമുണ്ടായി. സ്മാരകം ആക്രമിച്ചത് ആരെന്നതിലേക്ക് ഈ സംഭവങ്ങള്‍ കൃത്യമായി വിരല്‍ ചൂണ്ടുന്നുണ്ട്- എസ് ആര്‍ പി പറഞ്ഞു. പി കൃഷ്ണപിള്ള സ്മാരകത്തിനു നേര്‍ക്ക് നടന്ന ആക്രമണത്തെ സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍റെഡ്ഡി അപലപിച്ചു.

കോണ്‍ഗ്രസ് മാപ്പു പറയണം: കോടിയേരി

തലശേരി: കൃഷ്ണപിള്ള സ്മാരകമന്ദിരം തകര്‍ത്തതില്‍ കോണ്‍ഗ്രസ് നേതൃത്വം സമൂഹത്തോട് മാപ്പ്പറയണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഐ എമ്മും ഇടതുപക്ഷപ്രസ്ഥാനവും വൈകാരികമായി കാണുന്ന സ്മാരകമാണ് തകര്‍ത്ത് തീയിട്ടത്. അക്രമവിവരം പുറത്തുവന്നയുടന്‍ കെപിസിസി പ്രസിഡന്റും ആലപ്പുഴ ഡിസിസി പ്രസിഡന്റും നടത്തിയ പ്രസ്താവന മുന്‍കൂര്‍ജാമ്യമെടുക്കലാണെന്നും കോടിയേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണം, വസ്തുത പുറത്തുകൊണ്ടുവരണം. കേരളം അരാജകത്വത്തിലേക്കാണിപ്പോള്‍. പൊലീസ് നിഷ്ക്രിയമായതുകൊണ്ടാണ് ഇത്തരം സംഭവങ്ങളുണ്ടാവുന്നത്. എല്ലാത്തിനും മൗനാനുവാദം നല്‍കുകയാണ് പൊലീസെന്നും കോടിയേരി പറഞ്ഞു.

ചെന്നിത്തല അപമാനിച്ചത് കോണ്‍ഗ്രസിനെ: എം എ ബേബി

മുഹമ്മ: കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിന്റെ ഹീനമായ പ്രസ്താവന ആവര്‍ത്തിക്കുക വഴി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കോണ്‍ഗ്രസിനെയാണ് അപമാനിച്ചതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.

ധീരനായ സ്വാതന്ത്ര്യ സമരസേനാനി, നവോത്ഥാന നായകന്‍, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നായകന്‍ എന്നീ നിലകളില്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം നടത്തിയ കൃഷ്ണപിള്ള എല്‍ഡിഎഫ്കാരുടെ മാത്രം ആദരണീയ വ്യക്തിത്വമല്ല. അങ്ങിനെയൊരു വ്യക്തിയുടെ ചരിത്രസ്മാരകം ആക്രമിക്കുക വഴി കേരളത്തിന്റെ ചരിത്ര പാരമ്പര്യത്തെയാണ് കളങ്കപ്പെടുത്തിയിരിക്കുന്നത്. പാവപ്പെട്ടവര്‍ നല്‍കിയ ചില്ലിക്കാശ് സ്വരുക്കൂട്ടിയാണ് സ്മാരകം നിര്‍മിച്ചത്. ഇതുസംബന്ധിച്ച് നിഷ്പക്ഷ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുന്‍കൂട്ടിയുള്ള പദ്ധതി: പന്ന്യന്‍

കണ്ണൂര്‍: പി കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്തത് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്റും ഡിസിസി പ്രസിഡന്റും മുന്‍കൂര്‍ ജാമ്യമെടുത്തത് ഇതിന്റെ ഭാഗമാണ്. ദാരുണവും ജുഗുപ്സാവഹവുമായ ഈ സംഭവത്തെ രാഷ്ട്രീയായുധമാക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഇത് കേരളത്തിലെ ജനം അംഗീകരിക്കില്ല. സ്മാരകവും കുടിലും നശിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന വികാരം മുതലെടുക്കാനും ബോധപൂര്‍വം കലാപം സൃഷ്ടിക്കാനുമാണ് നീക്കം. പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചിട്ടില്ല. അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമവുമുണ്ട്. ഇത് അപകടകരമായ സ്ഥിതിയാണുണ്ടാക്കുക. കേരള നവോത്ഥാനവുമായി ബന്ധപ്പെട്ട് വളര്‍ന്നുവന്ന നേതാവാണ് പി കൃഷ്ണപിള്ള. അദ്ദേഹത്തിന്റെ ശേഷിപ്പുകള്‍ നശിപ്പിക്കാനുള്ള ശ്രമം ഒരു കമ്യൂണിസ്റ്റുകാരനും ക്ഷമിക്കില്ല. ഇത് കേരളത്തിന്റെ പൊതുവികാരമാണ്. ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ വൈകിക്കൂട. പലകാര്യങ്ങളും കണ്ടില്ലെന്ന് നടിക്കുകയും തങ്ങള്‍ക്ക് അനുകൂലമായവ മാത്രം പരിഗണിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ല. കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ക്കാര്‍ ശ്രമിച്ചവരോട് ഒരുതരത്തിലും സന്ധിയില്ല. ഒരു രാഷ്ട്രീയപാര്‍ടിയും ഇത് അംഗീകരിക്കാന്‍ പാടില്ലെന്നും പന്ന്യന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment