Monday, November 4, 2013

പീതാംബരക്കുറുപ്പ് ഒന്നാംപ്രതി

പ്രസിഡന്റ്സ് ട്രോഫി വള്ളംകളി മത്സരത്തില്‍ മുഖ്യാതിഥിയായിരുന്ന നടി ശ്വേതമേനോനെ പരസ്യമായി അപമാനിച്ച കേസില്‍ കോണ്‍ഗ്രസ് എംപി എന്‍ പീതാംബരക്കുറുപ്പിനെ ഒന്നാംപ്രതിയാക്കി പൊലീസ് കേസ് എടുത്തു. കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കെതിരെയും കേസുണ്ട്. ശ്വേത നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുക്കുന്നതിനു തൊട്ടുമുമ്പുവരെ കൊല്ലം നഗരത്തിലുണ്ടായിരുന്ന കുറുപ്പ് കേസ് എടുത്ത വിവരം പുറത്തുവന്നതോടെ അപ്രത്യക്ഷനായി. ഇതിനിടെ പീതാംബരക്കുറുപ്പിനെതിരായ പരാതി പിന്‍വലിച്ചതായി ശ്വേത ഞായറാഴ്ച രാത്രി മാധ്യമങ്ങളെ അറിയിച്ചു. കുറുപ്പ് മാപ്പ് പറഞ്ഞതിനാലാണ് ഇതെന്നും അവര്‍ പറഞ്ഞു.

പരാതിയില്‍ നിന്ന് പിന്മാറിയതായി ശ്വേത പറഞ്ഞെങ്കിലുംകുറുപ്പിനെതിരായ നിയമനടപടികളുമായി പൊലീസിന് മുന്നോട്ടുപോകേണ്ടിവരും. എഫ്ഐആര്‍ ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ടിന് അന്വേഷക സംഘം ഞായറാഴ്ച വൈകിട്ട് സമര്‍പ്പിച്ചു. കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് സ്ഥലത്തില്ലാത്തതിനാലാണ് ശാസ്താംകോട്ട മജിസ്ട്രേട്ടിന് എഫ്ഐആര്‍ സമര്‍പ്പിച്ചത്. പരാതി ഇല്ലെങ്കില്‍ ഇനി അക്കാര്യം ശ്വേതാമേനോന്‍ നേരിട്ട് ഹാജരായി കോടതിയെ ബോധിപ്പിക്കണം. അടുത്തദിവസം ശാസ്താംകോട്ട കോടതി എഫ്ഐആര്‍ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിക്ക് കൈമാറും. തുടര്‍ന്ന് കൊല്ലം സിജെഎം കോടതിയാവും ഇത് പരിഗണിക്കുക. ഈ കോടതിയിലാണ് ശ്വേത പരാതിയില്ലെന്ന് ബോധിപ്പിക്കേണ്ടത്. പൊലീസിനു നല്‍കിയ മൊഴി മാറ്റിയ സാഹചര്യവും ശ്വേത കോടതിയെ ബോധിപ്പിക്കേണ്ടിവരും. ശ്വേതയെ അപമാനിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കൊല്ലം ജില്ലാകമ്മിറ്റി ശനിയാഴ്ച സിറ്റി പൊലീസ് കമീഷണര്‍ക്കു പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. തെളിവുശേഖരണത്തിന്റെ ഭാഗമായി ചടങ്ങിന്റെ കൂടുതല്‍ ദ്യശ്യങ്ങള്‍ പൊലീസ് പരിശോധിക്കും. ആവശ്യമായിവന്നാല്‍ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ അനുമതിയോടെ പ്രതികളുടെ തിരിച്ചറിയല്‍ പരേഡും നടത്തും.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354 (സ്ത്രീത്വത്തെ അപമാനിക്കല്‍), 354 എ (ലൈംഗിക ഉദ്ദേശ്യത്തോടെ സ്ത്രീകളെ കടന്നുപിടിക്കല്‍) എന്നീ വകുപ്പുകളനുസരിച്ച് കൊല്ലം ഈസ്റ്റ് പൊലീസാണ് കേസ് എടുത്തത്. കുറ്റം തെളിഞ്ഞാല്‍ അഞ്ചുവര്‍ഷംവരെ തടവു ലഭിക്കാവുന്ന വകുപ്പാണ് ഐപിസി 354. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അറസ്റ്റ് നീട്ടിക്കൊണ്ടു പോകാന്‍ കുറുപ്പും കോണ്‍ഗ്രസും കഠിനപ്രയത്നം നടത്തുന്നതിനിടയിലാണ് ശ്വേതയുടെ പിന്മാറ്റം.

പാര്‍ലമെന്റ് സമ്മേളിക്കാത്ത സാഹചര്യത്തില്‍ എംപിയെന്ന നിലയില്‍ കുറുപ്പിനു പരിരക്ഷ ലഭിക്കില്ലെന്നും അറസ്റ്റിനു ലോക്സഭാ സ്പീക്കറുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും മുന്‍ ലോക്സഭ സെക്രട്ടറി ജനറല്‍ പി ഡി ടി ആചാരി പറഞ്ഞു. ഞായറാഴ്ച രാവിലെ കൊച്ചിയില്‍ കലൂരിലുള്ള ശ്വേതമേനോന്റെ ഫ്ളാറ്റിലെത്തി പൊലീസ് ശ്വേതയുടെ മൊഴി രേഖപ്പെടുത്തി. ഉച്ചയ്ക്കുശേഷം കൊല്ലത്തു മടങ്ങിയെത്തിയ സംഘം സിറ്റി പൊലീസ് കമീഷണര്‍ ദേബേഷ്കുമാര്‍ ബെഹ്റയ്ക്കു റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം, എഡിജിപി എ ഹേമചന്ദ്രന്‍ എന്നിവരുമായി ചര്‍ച്ചയ്ക്കുശേഷം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ശ്വേതാമേനോനില്‍നിന്ന് പൊലീസ് മൊഴിരേഖപ്പെടുത്തിയ വിവരം അറിഞ്ഞയുടന്‍ കൊല്ലത്ത് കുറുപ്പ് വാര്‍ത്താസമ്മേളനം നടത്തി. പണത്തിനായി എന്തു ചെയ്യാനും മടിയില്ലാത്ത സ്ത്രീ എന്നാണ് ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മതമ്പാന്‍ ശ്വേതയെ അധിക്ഷേപിച്ചത്. യൂത്ത് കോണ്‍ഗ്രസുകാര്‍ കൊല്ലത്ത് പ്രകടനം നടത്തി ശ്വേതയുടെ കോലം കത്തിച്ചു. പീതാംബരക്കുറുപ്പിനെ രക്ഷിക്കാന്‍ കൊല്ലം കലക്ടര്‍ ബി മോഹനന്‍ സ്വീകരിച്ച നടപടികളും വിവാദമായി. ശ്വേത പരാതിപ്പെട്ടിട്ടും പൊലീസിനെ അറിയിക്കാനോ പ്രാഥമിക നടപടി സ്വീകരിക്കാനോ കലക്ടര്‍ തയ്യാറായിരുന്നില്ല.
(എം സുരേന്ദ്രന്‍)

ഉമ്മന്‍ചാണ്ടി പയറ്റുന്നത് കുടിലതന്ത്രം

തിരു: നടി ശ്വേത മേനോനെ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പയറ്റുന്നത് കുടില രാഷ്ട്രീയതന്ത്രം. വന്‍ ജനാവലിക്കിടയില്‍ ഉന്നതനായ ജനപ്രതിനിധി നടത്തിയ കൊടിയകുറ്റത്തെ ഒതുക്കിത്തീര്‍ക്കാനുള്ള തന്ത്രമാണ് ഉമ്മന്‍ചാണ്ടി നടത്തിയത്. എന്നാല്‍, ശ്വേത മേനോന്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നതോടെ പീതാംബരക്കുറുപ്പ് എംപിക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. മന്ത്രിയായിരുന്ന കെ ബി ഗണേശ്കുമാറിനെ പ്രതിയാക്കി ഭാര്യ യാമിനി തങ്കച്ചി നല്‍കിയ ഗാര്‍ഹിക പീഡനക്കേസ്, സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളായ സരിത എസ് നായരും ബിജു രാധാകൃഷ്ണനുമായുള്ള തര്‍ക്കം തുടങ്ങിയവയില്‍ സ്വീകരിച്ച അതേ സ്ത്രീവിരുദ്ധ നിലപാടുതന്നെയാണ് ശ്വേത മേനോന് ഉണ്ടായ അപമാനവുമായി ബന്ധപ്പെട്ടും ഉമ്മന്‍ചാണ്ടിയുടേത്. കേസ് ഒതുക്കിത്തീര്‍ക്കുന്നതിനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ആരോപണവിധേയന്‍ പാര്‍ടിയിലെ എതിര്‍ ഗ്രൂപ്പുകാരനായിട്ടുപോലും സംരക്ഷിക്കാനുള്ള ശ്രമം.

സ്ത്രീകള്‍ക്കെതിരായി ഉണ്ടാകുന്ന അതിക്രമങ്ങളും അഴിമതിയും പ്രതിച്ഛായ തകര്‍ത്ത സര്‍ക്കാരിനെ പീതാംബരക്കുറുപ്പിനെതിരായ ആരോപണം കൂടുതല്‍ പ്രതിരോധത്തിലാക്കി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ തനിക്കു ചുറ്റും നില്‍ക്കുന്നവര്‍ ഒന്നൊന്നായി പ്രതികളാകുമ്പോള്‍, അവരെ സംരക്ഷിച്ച് അധികാരം നിലനിര്‍ത്താന്‍ ഏതറ്റംവരെയും പോകാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മധ്യസ്ഥസംഘം പരാജയപ്പെട്ടപ്പോള്‍ ഭീഷണി അടക്കമുള്ള തന്ത്രങ്ങളും സ്വീകരിച്ചു. തന്നെ അപമാനിച്ചെന്ന് സംസ്ഥാനം അംഗീകരിച്ച ഒരു അഭിനേത്രി പരാതിപ്പെട്ടപ്പോള്‍ സിനിമാ ബന്ധുക്കളെ ഒത്തുതീര്‍പ്പിന് അയക്കുകയായിരുന്നു മുഖ്യമന്ത്രി. ഗണേശ്കുമാറിന്റെ ഉറ്റ ചങ്ങാതിമാരും സാംസ്കാരികപ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡിന്റെ ചെയര്‍മാനും നിര്‍മാതാവുമായ ജി സുരേഷ്കുമാര്‍, ചലച്ചിത്രവികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സാബു ചെറിയാന്‍ തുടങ്ങിയവര്‍ ശനിയാഴ്ച കലൂരിലെ ശ്വേതയുടെ ഫ്ളാറ്റിലെത്തി. ആരോപണവിധേയനായ എംപി പീതാംബരക്കുറുപ്പിന് രഹസ്യമായി മാപ്പുപറയാന്‍ അവസരം നല്‍കി പ്രശ്നം ഒത്തുതീര്‍പ്പാക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ശ്വേത നിലപാടില്‍ ഉറച്ചുനിന്നതോടെ സംഘം നിരാശരായി മടങ്ങി.

യാമിനി ഭര്‍തൃപീഡനത്തിനെതിരെ പരാതിപ്പെട്ടപ്പോള്‍ ഗണേശിനെ സംരക്ഷിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. കോടതിയെ സമീപിച്ചാണ് യാമിനി നീതി ഉറപ്പാക്കിയത്. ബിജു രാധാകൃഷ്ണന്‍-സരിത പ്രശ്നത്തിലും മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമായിരുന്നു. എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ബിജുവുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതേ നിലപാടാണ് ശ്വേത ഉന്നയിച്ച പ്രശ്നത്തിലും മുഖ്യമന്ത്രി സ്വീകരിക്കുന്നത്. കൊല്ലം ഡിസിസി പ്രസിഡന്റിനെ ഇതിനായി ഉപയോഗിച്ചു. ഒരുഭാഗത്ത് പീതാംബരക്കുറുപ്പിനെക്കൊണ്ട് പരസ്യമായി മാപ്പുപറയിച്ചു. മറുഭാഗത്ത് ഡിസിസി നേതൃത്വം ശ്വേതയ്ക്കെതിരെ ഭീഷണി മുഴക്കി. സമൂഹമാകെ അംഗീകരിച്ച ഒരു സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ ആക്ഷേപമുന്നയിച്ചു.

പീതാംബരക്കുറുപ്പിനെ രക്ഷിക്കാന്‍ കലക്ടര്‍ ഉരുണ്ടുകളിച്ചു

കൊല്ലം: നടി ശ്വേതാമേനോനെ അപമാനിച്ച സംഭവത്തില്‍ കൊല്ലം കലക്ടര്‍ ബി മോഹനന്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധം ശക്തം. കേരളപ്പിറവിദിനത്തില്‍ അഷ്ടമുടിക്കായലില്‍ നടന്ന മൂന്നാമത് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിക്കിടയിലാണ് ശ്വേത അപമാനിതയായത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ശ്വേതാമേനോന് സംരക്ഷണം ഒരുക്കുന്നതില്‍ ജില്ലാ ഭരണകേന്ദ്രവും പൊലീസും പരാജയപ്പെട്ടതാണ് പൊതുവേദിയില്‍ ശ്വേതയെപ്പോലൊരാള്‍ അപമാനിക്കപ്പെടാന്‍ കാരണമായത്. പരിപാടിക്കിടെ ശ്വേത ജനക്കൂട്ടത്തിനിടയില്‍പ്പെട്ടിട്ടും സംരക്ഷണം നല്‍കാന്‍ പൊലീസ് എത്തിയില്ല. കോണ്‍ഗ്രസ്- യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും എന്‍ പീതാംബരക്കുറുപ്പ് എംപിക്കും ഇടയില്‍ കുടുങ്ങിപ്പോയ നടി ആദ്യാവസാനം അപമാനിക്കപ്പെട്ടു എന്ന് ഇതിനകം പുറത്തുവന്ന ചാനല്‍ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. പരിപാടിയില്‍ പങ്കെടുക്കുന്ന വിശിഷ്ടാതിഥികള്‍ക്കു മതിയായ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് ജില്ലാ ഭരണാധികാരികളുടെ ചുമതലയാണ്. സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അക്കാര്യം മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും അറിയിച്ച് ആവശ്യമായ നടപടികളെടുക്കാനും കലക്ടര്‍ തയ്യാറായില്ല. സംഭവം പൊലീസിനു റിപ്പോര്‍ട്ടു ചെയ്യുന്നതിനോ പ്രാഥമികമായ നിയമനടപടി സ്വീകരിക്കുന്നതിനോ കലക്ടര്‍ ശുഷ്കാന്തി കാട്ടിയില്ലെന്നതും ഗൗരവതരമാണ്.

സംഭവത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നല്‍കിയ പരാതിയിലാണ് കൊല്ലം പൊലീസ് കൊച്ചിയില്‍ പോയി ശ്വേതയുടെ മൊഴി എടുത്തത്. സംഭവം വിവാദമായതുമുതല്‍ കലക്ടര്‍ എടുത്തത് ഏകപക്ഷീയമായ നിലപാടാണ്. സംഭവത്തെപ്പറ്റി ശ്വേത കലക്ടറോടും ആര്‍ഡിഒയോടും അപ്പോള്‍ത്തന്നെ പരാതിപ്പെട്ടിരുന്നു. ഇതൊന്നും സാരമാക്കേണ്ട എന്നായിരുന്നു കലക്ടറുടെ മറുപടി എന്നു നടി പിന്നീട് വെളിപ്പെടുത്തി. പീതാംബരക്കുറുപ്പിന്റെ മൊബൈല്‍ ഫോണില്‍നിന്നാണ് കലക്ടര്‍ വിളിച്ചതെന്നു ശ്വേത വെളിപ്പെടുത്തി. ആരോപണവിധേയനായ വ്യക്തിയുടെ ഫോണ്‍ ഉപയോഗിച്ച് സംസാരിച്ച കലക്ടര്‍ ആര്‍ക്കുവേണ്ടിയാണ് നിലകൊണ്ടതെന്നു വ്യക്തം. രാജ്യത്തെ പ്രഥമ വനിതാ രാഷ്ട്രപതി പ്രതിഭാപാട്ടീലാണ് 2011 നവംബര്‍ ഒന്നിന് ആദ്യ പ്രസിഡന്റ്സ് ട്രോഫി വള്ളംകളി മത്സരം ഉദ്ഘാടനംചെയ്തത്. രാഷ്ട്രപതി മുഖ്യാതിഥിയായി എത്തിയെന്നതിനാലാണ് ഈ വള്ളംകളിക്ക് പ്രസിഡന്റ്സ് ട്രോഫി എന്നു പേരിട്ടത്

deshabhimani

No comments:

Post a Comment